തൃശൂർ – പൈതൃകത്തനിമയിൽ പുതുമോടിയോടെ രാമനിലയം. സംസ്ഥാന ചരിത്രത്തിൽ അവിസ്മരണീയമായ സംഭവങ്ങൾക്കും പ്രമുഖരുടെ കൂടിക്കാഴ്ച്ചകൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ള രാമനിലയത്തിന്റെ 120 വർഷം പഴക്കമുള്ള പൈതൃക ബ്ലോക്കാണ് പഴമയുടെ പ്രൗഢി ചോരാതെ നവീകരണത്തിന്റെ ആദ്യഘട്ടം പിന്നിട്ടിരിക്കുന്നത്.
ഈ പൈതൃക ബ്ലോക്ക് ജനുവരി ഒന്നിന് വൈകിട്ട് ആറിന് ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്ര൯ നാടിന് സമർപ്പിക്കും. മന്ത്രിമാരായ എ.സി. മൊയ്തീ൯, വി.എസ്. സുനിൽകുമാർ, ചീഫ് വിപ്പ് അഡ്വ. കെ. രാജ൯, ജില്ലാ കലക്ടർ എസ്. ഷാനവാസ് തുടങ്ങിയവർ പങ്കെടുക്കും.
കാലപ്പഴക്കവും അശാസ്ത്രീയമായ അറ്റകുറ്റപ്പണികളും മൂലം പൈതൃകമന്ദിരം നാശോന്മുഖമായ ഘട്ടത്തിലാണ് നവീകരണം സംബന്ധിച്ച ആലോചനകളുണ്ടായത്. തുടർന്ന് പൈതൃകത്തനിമ ചോരാതെ ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നവീകരിക്കാനുള്ള പദ്ധതിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി.
ആർക്കിടെക്റ്റ് എം എം വിനോദ് കുമാർ നൽകിയ സംരക്ഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നവീകരണ പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പ് രൂപം കൊടുത്തത് 3.45 കോടി രൂപ ചെലവിൽ കെട്ടിട നവീകരണവും 1.25 കോടി രൂപ ചെലവിൽ ലാ൯ഡ് സ്കേപ്പിംഗും ലൈറ്റിംഗും ഉൾപ്പെടുന്ന പരിസര നവീകരണവുമാണ് പദ്ധതി.
ഇതിന്റെ ആദ്യഘട്ടമാണ് ഇപ്പോൾ പൂർത്തീകരിച്ചിരിക്കുന്നത്. കരിങ്കല്ലും ചെങ്കല്ലും കുമ്മായവും കൊണ്ട് നിർമിച്ച മന്ദിരത്തിന്റെ നവീകരണത്തിലും കുമ്മായം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. തേക്കിലും ഈട്ടിയിലുമുള്ള മുഖപ്പുകളും അലങ്കാരപ്പണികളും കേടുപാടുകൾ തീർത്ത് മിനുക്കി മനോഹരമാക്കി. തറയോടുകൾ, മരം കൊണ്ടുള്ള ഫ്ളോറിംഗ്, ഭിത്തികവചങ്ങൾ എന്നിവയും തനിമയിൽ പുനഃസ്ഥാപിച്ചു.
കസേരകൾ, മേശകൾ തുടങ്ങിയ മര ഉരുപ്പടികളും നവീകരണത്തിന്റെ ഭാഗമായി തിളക്കം വീണ്ടെടുത്തു. അത്യാധുനികമായ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് സംവിധാനങ്ങളും ഉപകരണങ്ങളും പൈതൃക ബ്ളോക്കിന് നല്കുന്നത് പഞ്ചനക്ഷത്ര നിലവാരത്തിലുള്ള അനുഭവമാണ്. കുളിമുറികളും അത്യാധുനികമായാണ് നവീകരിച്ചിരിക്കുന്നത്.
നാല് ആഡംബര സ്യൂട്ട് മുറികളോടു കൂടിയ പൈതൃക ബ്ളോക്കിന് 14500 ചതുരശ്ര അടിയാണ് വിസ്തീർണം. നീള൯ വരാന്ത അരികു ചാർത്തുന്ന കെട്ടിടത്തിലെ രണ്ട് കോൺഫറ൯സ് ഹാളുകൾ നവീകരണത്തിൽ നിലനിർത്തിയിട്ടുണ്ട്. മുറികളിലൊന്ന് വിവിഐപികൾക്കുള്ള പ്രസിഡ൯ഷ്യൽ സ്യൂട്ടായാണ് വിഭാവനം ചെയ്തിരിക്കുന്നത്.
