റീ ബിൽഡ് കേരളയുടെ ഭാഗമായി ചാലക്കുടി മേലുർ പഞ്ചായത്ത് പാലപ്പിളളിയിൽ നിർമിച്ച 19 വിടുകളുടെ താക്കോൽദാനം മന്ത്രി ഏ.സി മൊയ്തിൻ നിർവഹിച്ചു.
ചാലക്കുടി താലൂക്കിലെ മേലൂർ വില്ലേജിൽപ്പെടുന്നതും, അനധികൃതമായി കയ്യേറിയിരുന്നതുമായ 82 സെൻ്റ് റെവന്യു പുറമ്പോക്കു ഭൂമി തിരിച്ചുപിടിച്ചാണ്, 2018ലെ മഹാപ്രളയത്തിൽ വീട് നഷ്ടപ്പെട്ട 19 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകിയത്.
3 സെന്റ് സ്ഥലവും 400 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള വീടും തെരെഞ്ഞെടുക്കപ്പെട്ട ഓരോ കുടുംബങ്ങൾക്കും കൈമാറി.
റീ ബിൽഡ് കേരളയുടെ ഭാഗമായി സംസ്ഥാനത്ത് പ്രളയ ദുരിതബാധിതർക്കായി നിരവധി വീടുകൾ നിർമ്മിച്ചു നൽകിയ ഫൈസൽ ആന്റ് ഷബാന ഫൗണ്ടേഷനാണ് ഒന്നിന് 5 ലക്ഷം രൂപ ചെലവുവരുന്ന 19 വീടുകളും നിർമ്മിച്ചു നൽകിയത്. ഗുണഭോക്താക്കൾക്ക് സ്ഥലത്തിന്റെ പട്ടയവും വിതരണം ചെയ്തു. ചുറ്റുമതിലും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കുന്നതിന് എം.എൽ.എ.യുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയും, വൈദ്യുതി, വാട്ടർ കണക്ഷൻ, ഇന്റെണൽ റോഡുകളുടെ നിർമ്മാണം എന്നിവയ്ക്കായി മേലൂർ ഗ്രാമപഞ്ചായത്ത് 16 ലക്ഷം രൂപയും അനുവദിച്ചിരുന്നു.കിഴക്കേ ചാലക്കുടി വില്ലേജിലെ 10 കുടുംബങ്ങളേയും, മേലൂർ, പടിഞ്ഞാറെ ചാലക്കുടി വില്ലേജുകളിലെ 3 വീതം കുടുംബങ്ങളേയും, ആളൂർ, മറ്റത്തൂർ, വെള്ളിക്കുളങ്ങര വില്ലേജുകളിലെ ഓരോ കുടുംബങ്ങളെയുമാണ് ഈ ആനുകൂല്യത്തിന് തെരെഞ്ഞെടുത്തത്.