Site icon Ente Koratty

കര്‍ഷക വിരുദ്ധനിയമങ്ങള്‍ പിന്‍വലിക്കണം : മന്ത്രി വി.എസ് സുനില്‍കുമാര്‍

ലക്ഷക്കണക്കിനു വരുന്ന കര്‍ഷകരുടെ അതിജീവനത്തിനുള്ള പോരാട്ടമാണ് രാജ്യ തലസ്ഥാനത്ത് നടന്നു വരുന്നതെന്നും കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകണമെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍.

തേക്കിന്‍ക്കാട് മൈതാനിയില്‍ ന 72 -ാമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നമ്മെ അന്നമൂട്ടുന്നവര്‍ ട്രാക്ടറുകറുകളും ടില്ലറുകളുമായി തലസ്ഥാന അതിര്‍ത്തികളില്‍ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരം ലോകം കണ്ട ഏറ്റവും വലിയ ഐതിഹാസിക പോരാട്ടമായി മാറിക്കഴിഞ്ഞു. കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകിട്ടാന്‍ അവര്‍ക്ക് തെരുവിലിറങ്ങേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണ്. കര്‍ഷകര്‍ക്കെതിരെയുള്ള ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്കും പരിഹാരമുണ്ടാക്കേണ്ടതുണ്ട്. ജനാധ്യപത്യ രാജ്യമെന്ന നിലയില്‍ ഈ തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണ് നമ്മള്‍. കോവിഡില്‍ ലോകജനത ഏറെ പ്രയാസമനുഭവിച്ച വര്‍ഷമാണ് കഴിഞ്ഞു പോയത്. പ്രതീക്ഷയുടെ പുതിയ വര്‍ഷമാണ് മുന്നിലുള്ളത്. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളിലൂടെ സൗജന്യ കോവിഡ് ചികിത്സയും അനുബന്ധ സൗകര്യങ്ങളും ഒരുക്കി കോവിഡിനെതിരെ പ്രതിരോധം കെട്ടിപ്പടുത്തു. സര്‍വ്വ സന്നാഹമൊരുക്കി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കു ന്ന ആരോഗ്യ പ്രവര്‍ത്തകര്‍, ശൂചീകരണ തൊഴിലാളികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, ജില്ലാഭരണകൂടത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങി ആരോഗ്യ സംവിധാനത്തിന്റെ ഭാഗമായ മുഴുവന്‍ പേരെയും ഈ ദിനത്തില്‍ ഓര്‍ക്കുന്നു, കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ഓര്‍കള്‍ക്ക് മുന്നില്‍ ആദരാഞ്‌ലികള്‍ അര്‍പ്പിക്കുന്നു, അതിജീവനത്തിന്റെ പാതയില്‍ സഞ്ചരിക്കുമ്പോഴും നാം സ്വീകരിച്ചു വരുന്ന മുന്‍കരുതലുകളും ജാഗ്രതയും തുടരണമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തില്‍ ഇക്കുറി വിപുലമായ പരേഡ് ഉണ്ടായിരുന്നില്ല. ജില്ലാ സാധുധസേന, പുരുഷ പോലീസ്, വനിതാ പോലീസ്, എക്‌സൈസ് എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി അണിനിരന്ന പരേഡിനെ മന്ത്രി പ്രത്യേക വാഹനത്തില്‍ അഭിസംബോധന ചെയ്തു. ജില്ലാ കലക്ടര്‍ എസ് ഷാനവാസ്, ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്, സിറ്റി പോലീസ് കമ്മീഷ്ണര്‍ ആര്‍. ആദിത്യ എന്നിവരും പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. പരേഡിനെ ജില്ലാ സാധുധ സേന റിസര്‍വ്വ് ഇന്‍സ്‌പെകടര്‍ കെ. വിനോദ് കുമാര്‍ നയിച്ചു.

ചടങ്ങില്‍ ചിമ്മിനി അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിട്ടപ്പോള്‍ ഒഴുക്കില്‍പെട്ട മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തിയ ചെങ്ങാല്ലൂര്‍ സ്വദേശി കമല്‍ദേവ്, അകതിയൂര്‍ ക്ഷേത്രക്കുളത്തില്‍ അകപ്പെട്ട രണ്ട് വനിതകളെ രക്ഷപ്പെടുത്തിയ സരിത മണികണ്ഠന്‍ എന്നിവരെ ജീവന്‍ രക്ഷാപതക്ക് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.കേരള ചീഫ് വിപ്പ് അഡ്വ. കെ രാജന്‍, ഉദ്യോഗസ്ഥര്‍ സാംസ്‌കാരിക,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Exit mobile version