Site icon Ente Koratty

സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്ക് 1900 ലിറ്റര്‍ സാനിറ്റൈസര്‍ ലഭ്യമാക്കി

ജില്ലയില്‍ എക്‌സൈസ് വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്ക് 1900 ലിറ്റര്‍ സാനിറ്റൈസര്‍ ലഭ്യമാക്കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ ജെ റീനയുടെ ശുപാര്‍ശ പ്രകാരം കഴിഞ്ഞ ഓണക്കാലത്ത് ജില്ലാ എക്‌സൈസ് വകുപ്പിന്റെ കീഴില്‍ നടന്ന സ്‌പെഷ്യല്‍ ഡ്രൈവില്‍ പിടിച്ചെടുത്ത 1500 ലിറ്റര്‍ സ്പിരിറ്റാണ് കോടതി നടപടികള്‍ക്ക് ശേഷം സാനിറ്റൈസറാക്കി ലഭ്യമാക്കിയത്.

സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നടന്ന എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട, തൃശൂര്‍ എക്സൈസ് റേഞ്ചില്‍ നിന്നും പിടിച്ചെടുത്ത 1500 ലിറ്റര്‍ സ്പിരിറ്റിനെ കുട്ടനെല്ലൂരുള്ള സ്വകാര്യ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ സാങ്കേതിക സഹായത്തോടെ 1900 ലിറ്റര്‍ സാനിറ്റൈസറാക്കിയാണ് ആശുപത്രികള്‍ക്ക് വിതരണം ചെയ്തതു.

എക്‌സൈസ് വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത സഹകരണത്തോടെ ജില്ലയിലെ ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, പ്രാഥമികാരോഗ്യകേന്ദ്രം, കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍, കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് സാനിറ്റൈസര്‍ എത്തിച്ചത്.

എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ കെ പ്രദീപ് കുമാര്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ എന്‍ സതീശ്, എക്‌സൈസ് വിമുക്തി കോര്‍ഡിനേറ്റര്‍ കെ കെ രാജു, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ പി കെ രാജു, റെജി ജിയോ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

Exit mobile version