Site icon Ente Koratty

അർഹരായ മുഴുവൻ പേർക്കുംഭൂമിയുടെ ഉടമസ്ഥാവകാശം നൽകും: മന്ത്രി ഇ. ചന്ദ്രശേഖരൻ

അർഹരായ മുഴുവൻ ആളുകൾക്കും ഭൂമിയുടെ ഉടമസ്ഥാവകാശം നൽകുക സർക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. തൃശൂർ ജില്ലയിലെ പട്ടയ വിതരണത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലയിൽ ഈ സർക്കാർ വന്ന ശേഷം നേരത്തെ തന്നെ 31,518 പേർക്ക് കൈവശഭൂമിയുടെ രേഖ നൽകിയിട്ടുണ്ട്. 5136 പേർക്ക് ഇപ്പോൾ നൽകുന്നു. ഈ സർക്കാർ ജില്ലയിൽ മാത്രം ആകെ, 36,654 പേർക്ക് പട്ടയം നൽകി. സംസ്ഥാനത്ത് രണ്ട് ലക്ഷം പേർക്കെങ്കിലും പട്ടയം നൽകാനുള്ള ലക്ഷ്യവുമായി മുന്നോട്ടുപോവുന്ന സർക്കാർ ഇതുവരെ ഏതാണ്ട് 1,55,000 പേർക്ക് പട്ടയം നൽകിക്കഴിഞ്ഞു. അവശേഷിക്കുന്ന 45,000 പേർക്കുള്ള പട്ടയങ്ങൾ ജില്ലകളിൽ വിവിധ ഘട്ടങ്ങളിലായി എത്തിനിൽക്കുന്നു.

വനഭൂമി പട്ടയം ലഭ്യമാക്കുന്നതിന്റെ പ്രവർത്തനങ്ങൾ സങ്കീർണമായിരുന്നു. ഇതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ കൂട്ടായ പരിശ്രമം നടത്തി. കഴിഞ്ഞ കാലങ്ങളിൽ നൽകിയ പട്ടയങ്ങൾ നിയമാനുസൃതമല്ലാത്തതിന്റെ പ്രശ്നങ്ങൾ വിവിധ ജില്ലകളിൽ ഉണ്ടായിട്ടുണ്ട്. ഇവിടെ വനം വകുപ്പുമായി ചേർന്നുള്ള നടപടിക്രമങ്ങൾ ഓരോന്നും പൂർത്തീകരിച്ച് നിയമപരിരക്ഷ ഉറപ്പാക്കിയാണ് വനഭൂമി പട്ടയങ്ങൾ നൽകുന്നത്. ഇനിയും അവശേഷിക്കുന്ന ആയിരക്കണക്കിന് പേർക്ക് കൂടി പട്ടയം നൽകാനുള്ള പ്രവർത്തനങ്ങൾ ഈ സർക്കാർ നടത്തിവരുന്നതായും മന്ത്രി പറഞ്ഞു.

വിതരണം ചെയ്യുന്നതിൽ 333 എണ്ണം വനഭൂമിപട്ടയങ്ങളാണ്. ജില്ലയിലെ പട്ടയവിതരണത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്യുന്നത്. 4616 ലാന്റ് ട്രിബ്യൂണൽ പട്ടയങ്ങൾ, 111 പുറമ്പോക്ക് പട്ടയങ്ങൾ, 10 ഇനാം പട്ടയങ്ങൾ, 24 കോളനി പട്ടയങ്ങൾ, 37 സുനാമി പട്ടയങ്ങൾ, 5 മിച്ചഭൂമി പട്ടയങ്ങൾ എന്നീ പട്ടയങ്ങളാണ് വിതരണം ചെയ്യുക.ഓരോ വില്ലേജിലേയും പട്ടയങ്ങൾ അതത് വില്ലേജ് ഓഫീസുകൾ വഴി കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് നിശ്ചിത തീയതികളിൽ വിതരണം ചെയ്യുന്നത്.

ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ.സി. മൊയ്തീൻ, കൃഷിവകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ, ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ എന്നിവർ പട്ടയവിതരണം നിർവഹിച്ചു. മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് സംസാരിച്ചു. പട്ടയം തയാറാക്കുന്നതിന് നേതൃത്വം നൽകിയ എൽ.എ തഹസിൽദാർ സന്ധ്യാദേവി, സർവേ ഡെപ്യൂട്ടി ഡയറക്ടർ പി.കെ. നളിനി, ലാൻഡ് അക്വിസിഷൻ, സർവേ ഉദ്യോഗസ്ഥർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ കളക്ടർ എസ്. ഷാനവാസ് സ്വാഗതവും സബ് കളക്ടർ അഫ്സാന പർവീൺ നന്ദിയും പറഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഓൺലൈനായി നടത്തിയ ചടങ്ങിൽ വിവിധ ജനപ്രതിനിധികൾ, എ.ഡി.എം റെജി പി. ജോസഫ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

Exit mobile version