തൃശ്ശൂര്‍: മഴ കനത്തതോടെ ജില്ലയില്‍ 25ഓളം ദുരിതാശ്വാസ ക്യാമ്പുകള്‍ വിവിധ താലൂക്കുകളിലായി തുറന്നു. 362 പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് ആയി രണ്ട് ക്യാമ്പ് പ്രത്യേകം ആരംഭിച്ചിട്ടുണ്ട്. തൃക്കൂര്‍, എടത്തിരുത്തി, പെരിഞ്ഞനം, മണത്തല വാടാനപ്പള്ളി വടക്കേക്കാട് വില്ലേജുകളില്‍ വെള്ളം കയറി കാര്യമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
പെരിങ്ങല്‍കുത്ത് അണക്കെട്ടില്‍ 419.2 മീറ്റര്‍ ആണ് ജലനിരപ്പ്. ഷോളയാര്‍ 2643.90, പീച്ചി 73.83, ചിമ്മിണി 69.06, വാഴാനി 54.44, പൂമല 27.4, പത്താഴക്കുണ്ട് 10.28, അസുരം കുണ്ട്7.04 എന്നിങ്ങനെയാണ് അണക്കെട്ടുകളിലെ ജലനിരപ്പ്. ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷം ആണ്. വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് എടവിലങ്ങ്, എറിയാട് അതിര്‍ത്തി പ്രദേശത്തെ അറപ്പതോട് പൊട്ടിച്ച് വെള്ളം കടലിലേക്ക് ഒഴുക്കിവിട്ടു. കാറ്റിലും മഴയിലും 82.39 ലക്ഷം രൂപയുടെ നഷ്ടം ഇതുവരെ കണക്കാക്കുന്നു. 15 കിലോമീറ്ററോളം റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. പാടശേഖരങ്ങളിലെ ജലത്തിന്റെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാന്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.