Site icon Ente Koratty

തൃശൂരില്‍ ആധിപത്യം നിലനിര്‍ത്തി എല്‍ഡിഎഫ്; തൃശൂര്‍ കോര്‍പറേഷനില്‍ വിമത സ്ഥാനാര്‍ത്ഥിയുടെ നിലപാട് നിര്‍ണായകമാകും

തൃശൂരില്‍ ആധിപത്യം നിലനിര്‍ത്തി എല്‍ഡിഎഫ്. ജില്ലയില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ ബിജെപിക്കായില്ല. ഏറ്റവും കടുത്ത മത്സരം നടന്ന തൃശൂര്‍ കോര്‍പറേഷനില്‍ 24 സീറ്റുകള്‍ നേടി എല്‍ഡിഫ് ഒന്നാമതെത്തിയെങ്കിലും ഭരണം ആരു പിടിക്കുമെന്ന കാര്യത്തില്‍ സംശയമാണ്. നെട്ടിശ്ശേരി ഡിവിഷനില്‍ നിന്നും വിമതനായി വിജയിച്ച എം.കെ വര്‍ഗീസിന്റെ നിലപാട് നിര്‍ണായകമാകും. വിമതന്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. മുന്‍സിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് കോട്ടകളില്‍
വിള്ളല്‍ വീണു. ആറില്‍ നിന്നും അഞ്ചിലേക്ക് ചുരുങ്ങി. കടുത്ത മത്സരം നേരിട്ട വടക്കാഞ്ചേരി, കൊടുങ്ങല്ലൂര്‍ നഗരസഭകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കിയില്ലെങ്കിലും കൊടുങ്ങല്ലൂരിലും കുന്നംകുളത്തും ബിജെപി നില മെച്ചപ്പെടുത്തി.

കുന്നംകുളത്തും ഇരിങ്ങാലക്കുടയിലും യുഡിഎഫ് മുന്നേറ്റമുണ്ടാക്കിയെങ്കിലും പല ഇടങ്ങളിലും താഴേക്ക് പോയി. തൃശൂര്‍ കോര്‍പറേഷനില്‍ വിമതനെ കൂടെ കൂട്ടി ഭരണം പിടിക്കാനാണ് നീക്കം. ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് കൃത്യമായ ആധിപത്യം നിലനിര്‍ത്തി. ആകെ ഉള്ള 86 സീറ്റുകളില്‍ എല്‍ഡിഎഫ് 65, യുഡിഎഫ്- 19, എന്‍ഡിഎ – 1, മറ്റുള്ളവര്‍ – 1 എന്നിങ്ങനെയാണ് കക്ഷിനില. ജില്ലാപഞ്ചായത്ത് ഇത്തവണയും എല്‍ഡിഎഫിനൊപ്പം നിന്നു. 16 ബ്ലോക്ക് പഞ്ചായത്തുകളില്‍ 14 ഉം എല്‍ഡിഎഫ് നിലനിര്‍ത്തി.

Exit mobile version