Site icon Ente Koratty

തൃശൂർ മണ്ഡലത്തിൽ വികസന തിളക്കം

ഗവ. ആശുപത്രികളിൽ 235 കോടിയുടെ വികസനം; 45 കോടിയുടെ പദ്ധതികൾ 6 ന് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

തൃശൂർ നിയോജക മണ്ഡലത്തിലെ വിവിധ സർക്കാർ ആശുപത്രികളിൽ 235 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി തൃശൂർ നഗരത്തിലെ പ്രധാന സർക്കാർ ആശുപത്രികളായ ജില്ലാ ജനറൽ ആശുപത്രി, മാനസികാരോഗ്യകേന്ദ്രം, രാമവർമ ഗവ. ആയുർവേദ ആശുപത്രി എന്നിവയിൽ പൂർത്തിയായതും ആരംഭിക്കുന്നതുമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഫെബ്രു. 6 ന് വൈകീട്ട് 3 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ നിർവഹിക്കും.

തൃശൂർ ജില്ലാ ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സയ്ക്ക് ആധുനിക സൗകര്യങ്ങളോടെ കാത്ത് ലാബ്, മാനസികാരോഗ്യ കേന്ദ്രത്തിൽ പബ്ലിക് ഹെൽത്ത് ലാബ് ഉൾപ്പെടെയുള്ള വിവിധ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുക.

ജില്ലാ ജനറൽ ആശുപത്രിയിൽ കാത്ത്ലാബ്
ജില്ലാ ജനറൽ ആശുപത്രിയിൽ കിഫ്‌ബിയിൽ നിന്ന് 8 കോടി രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ കാത്ത്‌ലാബ് ഫെബ്രു. 6 ന് നാടിന് സമർപ്പിക്കും. ഇതോടെ ജില്ലയിൽ ഗവ. മെഡിക്കൽ കോളേജിന് പുറമേ, കാത്ത്‌ ലാബ് സംവിധാനമുള്ള രണ്ടാമത്തെ സർക്കാർ ആശുപത്രിയായി ജില്ലാ ജനറൽ ആശുപത്രി മാറും. ആധുനിക സംവിധാനങ്ങളോടെ കാത്ത്ലാബ് പ്രവർത്തന സജ്ജമാകുന്നതോടെ ജില്ലയിലെയും സമീപ ജില്ലകളിലെയും പാവപ്പെട്ട രോഗികൾക്ക് ഹൃദയശസ്ത്രക്രിയ ഉൾപ്പെടെയുള്ള ഹൃദ്രോഗ ചികിത്സയ്ക്ക് സൗകര്യം ലഭിക്കും.

സാമ്പത്തിക പരാധീനതകൾ മൂലം ഹൃദ്രോഗത്തിന് വിദഗ്ധ ചികിത്സ ലഭിക്കാത്ത സ്ഥിതിവിശേഷവും ഇല്ലാതാകും. നിർധന രോഗികൾക്ക് വലിയ ആശ്വാസകരമാവുകയും ചെയ്യും.

ഇതിനുപുറമേ സ്ത്രീകളുടെയും കുട്ടികളുടെയും വാർഡ് നിർമിക്കുന്നതിന് ഒന്നാംഘട്ടത്തിൽ 7.25 കോടി രൂപ അനുവദിക്കുകയും നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു. രണ്ടാംഘട്ട നിർമാണത്തിന് 9 .25 കോടി രൂപ അനുവദിച്ച്‌ നിർമാണ പ്രവൃത്തികൾ ആരംഭിച്ചു. കാഷ്വാലിറ്റിയുടെ നവീകരണത്തിനായി 25 ലക്ഷം രൂപ എം എൽ എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിക്കുകയും നവീകരണ പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ജില്ലാ ജനറൽ ആശുപത്രിയുടെ സമഗ്രവികസനത്തിന് സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി ഹൈറ്റ്സ് എന്ന കൺസൾട്ടൻസിയെ നിയമിച്ച് വിശദമായ പ്രോജക്ട് തയ്യാറാക്കി. 86 കോടി രൂപയുടെ പ്രൊജക്റ്റ് കിഫ്‌ബിയിൽ സമർപ്പിക്കാനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. ഈ പദ്ധതികൾ കൂടി അംഗീകരിച്ച പ്രവർത്തനങ്ങൾ ആരംഭിക്കുന്നതോടെ ജില്ലാ ജനറൽ ആശുപത്രി ആരോഗ്യ രംഗത്ത് മികവിന് കേന്ദ്രമായി മാറും.

തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ പബ്ലിക് ഹെൽത്ത് ലാബ്
മധ്യ കേരളത്തിലെ പ്രധാനപ്പെട്ട മാനസികാരോഗ്യ ആശുപത്രിയായ പടിഞ്ഞാറേ കോട്ടയിലെ മാനസികാരോഗ്യകേന്ദ്രത്തെ കേരളത്തിലെ ഏറ്റവും മികച്ച മാനസികാരോഗ്യ ആശുപത്രിയായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ കിഫ്ബി മുഖാന്തരം 98.37 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് തുടങ്ങുന്നത്. ചികിത്സ രംഗത്തെ അത്യാധുനിക സൗകര്യങ്ങൾ പദ്ധതി പൂർത്തിയാകുന്നതോടെ ഇവിടെ ലഭ്യമാകും. പൊതുജനങ്ങൾക്ക് ഏറെ സഹായകമായ സെൻട്രൽ പബ്ലിക് ഹെൽത്ത് ലാബിന്റെ നിർമാണത്തിനായി 2 കോടി രൂപ അനുവദിക്കുകയും നിർമാണം ആരംഭിക്കുകയും ചെയ്തു. നബാർഡിൽ നിന്ന് ഒന്നാംഘട്ടത്തിൽ അനുവദിച്ച 4 കോടി രൂപ വിനിയോഗിച്ച്‌ മോഡേൺ സൈക്യാട്രിക്ക് വാർഡിന്റെ നിർമാണം പൂർത്തീകരിച്ചു. രണ്ടാംഘട്ടത്തിന് 5 കോടി രൂപ അനുവദിക്കുകയും നിർമാണം ആരംഭിക്കുകയും ചെയ്തു. 1.26 കോടി രൂപ ഉപയോഗിച്ച്‌ ഫീമെയിൽ ഫോറൻസിക് വാർഡ്, 1.26 കോടി രൂപ വിനിയോഗിച്ച് ഡയറ്ററി യൂണിറ്റ് എന്നിവയും പൂർത്തിയാക്കി. ഇവയും 6 ന് ഉദ്ഘാടനം ചെയ്യുന്നുണ്ട്.

മാനസികാരോഗ്യ കേന്ദ്രത്തിന്റെ അകത്തെ റോഡുകൾ നിർമിക്കുന്നതിന് എം എൽ എ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചതോടെ‌ നിർമാണ പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്. സ്റ്റീമർ സ്ഥാപിക്കുന്നതിന് 2.71 ലക്ഷം രൂപ എംഎൽഎ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ചു. ഫാർമസി നവീകരിക്കുന്നതിന് 4.5 ലക്ഷം രൂപയും ഇമേജ് റൂമിനായി 1.90 ലക്ഷം രൂപയും അനുവദിച്ചു.

2.15 കോടി രൂപ ചെലവഴിച്ച് പുതിയ ചുറ്റുമതിൽ ഉടൻ നിർമിക്കും. മാനസികാരോഗ്യ കേന്ദ്രത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് കൊണ്ട് കിഫ്‌ബി വഴി 98.37 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് തുടങ്ങുന്നത്. സമഗ്ര വികസന പദ്ധതിയുടെ വിശദീകരണവും ഉദ്ഘാടന ചടങ്ങിൽ നടക്കും.

രാമവർമ ഗവ. ആയുർവേദ ആശുപത്രിയിൽ സ്പോർട്സ് മെഡിസിൻ വിഭാഗത്തിന് പുതിയ കെട്ടിടം, റെറ്റിന ക്ലിനിക്ക് യൂണിറ്റ് ക്ഷാരസൂത്ര സർജറി യൂണിറ്റ്.

ആയുർവേദ സ്പോർട്സ് മെഡിസിൻ വിഭാഗത്തിൻറെ കെട്ടിടനിർമ്മാണത്തിന് 8 കോടി രൂപ അനുവദിക്കുകയും നിർമാണം പൂർത്തീകരിക്കുകയും ചെയ്തു. ഈ വിഭാഗത്തിലേക്ക് 28 തസ്തികകൾ അനുവദിച്ചു. പഴയ ഒ പി ബ്ലോക്കിൽ ഫയർ ഫൈറ്റിങ് സിസ്റ്റം സ്ഥാപിക്കുന്നതിന് 24 ലക്ഷം രൂപയും സമന്വയ സ്പെഷാലിറ്റി ബ്ലോക്കിൽ ഒ പി ഓഫീസ് റൂം, പേയിങ് വാർഡ് എന്നിവ നിർമിക്കുന്നതിന് 3 കോടി രൂപയും അനുവദിച്ചു. ചുറ്റുമതിൽ നിർമാണത്തിന് 10 ലക്ഷം രൂപയും പഴയ ഒ പി ബ്ലോക്ക് പുതുക്കി പണിയുന്നതിനു 37 ലക്ഷം രൂപയും ചെലവഴിച്ച് നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. റെറ്റിന ക്ലിനിക് യൂണിറ്റും ക്ഷാര സൂത്ര സർജറി യൂണിറ്റും സ്ഥാപിക്കുന്നതിന് എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 56 ലക്ഷം രൂപയുടെ ഉപകരണങ്ങൾ നൽകി. ഇതിന്റെ ഉദ്ഘാടനവും 6 ന് നടക്കും.

ഗവ. ഹോമിയോ ആശുപത്രിയിൽ 5.87 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനം
പാവപ്പെട്ട രോഗികളുടെ ആശ്രയ കേന്ദ്രമായ ജില്ലാ ഗവ. ഹോമിയോ ആശുപത്രിയുടെ അടിസ്ഥാനസൗകര്യ വികസന ലക്ഷ്യമിട്ടുകൊണ്ട് 5.87 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ആശുപത്രി കെട്ടിടത്തിന്റെ രണ്ടാം നില നിർമിക്കുന്നതിന് ആസ്തി വികസന ഫണ്ടിൽ നിന്നും 1.30 കോടി രൂപയും മൂന്ന്, നാല് നിലകൾ നിർമിക്കുന്നതിനും വൈദ്യുതികരണത്തിനും ചുറ്റുമതിൽ നിർമിക്കുന്നതിനും ടൈൽ വിരിക്കുന്നതിനുമായി 4.57 കോടിയും അനുവദിച്ചിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങളെല്ലാം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സ്ഥലം എം എൽ എ കൂടിയായ കൃഷിവകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ അറിയിച്ചു.

Exit mobile version