2021 പുതുവർഷാഘോഷം ജില്ലയിൽ കൂടുതൽ കോവിഡ് കരുതലോടെ മാത്രമേ പാടുള്ളു എന്ന കർശന നിയന്ത്രണവുമായി ആരോഗ്യ വകുപ്പ്. മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്ന സാഹചര്യത്തിൽ നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. ആഘോഷ പരിപാടികളടക്കമുള്ള കാര്യങ്ങളിൽ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള സമൂഹിക അകലം പാലിക്കാൻ എല്ലാവരും ശ്രദ്ധ പുലർത്തണം. സാനിറ്റൈസേഷൻ നിർബന്ധമായും പാലിക്കുക. പൊതു പരിപാടികളിലും മറ്റ് ചടങ്ങുകളിലും 50 പേർക്ക് പങ്കെടുക്കാം എന്നിരിക്കെ ആരോഗ്യ വകുപ്പും അധികൃതരും നൽകുന്ന നിബന്ധനകൾ കർശനമായും പാലിക്കേണ്ടതാണ്.
കോവിഡ് വാക്സിൻ ലഭ്യമാകും എന്ന അമിത വിശ്വാസത്തിൽ നിലവിലുള്ള നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ടുള്ള പുതുവർഷ ആഘോഷ പരിപാടികൾക്ക് ആരും പോകരുതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെ ജെ റീന പറഞ്ഞു. മാസ്ക്, സാമൂഹിക അകലം, സാനിറ്റൈസഷൻ എന്നീ മൂന്നു കാര്യങ്ങൾ നിർബന്ധമായും എല്ലാവരും പാലിക്കണം. അല്ലാത്ത പക്ഷം നിലവിലെ സ്ഥിതിയിൽ നിന്നും വ്യത്യസ്തമായി കോവിഡ് വ്യാപനത്തിന്റെ തോത് ജില്ലയിൽ നിയന്ത്രണാതീതമാകുമെന്നും ഡി എം ഒ അറിയിച്ചു.