Site icon Ente Koratty

ഉല്ലേഖഗായകന് ഇന്ന് ഓർമ്മപ്പിറന്നാൾ..

ദേവദാസ് കടയ്ക്കവട്ടം

ആധുനിക കവിത്രയത്തിലെ ‘ഉജ്വലശബ്ദാഠ്യ’നായ ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ ജൻമദിനമാണിന്ന്. ഉത്തമനായ രാജ്യസ്നേഹി , ഉല്ലേഖ ഗായകൻ, നാളികേര പാകൻ എന്നീ വിശേഷണങ്ങളെല്ലാം അദ്ദേഹത്തിനുണ്ട്.

ഭാരതമാതാവിന്റെ പെൺമക്കളെ അടുക്കളക്കാരികൾ, യന്ത്രക്കളിപ്പാവകൾ, ഗർഭാധാന പാത്രങ്ങൾ, സഹധർമ്മിണി തുടങ്ങിയ വിശേഷണങ്ങൾക്ക് അനർഹർ എന്നെല്ലാം വിമർശിച്ച് കൃതിയെഴുതി ആക്ഷേപിച്ച അമേരിക്കക്കാരി കാതറിൻ മേയോവിനുള്ള മറുപടിയായി അദ്ദേഹം ചിത്രശാല എന്ന കാവ്യം രചിച്ചു. ഭാരതസ്ത്രീകളുടെ മാഹാത്മ്യം ഈ കൃതിയിൽ തെളിഞ്ഞ് നിൽക്കുന്നു.

” കാട്ടിലെഴും കല്ലും മുള്ളും കാന്ത മാർക്കു കുസുമത്തേ –
ക്കാട്ടിലേറ്റം മൃദുവെന്നു
കാട്ടീ കല്യാണി ” എന്ന് പിതാവിന്റെ വാക്ക് പാലിക്കാൻ കാനന വാസത്തിന് ശ്രീരാമചന്ദ്രനെ അനുധാവനം ചെയ്യുന്ന സീതയുടെ മഹത്വം മുതലാരംഭിക്കുന്നു ആ വർണ്ണന! പിന്നെ എത്രയെത്ര സ്ത്രീ രത്നങ്ങളെയാണ് കവി നിരത്തുന്നത്..!!

” മലയാള കവിതയിൽ അലങ്കാരദശയുടെ വൈജയന്തിയാണ് ഉള്ളൂർ കവിത ” യെന്നാണ് പ്രൊഫ.എം. മുണ്ടശ്ശേരി അഭിപ്രായപ്പെട്ടത്. ഉല്ലേഖ ഗായകൻ എന്ന പേര് തന്നെ അദ്ദേഹത്തിന് ലഭിച്ചത് ഈ ഒരു അലങ്കാരഭ്രമം കൊണ്ടാണല്ലോ.

മണിമഞ്ജുഷ എന്ന കൃതിയിലെ പ്രേമസംഗീതം എന്ന ഒരൊറ്റ കവിത മതി ഉള്ളൂരിന്റെ ധിഷണയും രചനാ വൈഭവവും മനസ്സിലാക്കാൻ. പ്രേമമെന്ന പദത്തിന്റെ വിവിധ സങ്കല്പനങ്ങളെ എത്ര ഉദാത്തമായാണ് അദ്ദേഹം ഈ കവിതയിൽ അവതരിപ്പിക്കുന്നത്! പ്രപഞ്ചത്തിൽ ആകെ ഒരു മതമേയുള്ളൂവെന്നും അത് പ്രേമമല്ലാതെ മറ്റൊന്നുമല്ലെന്നും അദ്ദേഹം സ്ഥാപിക്കുന്നു. ജീവരാശിയെ ആകമാനം പാലമൃതൂട്ടുന്ന പൂർണ്ണ ചന്ദ്രബിംബമാണ് പ്രേമം എന്നും ആ വിശാലമനസ്കൻ പറഞ്ഞ് വയ്ക്കുന്നുണ്ട്. ആഴ്‌വ്വാഞ്ചേരി തമ്പ്രാക്കളിലും അയ്യൻ പുലയ നിലും ആദിത്യനിലും അണു കൃമിയിലും ഒരുപോലെ കുട കൊള്ളുന്ന പരമാത്മചൈതന്യമാണത്. കൂടാതെ,
“നമിക്കിലുയരാം, നടുകിൽ ത്തിന്നാം
നൽകുകിൽ നേടീടാം
നമുക്ക് നാമേ പണിവത് നാകം
നരകവുമതുപോലെ ” എന്ന പൊതു തത്വങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അദ്ദേഹത്തിന്റെ എല്ലാ കൃതികളിലും മഹത്തായ അനേകം സന്ദേശങ്ങൾ അടങ്ങിയിട്ടുണ്ട്.
“കൊണ്ടുപോകില്ല ചോരൻമാർ
കൊടുക്കുന്തോറുമേറിടും
മേൻമ നൽകും മരിച്ചാലും
വിദ്യ തന്നെ മഹാധനം” എന്ന് വിദ്യയുടെ മഹത്വം ഒരു കൃതിയിൽ ഉദ്ഘോഷിക്കുന്ന കവി ” വിദ്യ വിട്ടു നരന്നാമോ
വിശ്വംഭരയിൽ വാഴുവാൻ
ആയുധം കൈയ്യിലില്ലാത്തോൻ
അടരാടുന്നതെങ്ങിനെ “? എന്ന് വിദ്യയില്ലാത്ത അവസ്ഥയേയും കാണിക്കുന്നു.