നിലവിലെ പൈതൃക ബ്ളോക്ക് ഈ രീതിയിൽ സ്ഥാപിക്കപ്പെട്ടത് 120 വർഷം മുമ്പാണെങ്കിലും ശക്ത൯ തമ്പുരാ൯ കൊട്ടാരത്തിന്റെ ഔട്ട്ഹൗസ് അണിപറമ്പ് എന്നറിയപ്പെട്ടിരുന്ന ഇവിടെ ഉണ്ടായിരുന്നതായാണ് അനുമാനം. പിന്നീട് ദിവാ൯ ബംഗ്ളാവായും ബ്രിട്ടീഷ് റസിഡന്റിന്റെ വാസസ്ഥാനമായ ട്രിച്ചൂർ റസിഡ൯സിയായും രണ്ടാം ലോക മഹായുദ്ധക്കാലത്ത് മിലിട്ടറി ഓഫീസായുമൊക്കെ രൂപാന്തരങ്ങളുണ്ടായി.
കൊച്ചി മഹാരാജാവ് രാമവർമ്മയുടെ സ്മരണകളിലേക്ക് നയിക്കുന്നതാണ് രാമനിലയം എന്ന നാമകരണം. രാമവർമ്മ കൊച്ചി മഹാരാജാവും രാജഗോപാലാചാരി ദിവാനുമായിരിക്കെയാണ് അണിപറമ്പിലെ കെട്ടിട സമുച്ചയം ഈ മാതൃകയിൽ സ്ഥാപിതമായത്. എറണാകുളത്തും ഇക്കാലയളവിൽ റസിഡ൯സി ബംഗ്ലാവും പബ്ലിക്ക് ഓഫീസുകളും നവീകരിക്കപ്പെട്ടതായി ചരിത്രം രേഖപ്പെടുത്തുന്നു.
തൃപ്പൂണിത്തുറ കൊട്ടാരം, ഹജൂർ കച്ചേരി, മഹാരാജാസ് കോളേജ് ഇവയെല്ലാം ഇക്കാലയളവിലാണ് ഇന്നത്തെ രൂപം കൈക്കൊണ്ടത്. റസിഡ൯സി എന്ന നിലയിൽ ഈ മന്ദിരത്തിൽ ആദ്യം താമസിച്ച ബ്രിട്ടീഷ് റസിഡന്റ് ഗോർഡ൯ തോമസ് മക്കി൯സി ആയിരുന്നെന്ന് കൊച്ചി രാജ്യവുമായി ബന്ധപ്പെട്ട ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. അടുത്ത റസിഡന്റായിരുന്ന സർ ആ൯ഡ്രൂവും തൃശൂർ വാസം ചെലവിട്ടത് ഈ റസിഡ൯സി മന്ദിരത്തിലാണ്.
എ൯ പട്ടാഭിരാമറാവു ആയിരുന്നു അക്കാലത്തെ ദിവാ൯. പക്ഷെ ഇതിനു ശേഷം റസിഡന്റുമാർ ഇവിടെ താമസിച്ചിട്ടില്ല. ദിവാ൯ എ.ആർ ബാനർജിയായിരുന്നു അടുത്ത താമസക്കാര൯. ബാനർജിയുടെ ദിവാ൯ കാലത്താണ് റസിഡ൯സി രാമനിലയം പാലസായി നാമകരണം ചെയ്യപ്പെട്ടത്. തൃശൂരിന് നിരവധി സംഭാവനകൾ നൽകിയ ബാനർജിയുടെ സാന്നിധ്യം 1914 വരെ ഇവിടെയുണ്ടായിരുന്നു.
ബാനർജിക്ക് ശേഷം ദിവാനായ ജോസഫ് ഡബ്ല്യു. ബോർ, തുടർന്ന് രാമനിലയം കൊട്ടാരത്തിലെ ആതിഥേയനായി. ബാനർജിയുടെ കാലഘട്ടത്തിൽ തൃശൂരിലെത്തിയ ഹെന്റി ബ്രൂസ് അദ്ദേഹത്തിന്റെ ലെറ്റേഴ്സ് ഫ്രം മലബാർ ആന്റ് ഓൺ ദ വേ എന്ന കുറിപ്പുകളുടെ സമാഹാരത്തിൽ രാമനിലയത്തെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. മലബാറിലും കൊച്ചിയിലുമെത്തിയ ശേഷം ആദ്യമായി താ൯ ഒരു പങ്ക(ഫാ൯)യ്ക്ക് കീഴിലുറങ്ങിയത് രാമനിലയത്തിലാണെന്ന് ബ്രൂസിന്റെ കുറിപ്പിലുണ്ട്.
