പാലിയേക്കര ടോൾ പ്ലാസയിലെ ഫാസ്ടാഗ് സംവിധാനങ്ങളുടെ പ്രവർത്തനം നാളെ വിദഗ്ധ സംഘം പരിശോധിക്കും.
ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ വിദഗ്ധ സംഘത്തെയാണ് ഇതിന് നിയോഗിച്ചത്. ഇവർ ടോൾ പ്ലാസ സന്ദർശിച്ച് റീഡിങ് മെഷീൻ പരിശോധിച്ച് പിഴവുകളുണ്ടോ എന്ന് വിലയിരുത്തും. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും.
വ്യവസ്ഥകളുടെ ലംഘനം, സർവീസ് റോഡുകളുടെ ശോചനീയാവസ്ഥ എന്നിവ പരിഹരിക്കുമെന്ന് ഇന്ന് നടത്തിയ യോഗത്തിൽ ടോൾ ചുമതല വഹിക്കുന്ന കമ്പനി കളക്ടർക്കു ഉറപ്പു നൽകി. മണ്ണുത്തിയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ട നടപടികൾ 10 ദിവസത്തിനകം പൂർത്തിയാക്കാനും യോഗത്തിൽ ധാരണയായി.
മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെയുള്ള റോഡിലെ കുഴികൾ അടയ്ക്കുന്നതിന് ഒരു കോടി രൂപ നാഷണൽ ഹൈവേ അതോറിറ്റി അനുവദിച്ചിട്ടുണ്ട്. തുക ഒന്നര കോടി ആക്കുന്നകാര്യം പരിഗണിക്കാമെന്ന് പ്രൊജക്റ്റ് ഡയറക്ടർ ഉറപ്പുനൽകി.