Site icon Ente Koratty

പുത്തൂർ സുവോളജിക്കൽ പാർക്ക് ഒന്നാംഘട്ടം യാഥാർത്ഥ്യമായി

മൂന്നു പതിറ്റാണ്ടിൻ്റെ കാത്തിരിപ്പിന് വി രാമമിട്ട് പുത്തൂരിൽ ആധുനിക സുവോളജിക്കൽ പാർക്ക് യാഥാർത്ഥ്യമായി. ഇതിൻ്റെ
ഒന്നാംഘട്ട ഉദ്ഘാടനം ഓൺലൈനിലൂടെ വനം വകുപ്പു മന്ത്രി അഡ്വ. കെ രാജു നിർവഹിച്ചു. ഒന്നാം ഘട്ടത്തിലെ എല്ലാ നിർമാണവും പൂർത്തിയാക്കിയാണ് പുത്തൂർ സുവോജിക്കൽ തുറന്നു കൊടുക്കുന്നതെന്ന് മന്ത്രി കെ രാജു പറഞ്ഞു. ഈ മാസം അവസാനത്തോടെ വന്യ ജീവികളെ പാർക്കിലെത്തിക്കും. രണ്ടും മൂന്നും ഘട്ട നിർമാണ പ്രവർത്തനങ്ങൾ 60 ശതമാനം പിന്നിട്ടു കഴിഞ്ഞു. ഉടനെ പണികൾ പൂർത്തിയാക്കി സമ്പൂർണ സുവോളജിക്കൽ പാർക്ക് എന്ന ലക്ഷ്യം പൂർത്തിയാക്കും. ഏഷ്യയിലെ ഏറ്റവും മികച്ച പാർക്കായി പുത്തൂർ മൃഗശാലയെ മാറ്റുമെന്നും മന്ത്രി കെ രാജു കൂട്ടിച്ചേർത്തു.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ അധ്യക്ഷത വഹിച്ചു. അസാധ്യമായ കാര്യങ്ങൾ സാധ്യമായ തരത്തിൽ സംസ്ഥാനത്ത് നടപ്പാക്കിയെന്നും വിമർശനങ്ങളെ ഭയക്കാതെ വിമർശനങ്ങളെ സ്വീകരിക്കുമെന്നും മന്ത്രി എ സി മൊയ്തീൻ പറഞ്ഞു.ധനമന്ത്രി തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തി.

പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, കൃഷിവകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ എന്നിവർ മുഖ്യാതിഥികളായി. ഗവ.ചീഫ് വിപ് അഡ്വ. കെ രാജൻ, എം എൽ എമാരായ ഗീതാ ഗോപി, ഇ ടി ടൈസൺ, അഡ്വ. വി ആർ സുനിൽകുമാർ, മേയർ എം കെ വർഗീസ്, വനം വകുപ്പ് സെക്രട്ടറി രാജേഷ് കുമാർ സിൻഹ, മേധാവി പി കെ കേശവൻ, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ വർഗീസ് കണ്ടംകുളത്തി, ജില്ലാ പഞ്ചായത്തംഗം പി എസ് വിനയൻ, തൃശൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ കെ എസ് ദീപ, പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, മറ്റ് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ഒന്നാംഘട്ട നിർമ്മാണത്തിൽ പൂർത്തിയാക്കിയ മൃഗങ്ങൾക്കുള്ള നാല് വാസസ്ഥലങ്ങൾ, പാർക്ക് ഹെഡ് ഓഫീസ്, ആശുപത്രി സമുച്ചയം എന്നിവ പൂർത്തിയാക്കി. മൂന്നാംഘട്ടത്തിൽപെടുന്ന ചുറ്റുമതിൽ, ജലവിതരണം എന്നിവ പൂർത്തീകരണ ഘട്ടത്തിലാണ്. 136.85 ഹെക്ടർ വരുന്ന വനഭൂമിയിൽ വന്യജീവികൾക്ക് 23 വാസസ്ഥലങ്ങളുണ്ട്. പാർക്കിങ് സൗകര്യം, സന്ദർശകർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ, മൃഗങ്ങൾക്കുള്ള ആശുപത്രികൾ എന്നിവ ഉൾപ്പെടുന്നതാണ് പുത്തൂരിലെ സുവോളജിക്കൽ പാർക്ക്.

വിഖ്യാത ഓസ്ട്രേലിയൻ സൂ വിദഗ്ധൻ ജോൺ കോയാണ് പാർക്ക് രൂപകല്പന ചെയ്തത്. സൈലൻ്റ് വാലി, ഇരവിപുരം,
സുളു ലാൻ്റ്, കൻഹ തുടങ്ങിയ പേരിൽ മൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ രൂപപ്പെടുത്തിയാണ് പാർക്ക് സജ്ജീകരിക്കുന്നത്.269.75 കോടി കിഫ്ബി ഫണ്ടും 40 കോടി പ്ലാൻ ഫണ്ടും അടക്കം 360 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് മൂന്നു ഘട്ടങ്ങളിലായി നടത്തുന്നത്.

Exit mobile version