കൊച്ചി രാജ്യത്തിന്റെ ഭരണനിർവഹണം എറണാകുളത്തേക്ക് സംക്രമിക്കുന്ന ഘട്ടമായിരുന്നെങ്കിലും തൃശൂരിന്റെ പ്രാധാന്യം ഏറെയായിരുന്നെന്നും ബ്രൂസ് രേഖപ്പെടുത്തുന്നു. തൃശൂർ ക്ളബ്ബായി മാറിയ ടെന്നിസ് ക്ളബ്ബിന് രാമവർമ്മ മഹാരാജാവിനെ രക്ഷാധികാരിയാക്കി ബാനർജി തുടക്കം കുറിച്ചത് രാമനിലയം വളപ്പിലെ കോർട്ടുകളിലാണ്. മിസിസ് ബാനർജി അടക്കം നാല് വനിതകൾ രാമനിലയം കോർട്ടിൽ ടെന്നിസ് കളിച്ചിരുന്നതായി രാമവർമ്മ അപ്പ൯ തമ്പുരാന്റെ ജീവചരിത്രത്തിൽ ഡോ. കെ.ടി. രാമവർമ്മ രേഖപ്പെടുത്തിയിട്ടുണ്ട്.
ദിവാ൯ പദമൊഴിഞ്ഞ് 30 വർഷത്തിന് ശേഷം തൃശൂരിലെത്തിയ ബാനർജി തന്റെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ ഏഴു വർഷമെന്നാണ് ദിവാനായിരിക്കെ തൃശൂരിൽ ചെലവിട്ട വർഷങ്ങളെ വിശേഷിപ്പിച്ചത്. രാമവർമ്മ മഹാരാജാവിന്റെ ആതിഥേയത്വം സ്വീകരിച്ച് 1923ൽ തൃശൂരിലെത്തിയ തിരുവിതാംകൂർ രാജകുടുംബം താമസിച്ചതും രാമനിലയം കൊട്ടാരത്തിലാണ്.
രണ്ടാം ലോകമഹായുദ്ധകാലത്ത് രാമനിലയം മിലിട്ടറി റിക്രൂട്ട്മെന്റ് ഓഫീസായും രാമനിലയം വളപ്പ് മിലിട്ടറി ബാരക്കുകളായും രൂപാന്തരപ്പെട്ടു. 1939-45 കാലഘട്ടത്തിൽ 1.7 ലക്ഷം പേരാണ് ഇവിടെ നിന്നും പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടത്. ഷണ്മുഖം ചെട്ടി ദിവാനായതിന് ശേഷമായിരുന്നു രാമനിലയത്തിന്റെ അടുത്ത ശാപമോക്ഷം. കെട്ടിടം വീണ്ടും നവീകരിക്കപ്പെട്ടു,
റസിഡ൯സിയുടെയും ദിവാ൯ ബംഗ്ലാവിന്റെയും പ്രൗഢി വീണ്ടെടുത്തു. 1957 ഫെബ്രുവരിയിൽ തൃശൂർ സന്ദർശിച്ച പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് സ്വാഗതമരുളിയത് രാമനിലയമാണ്. ഇ.എം. ശങ്കര൯ നമ്പൂതിരിപ്പാടും പട്ടം താണുപിള്ളയും മുതലുള്ള സംസ്ഥാന മുഖ്യമന്ത്രിമാരുടെ സാന്നിധ്യവും രാമനിലയത്തിന്റെ ഇന്നലെകൾക്ക് ഓർത്തെടുക്കാനുണ്ട്.
നിർവധി രാഷ്ട്ര നേതാക്കളും വിവിധ രംഗങ്ങളിലെ പ്രമുഖരും രാമനിലയത്തിന്റെ ആതിഥ്യം ആസ്വദിച്ചു. സംസ്ഥാന സർക്കാരിന്റെ അതിഥി മന്ദിരമായി മാറിയതോടെ നിരവധി സുപ്രധാന സംഭവങ്ങൾക്കും ചർച്ചകൾക്കും രാമനിലയം വേദിയായി. ഇതോടൊപ്പമാണ് രാമനിലയത്തിന്റെ വളപ്പിൽ പുതിയ കെട്ടിട സമുച്ചയം സ്ഥാനം പിടിച്ചത്. മൂന്ന് ബ്ളോക്കുകളിലുമായി 34 മുറികൾ നിലവിൽ ലഭ്യം.