Site icon Ente Koratty

തിരുമുടിക്കുന്നു പള്ളിയും കാതോട് കാതോരവും – 35 വർഷങ്ങൾ

ജോയ് ജോസഫ് ആച്ചാണ്ടി

ഞാനെൻ്റെ ജീവിതത്തിലാദ്യമായി ഒരു സിനിമാ ഷൂട്ടിംഗ് കാണുന്നതും, സിനിമ എൻ്റെ ജീവിതത്തിൻ്റെ അഭിനിവേശങ്ങളിലൊന്നായി കടന്നു വരുന്നതും ഭരതൻ സംവിധാനം ചെയ്ത കാതോടു കാതോരം എന്ന ചിത്രത്തിലൂടെയാണ്. മുപ്പത്തിയഞ്ച് വർഷം മുമ്പുള്ള ചരിത്രമാണ്.

ഞങ്ങടെ നാടായ തിരുമുടിക്കുന്നും, തലയുയർത്തി കുന്നുമ്പുറത്തു നിൽക്കുന്ന മനോഹരമായ ഞങ്ങടെ പള്ളിയുമായിരുന്നു ആ ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ. ഞാനന്ന് തിരുമുടിക്കുന്ന് പള്ളിയോട് ചേർന്നുള്ള ഹൈസ്ക്കൂളിലെ എട്ടാം തരം വിദ്യാർത്ഥി. എൻ്റെ വീടാണെങ്കിൽ പള്ളിയങ്ങാടിയിലും. കാതോടു കാതോരത്തിൻ്റെ ഷൂട്ടിംഗ് ഞങ്ങളുടെ നാട്ടുകാർക്ക് മാത്രമല്ല തൊട്ടടുത്ത നാട്ടുകാർക്കും ഉത്സവം തന്നെയായിരുന്നു. രണ്ടു മൂന്നാഴ്ച്ച നീണ്ടു നിന്ന ഉത്സവം.

ഭരതനും ചാലക്കുടിയിലെ പോൾ രാജും കൂടി അമ്പാസഡർ കാറിൽ തിരുമുടിക്കുന്ന് പള്ളി ലൊക്കേഷൻ കാണാൻ വരുന്നതറിഞ്ഞ് ഞങ്ങളവിടെ കൂടി. ഇരുപത് പള്ളികൾ നോക്കിയെങ്കിലും ഭരതന് ഏറ്റവും ഇഷ്ടമായ പള്ളി ഇതായിരുന്നെന്ന് ആരോ പറഞ്ഞു. അങ്ങനെ ഷൂട്ടിംഗ് തുടങ്ങി. മമ്മൂട്ടി, സരിത, നെടുമുടി വേണു, ഇന്നസെൻ്റ്, ജനാർദ്ദനൻ അടക്കമുള്ള താരനിരകൾ തിരുമുടിക്കുന്നിൽ നിറഞ്ഞു. ഞങ്ങൾ ക്ലാസിൽ കയറാതെയും മറ്റും ലൊക്കേഷൻ സഹായങ്ങളിൽ മുഴുകി.

മമ്മൂട്ടി അന്ന് താര നിരയിലേക്ക് ഉയർന്നു വരുന്ന കാലം. യാത്ര എന്ന സിനിമക്കായി തല മൊട്ടയടിച്ചതിനാൽ വിഗ്ഗു വച്ചാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മമ്മൂട്ടിയേയും സരിതയേയും ചുറ്റിപ്പറ്റി നിൽക്കാൻ കുട്ടികളായ ഞങ്ങൾ മത്സരിച്ചു. ഇന്നത്തെ പ്രമുഖ സംവിധായകൻ കമൽ അന്ന് ഭരതൻ്റെ അസിസ്റ്റൻ്റാണ്. തമിഴനായ പാടി യാണ് കാമറാമാൻ. ഭരതൻ എപ്പോഴും പാടി റെഡി എന്നു ചോദിക്കുന്നതൊക്കെ ഇന്നും ഓർമ്മയിൽ തെളിയുന്നു.

പളളി നടയിൽ വച്ച് പളളിയിൽ നിന്നിറങ്ങി വരുന്ന ക്വയർ ഗായിക സരിതയുടെ മുടി ജനാർദ്ദനനും സംഘവും വെട്ടുന്നത് ഒരു പ്രധാന സീനായിരുന്നു. എത്തി നോക്കുന്ന ആൾക്കൂട്ട സീനിൽ പെടാൻ ഞങ്ങൾ മത്സരിച്ചു.

