ഡിസംബര്‍ 16ന് നടക്കുന്ന വോട്ടെണ്ണലിന് 24 കേന്ദ്രങ്ങളാണ് ജില്ലയില്‍ സജ്ജമാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം വോട്ടിംങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ തന്നെയാണ് വോട്ടെണ്ണല്‍ നടക്കുക. തൃശൂര്‍ കോര്‍പ്പറേഷന്റെ വോട്ടെണ്ണല്‍ നടക്കുന്നത് ചെമ്പൂക്കാവ് മഹാരാജാസ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ്.
ഇരിഞ്ഞാലക്കുട മുന്‍സിപ്പാലിറ്റിയുടേത് ഇരിഞ്ഞാലക്കുട മുന്‍സിപ്പല്‍ ഓഫീസിലും, കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയുടേത് ശ്രിംഗപുരം ഗവ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും, കുന്നംകുളത്തേത് മുന്‍സിപ്പല്‍ ടൗണ്‍ഹാളിലും, ഗുരുവായൂരിലേത് ഗുരുവായൂര്‍ ഇന്ദിരാ ഗാന്ധി ടൗണ്‍ ഹാളിലും, ചാവക്കാട് മുനിസിപ്പാലിറ്റിയുടെ എം ആര് രാമന് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും, ചാലക്കുടിയുടേത് ചാലക്കുടി ജൂബിലി മുനിസിപ്പല്‍ ഹാളിലും, വടക്കാഞ്ചേരിയുടേത് വടക്കാഞ്ചേരി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍വെച്ചും നടക്കും.
16 ബ്ലോക്ക് പഞ്ചായത്തുകളില്‍ ചാവക്കാട് ബ്ലോക്കിന് കീഴില്‍ വരുന്ന കടപ്പുറം, ഒരുമനയൂര്‍,പുന്നയൂര്‍, പുന്നയൂര്‍ക്കുളം, വടക്കേക്കാട് പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ ചാവക്കാട് ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വച്ച് നടക്കും. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന ചൂണ്ടല്‍, ചൊവ്വന്നൂര്‍, കടവല്ലൂര്‍, കടങ്ങോട്, വേലൂര്‍, കണ്ടാണശ്ശേരി, കാട്ടകാമ്പാല്‍, പോര്‍ക്കുളം എന്നീ പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നടക്കും. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ വടക്കാഞ്ചേരി ഗവ ഗേള്‍സ് ഹൈ സ്കൂളില്‍ നടക്കും. ദേശമംഗലം, എരുമപ്പെട്ടി,മുള്ളൂര്‍ക്കര, തെക്കുംകര,വരവൂര്‍ തുടങ്ങിയ പഞ്ചായത്തുകളുടെ വോട്ടുകളാണ് ഇവിടെ എണ്ണുക. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പഴയന്നൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. ചേലക്കര, വള്ളത്തോള്‍ നഗര്‍, കൊണ്ടാഴി, പാഞ്ഞാള്‍, പഴയന്നൂര്‍, തിരുവില്ലാമല എന്നീ പഞ്ചായത്തുകളാണ് ഈ ബ്ലോക്കിന് കീഴില്‍ വരുന്നത്. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലെ മാടക്കത്തറ,നടത്തറ, പാണഞ്ചേരി,പുത്തൂര്‍ ഗ്രാമ പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ കുട്ടനല്ലൂര്‍ ശ്രീ സി അച്യുതമേനോന് ഗവ കോളേജില്‍വെച്ചും നടക്കും.
പുഴയ്ക്കല്‍ ബ്ലോക്കിലെ അടാട്ട്, മുളങ്കുന്നത്തുകാവ്, അവണൂര്‍, കൈപ്പറമ്പ്, തോളൂര്‍ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ ശ്രീ ശാരദ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ വോട്ടുകള്‍ പാവറട്ടി സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് എണ്ണുക. എളവള്ളി,മുല്ലശ്ശേരി, പാവറട്ടി, വെങ്കിടങ്ങ് എന്നിവയാണ് ഗ്രാമപഞ്ചായത്തുകള്‍. തളിക്കുളം ഗ്രാമപഞ്ചായത്തിലെ വോട്ടുകള്‍ തളിക്കുളം ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് എണ്ണുക. ഏങ്ങണ്ടിയൂര്‍, വാടാനപ്പള്ളി, തളിക്കുളം, നാട്ടിക, വലപ്പാട് എന്നിവയാണ് ഇതിനു കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍.
മതിലകം ബ്ലോക്ക് പഞ്ചായത്തിലെ എടത്തിരുത്തി, കൈപ്പമംഗലം, മതിലകം, പെരിഞ്ഞനം, ശ്രീനാരായണപുരം, എടവിലങ്ങ്, എറിയാട് ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ മതിലകം സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് നടക്കുക.
അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിലെ വോട്ടെണ്ണല്‍ പെരിങ്ങോട്ടുകര ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആണ് നടക്കുക. അന്തിക്കാട്, താന്ന്യം, മണലൂര്‍,അരിമ്പൂര്‍ തുടങ്ങിയ പഞ്ചായത്തുകളാണ് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്നത്. ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണുന്നത് ചേര്‍പ്പ് ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ്. അവിണിശ്ശേരി, ചേര്‍പ്പ്, പാറളം, വല്ലച്ചിറ തുടങ്ങിയ പഞ്ചായത്തുകളിലെ വോട്ടുകളാണ് ഇവിടെയെണ്ണുന്നത്.
കൊടകര ബ്ലോക്ക് പഞ്ചായത്തിലെ അളഗപ്പനഗര്‍, കൊടകര, മറ്റത്തൂര്‍,നെന്മണിക്കര, പുതുക്കാട്,തൃക്കൂര് വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ അളഗപ്പനഗര്‍ ത്യാഗരാജര്‍ പോളിടെക്നിക് കോളേജില്‍ നടക്കും. ഇരിഞ്ഞാലക്കുട ബ്ലോക്കിലെ വോട്ടുകള്‍ കരുവന്നൂര്‍ സെന്റ് ജോസഫ്സ് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്കൂളില്‍ എണ്ണും. കാറളം, കാട്ടൂര്‍,മുരിയാട്, പറപ്പൂക്കര തുടങ്ങിയ ഗ്രാമപഞ്ചായത്തുകളാണ് ഈ ബ്ലോക്കിന് കീഴില്‍ വരുന്നത്.
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പടിയൂര്‍, പൂമംഗലം, പുത്തന്‍ചിറ, വെള്ളാങ്കല്ലൂര്‍, വേളൂക്കര എന്നീ പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ നടവരമ്പ് ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് നടക്കുക. മാള ബ്ലോക്ക് പഞ്ചായത്തിലെ മാള,ആളൂര്‍,അന്നമനട, കുഴൂര്‍, പൊയ്യ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണലിനു മാള സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളും, ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിലെ കാടുകുറ്റി,കൊരട്ടി, മേലൂര്‍, പരിയാരം, അതിരപ്പിള്ളി തുടങ്ങിയ ഗ്രാമപഞ്ചായത്തുകളുടെ വോട്ടുകള്‍ എണ്ണുന്നതിന് ചാലക്കുടി കാര്‍മല്‍ ഹയര്‍ സെക്കണ്ടറി സ്കൂളും സജ്ജമാക്കിയിരിക്കുന്നു.