” നിൽക്കുമീ നിൽപിൽ നിൽക്കാതെ
നീങ്ങി മുന്നോട്ട് പോയിടാം
പിടിച്ചു തള്ളുമല്ലെങ്കിൽ
പിന്നിൽ നിന്നു വരുന്നവർ ” എന്ന വരികളിലൂടെ സാമൂഹ്യ സമത്വത്തിന് യുവാക്കൾ അണിനിരക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നു.

“വിളക്ക് കൈവശമുള്ളവനെന്നും
വിശ്വം ദീപമയം
വെൺമ മനസ്സിൽ വിളങ്ങിന ഭദ്രന്
മേൻമേലമൃതമയം “
എന്ന വരികളിലൂടെ മന:ശുദ്ധിയുള്ളവർക്ക് എന്നും നൻമകൈവരും എന്ന സത്യം വെളിപ്പെടുത്തുന്നു.
യുദ്ധം ഒരു പിശാചാണെന്നും അതിന്റെ ഭീകരമായ വായിലകപ്പെടാതെ മാനവരാശി അത്യന്തം ശ്രദ്ധിക്കേണ്ടതാണെന്ന തത്വം എല്ലാക്കാലത്തും പ്രസക്തമായത് തന്നെ. ഈ തത്വം പറയുമ്പോൾ തന്നെ
“ഹിംസയെ മറ്റൊരു പോംവഴി കാണാഞ്ഞാൽ
ഹിംസനം ചെയ് വത്ഹിംസയല്ല “
എന്നും സൂചന നൽകുന്നു.

മാത്രവുമല്ല ഹിംസയ്ക്ക് കീഴ്പ്പെട്ടുകൊണ്ട് ചെയ്യുന്ന ഏത് അഹിംസയും ഹിംസയ്ക്ക് തുല്യമാണ് എന്ന് തുറന്നടിക്കുകയും ചെയ്യുന്നു.

ഉള്ളൂരിന്റെ കാവ്യഭാഷ പ്രായേണ ക്ലിഷ്ടമാണെന്നും സാധാരണക്കാർക്ക് എളുപ്പം മനസ്സിലാക്കാനാവാത്തതാണെന്നുമുള്ള വിമർശനം പണ്ടുമുതലേയുണ്ട്. അത് കൊണ്ട് തന്നെ ‘നാളികേര പാകൻ ‘ എന്ന ഒരു വിശേഷണവും അദ്ദേഹത്തിനുണ്ട്. എന്നാൽ
” ഓമനേ നീയുറങ്ങെൻ മിഴിവണ്ടിണ
ത്തൂമലർത്തേൻ കുഴമ്പെന്റെ തങ്കം ” എന്ന് തുടങ്ങുന്ന താരാട്ട് പാട്ടും
കാക്കേ, കാക്കേ, കൂടെവിടെ ,
പ്രാവേ, പ്രാവേ പോകരുതേ എന്നീ പ്രസിദ്ധങ്ങളായ ബാലകവിതകളും ഈ നാളികേര പാകന്റെ തൂലികയിൽ നിന്നടർന്നതാണ്എന്നത് ഇത്തരം വിമർശനങ്ങളെ അപ്രസക്തമാക്കുന്നു. എല്ലാ കൃതികളും ഒരുപോലെയെങ്കിൽ എങ്ങിനെ മലയാള കാവ്യതല്ലജം വിടർന്നുല്ലസിക്കുമെന്ന് കൂടി നാം ചിന്തിക്കേണ്ടതാണ്.

ജാനകീ പരമേശ്വരൻമാരുടെ കടാക്ഷ വിക്ഷേപത്തിൽ സമാശ്വാസ പൂർവ്വം കഴിയുന്ന കേരളമെന്ന മനോഹരദേശത്തെ അവതരിപ്പിച്ചു കൊണ്ട് ഉമാകേരളമെന്ന മഹാകാവ്യത്തിന് അദ്ദേഹം ജീവൻ നൽകി. ഇതിന് പുറമേ കിരണാവലി, താരഹാരം, ചിത്രശാല, കർണ്ണഭൂഷണം, തരംഗിണി, രത്നമാല, അമൃതധാര, മണിമഞ്ജുഷ, ഹൃദയ കൗമുദി, കൽപശാഖി, തപ്തഹൃദയം, ഭക്തി ദീപിക തുടങ്ങി അനേകം കൃതികൾ അദ്ദേഹം കൈരളിക്ക് സമ്മാനിച്ചു.

40 വർഷത്തെ ഗവേഷണപ്രയത്‌നഫലമായുണ്ടായ കേരള സാഹിത്യ ചരിത്രം എക്കാലത്തും കൈരളിക്ക് ഒരു കൈവിളക്ക് തന്നെയാണ്. കവി, സാഹിത്യ ചരിത്രകാരൻ, ഗവേഷകൻ, സർക്കാർ ജീവനക്കാരൻ എന്നീ നിലകളിൽ ശോഭിച്ച ആ അദ്വിതീയൻ 1949-ൽ ദിവംഗതനായി. മലയാള കാവ്യലോകത്തെ തന്റെ തനത് രചനാ വൈഭവം കൊണ്ട് ധന്യമാക്കിത്തീർത്ത ആ മഹാനുഭാവന്റെ ജൻമദിനത്തിൽ അദ്ദേഹത്തിന് വിനീത പ്രണാമമർപ്പിക്കുന്നു…

Exit mobile version