എവർ ലാസ്റ്റിങ് ഹിറ്റ് ഗാനങ്ങളാ യിരുന്നു ആ പടത്തിൻ്റെ ഹൈലൈറ്റ്. ദേവ ദൂതർ പാടി സ്നേഹദൂതർ പാടി.. എന്ന പാട്ടിൻ്റെ വേദിയിലുള്ള ചിത്രീകരണം ഇന്നും മനസ്സിൽ നിറയുന്നു. നീയെൻ സർഗ്ഗ സൗന്ദര്യമേ.. എന്നു തുടങ്ങുന്ന ഗാനം മമ്മൂട്ടി പിയാനോ വായിച്ചു പാടുന്നതും മറക്കാൻ കഴിയില്ല. ഭരതനും ഔസേപ്പച്ചനും ചേർന്നാണ് സംഗീത സംവിധാനം നടത്തിയിരിക്കുന്നത്. ഔസേപ്പച്ചൻ എന്ന സംഗീത സംവിധായകൻ്റെ അരങ്ങേറ്റം ഇതിലൂടെയായിരുന്നു.

സെവൻ ആർട്സിൻ്റെ ആദ്യ പടവും. ജോൺ പോൾ കഥ, തിരക്കഥ. ഞങ്ങടെ നാട്ടിലും ചുറ്റുവട്ടത്തുമുള്ളവർ ചില ചെറിയ വേഷങ്ങളിലൊക്കെ മുഖം കാണിച്ചതിൻ്റെ പേരിൽ എയറു പിടിച്ചു നടന്നു. അന്ന് ഞങ്ങടെ കൂടെ പഠിച്ചിരുന്ന ഒരു സുഹൃത്ത് സിനിമാപ്രാന്ത് മൂത്ത് മദ്രാസിലേക്ക് വണ്ടി കേറീതൊക്കെ തിരുമുടിക്കുന്നിൻ്റെ പുരാവൃത്തം. തിരുമുടിക്കുന്നിലെ ഷൂട്ട് കഴിഞ്ഞ് ഭരതനും സംഘവും പിന്നെ പോയത് അതിരപ്പിള്ളിയിലേക്കാണ്. കുട്ടനായി അഭിനയിച്ച മാസ്റ്റർ പ്രശോഭിനെ പിന്നെ അധികം സിനിമകളിൽ കണ്ടിട്ടില്ല. ഓർമ്മകൾ ഒത്തിരിയാണ്.

ഷൂട്ടൊക്കെ കഴിഞ്ഞ് സിനിമ ഇറങ്ങാൻ ഞങ്ങൾ കാത്തിരുന്നു. പിന്നീടെപ്പോഴോ ഭരതൻ്റെ പ്രശസ്തമായ പോസ്റ്റർ ഡിസൈനോടെ (കുട്ടനും മാഷും) പത്രത്തിൽ പരസ്യം വന്നു. റേഡിയോയിൽ കാതോടു കാതോരം എന്ന ലതിക പാടിയ പാട്ട് കേൾക്കാൻ ഞങ്ങൾ കാത് കൂർപ്പിച്ചു. ഉച്ചക്ക് ഊണ് കഴിക്കാൻ വീട്ടിലെത്തുന്ന ഞാൻ ചാരു കസാലയിലിരുന്ന് പാട്ടും പരസ്യവും കേട്ട് ആഹ്ലാദ ചിത്തനായി. (അന്ന് ടി.വി. എത്തിയിട്ടില്ല) സിനിമ റിലീസായ അന്ന് എറണാകുളം സരിതയിൽ പോയി കാണാനുള്ള അവസരം എനിക്കും ലഭിച്ചു.

ഞങ്ങടെ നാടും നാട്ടുകാരും കൂട്ടുകാരുമൊക്കെ വെള്ളിത്തിരയിൽ നിറഞ്ഞ നിമിഷം വർഷം മുപ്പത്തിയഞ്ചു കഴിഞ്ഞെങ്കിലും ഇന്നും കോരിത്തരിപ്പോടെ ഓർക്കുന്നു…

Exit mobile version