Site icon Ente Koratty

ജില്ല പൂര്‍ണസജ്ജം; കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം – കലക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന തൃശൂരില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു. കോര്‍പറേഷനിലെ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രമായ മഹാരാജ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. അതു പ്രകാരമാണ് വിതരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. മുഴുവന്‍ പോളിംഗ് സാമഗ്രികളും വ്യാഴാഴ്ച തന്നെ അതാത് ബൂത്തുകളിലേക്ക് മാറ്റി. തുടര്‍ പ്രവര്‍ത്തനങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് കര്‍ശന നിര്‍ദേശം എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ട്.

എല്ലാ പോളിംഗ് ബൂത്തുകളും അണുവിമുക്തമാക്കിയിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് സാമൂഹിക അകലം പാലിച്ച് ക്യൂ നില്‍ക്കുന്നതിനായി പോളിംഗ് ബൂത്തുകളില്‍ അടയാളമിടല്‍ പൂര്‍ത്തിയായി. എല്ലാ പോളിംഗ് ബൂത്തുകളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലനം ഉറപ്പാക്കും. എല്ലാ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാ ഉപകരണങ്ങള്‍ നല്‍കി. ക്രമസമാധാനപ്രശ്നങ്ങള്‍ എവിടെയുമില്ല. ഇതുവരെ സുഗമമായാണ് പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നതെന്നും കളക്ടര്‍ അറിയിച്ചു. ചാലക്കുടി, ഇരിങ്ങാലക്കുട, തളിക്കുളം, ചാവക്കാട് എന്നിവിടങ്ങളിലും കലക്ടര്‍ സന്ദര്‍ശനം നടത്തി.

Exit mobile version