Site icon Ente Koratty

ചെ ഗുവേര – ഒരു വിപ്ലവകാരി

ഇന്നു ജൂൺ 14. സോഷ്യലിസ്റ്റ് വിപ്ലവകാരിയും അന്തർദേശീയ ഗറില്ലകളുടെ നേതാവും ആയിരുന്നു ചെഗുവേരയുടെ ജന്മദിനം.

അർജന്റീനയിൽ 1928-ൽ ജനിച്ച ചെഗുവേര എന്നും ചെ എന്നു മാത്രമായും അറിയപ്പെടുന്നു. ക്യൂബൻ വിപ്ലവത്തിന്റെ പ്രധാന നേതാവായിരുന്ന ഇദ്ദേഹം അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ ഒളിപ്പോരുൾപ്പെടെയുള്ള സായുധപോരാട്ടങ്ങളുടെ മാർഗ്ഗങ്ങളാണ് നല്ലതെന്നു വിശ്വസിച്ചു.

ചെറുപ്പത്തിൽ വൈദ്യപഠനം നടത്തിയ ചെ ക്രൈസ്തവ വിമോചന ശാസ്‌ത്രം സ്വധീനിക്കപ്പെട്ടിരുന്നു. ചെ ഗുവേരയ്ക്ക്, ദക്ഷിണ അമേരിക്കയിലുടനീളം നടത്തിയ യാത്രകളിൽ ജനങ്ങളുടെ ദരിദ്രമായ ചുറ്റുപാടുകൾ നേരിട്ട് മനസ്സിലാക്കാൻ സാധിച്ചു. ഈ യാത്രകളുടെ അനുഭവങ്ങളും അതിൽ നിന്നുൾക്കൊണ്ട നിരീക്ഷണങ്ങളും ഈ പ്രദേശത്തെ സാമൂഹിക സാമ്പത്തിക അസമത്വങ്ങൾക്കുള്ള പ്രതിവിധി വിപ്ലവമാണെന്ന നിലപാടിലെത്തിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. . മാർക്സിസത്തെ പറ്റി കൂടുതലായി പഠിക്കാനും ഗ്വാട്ടിമാലയിൽ പ്രസിഡന്റ് ജേക്കബ് അർബൻസ് ഗുസ്മാൻ നടത്തിയ പരിഷ്ക്കാരങ്ങളെ പറ്റി അറിയാനും ഈ അന്വേഷണങ്ങൾ ഇടയാക്കി. ഗ്വാട്ടിമാലയിലെ കമ്യൂണിസ്റ്റ് സർക്കാരിൽ വ്യവസായമന്ത്രി, ദേശീയ ബാങ്കിന്റെ ചെയർമാൻ തുടങ്ങിയ തസ്തികകൾ വഹിക്കുകയും ചെയ്തു.

1956-ൽ മെക്സിക്കോയിൽ ആയിരിക്കുമ്പോൾ ചെഗുവേര ഫിഡൽ കാസ്ട്രോയുടെ വിപ്ലവ പാർട്ടിയായ ജൂലൈ 26-ലെ മുന്നേറ്റ സേനയിൽ ചേർന്നു. തുടർന്ന് 1956 ൽ ഏകാധിപതിയായ ജനറൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയെ‍ ക്യൂബയിൽ നിന്നും തുരത്തി അധികാരം പിടിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെ ഗ്രൻ‌മ എന്ന പായ്ക്കപ്പലിൽ അദ്ദേഹം ക്യൂബയിലേക്ക് യാത്ര തിരിച്ചു.

വിപ്ലവാനന്തരം, “സുപ്രീം പ്രോസിക്യൂട്ടർ” എന്ന പദവിയിൽ നിയമിതനായ ചെഗുവേരയായിരുന്നു മുൻഭരണകാലത്തെ യുദ്ധകുറ്റവാളികളുടേയും മറ്റും വിചാരണ നടത്തി വിധി നടപ്പിലാക്കിയിരുന്നത്. പുതിയ ഭരണകൂടത്തിൽ പല പ്രധാന തസ്തികകളും വഹിക്കുകയും ഗറില്ലാ യുദ്ധമുറകളെ പറ്റി പുസ്തകങ്ങളും ലേഖനങ്ങളും എഴുതുകയും ചെയ്ത ചെഗുവേര 1965-ൽ കോംഗോയിലും തുടർന്ന് ബൊളീവിയയിലും വിപ്ലവം സംഘടിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ക്യൂബ വിട്ടു. ബൊളീവിയയിൽ വെച്ച് സി.ഐ.ഐ. യുടേയും അമേരിക്കൻ ഐക്യനാടുകളിലെ സൈന്യത്തിന്റെ പ്രത്യേക സേനയുടേയും സഹായത്തോടെയുള്ള ഒരു ആക്രമണത്തിൽ പിടിയിലായ ചെഗുവേരയെ 1967 ഒക്ടോബർ 9-നു ബൊളീവിയൻ സൈന്യം വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയിൽ വെച്ച് വിചാരണ കൂടാതെ വധിച്ചു.

മരണത്തിനു ശേഷം ചെഗുവേര സാമൂഹിക വിപ്ലവ പ്രസ്ഥാനങ്ങളുടെ ഒരു പ്രതീകമായി മാറുകയും ലോകമെമ്പാടുമുള്ള പോപ് സംസ്കാരത്തിന്റെ ബിംബങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുകയും ചെയ്തു. ആൽബർട്ടോ കോർദയെടുത്ത ചെഗുവേരയുടെ ചിത്രം പ്രമുഖപ്രചാരം നേടി, ടീഷർട്ടുകളിലും പ്രതിഷേധ ബാനറുകളിലും മറ്റും സ്ഥിരം കാഴ്ചയായി. അമേരിക്കയിലെ മേരിലാൻഡ് സർവ്വകലാശാല ഈ ചിത്രത്തെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രമെന്നും ഇരുപതാം നൂറ്റാണ്ടിന്റെ പ്രതീകമെന്നും വിശേഷിപ്പിച്ചു.

Exit mobile version