ദേവദാസ് കടയ്ക്കവട്ടം
“ഹാ! വരും വരും നൂനമാദിന മെൻ നാടിൻ്റെ –
നാവനങ്ങിയാൽ ലോകം ശ്രദ്ധിക്കും ദിനം വരും
ഹാ! വരും വരും നൂനമാദിന മെൻ നാടിൻ്റെ
പാവന പതാകകൾ കടലിൽ തത്തിപ്പാറും “
എന്ന് ശുഭാപ്തി വിശ്വാസത്തോടെ പറഞ്ഞ പാവനചരിതൻ്റെ – കേരളത്തിൻ്റെ അഭിമാനമായ, അങ്കമാലിക്കാരുടെ സ്വന്തം കവിയായ – ജി.ശങ്കരക്കുറുപ്പിൻ്റെ ജൻമദിനമാണിന്ന്.
“കവികൾക്രാന്തദർശികളാണ് “(വരാൻ പോകുന്ന കാര്യം മുൻകൂട്ടി അറിയുന്നവർ) എന്നാണല്ലോ പ്രമാണം. മുകളിൽ പറഞ്ഞ വരികൾ ഇന്ന് അക്ഷരാർത്ഥത്തിൽ ശരിയായി വന്നിരിക്കുന്നു!. ദൈവത്തിൻ്റെ സ്വന്തം നാടായ കേരളവും പുണ്യഭൂമിയായ ഭാരതവും ഇന്ന് ലോകത്തിന് മുഴുവൻ മാതൃകയായിക്കൊണ്ടിരിക്കുന്നു.
അദ്വൈതാചാര്യനായ ശ്രീ ശങ്കരാചാര്യരുടെ നാടായ കാലടിക്കടുത്ത് നായത്തോട് ഗ്രാമത്തിൽ 1901 ജൂൺ 3ന് അദ്ദേഹം ജനിച്ചു.ഓടക്കുഴൽ എന്ന കൃതിയിലൂടെ ഭാരതത്തിൻ്റെ പ്രഥമഉന്നത സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠം നേടിയ അദ്ദേഹം അധ്യാപകൻ, പ്രഭാഷകൻ, കവി, ഗദ്യകാരൻ, വിവർത്തകൻ, വ്യാകരണ കർത്താവ്, ബാലസാഹിത്യകാരൻ, ജീവ – ആത്മചരിത്രകാരൻ, ലേഖകൻ, പാർലമെൻ്റേറിയൻ എന്നീ നിലകളിലെല്ലാം സ്വന്തം കഴിവ് പ്രകടിപ്പിച്ചു.
ഓടക്കുഴൽ, സൂര്യകാന്തി, ചന്ദനക്കട്ടിൽ, വിശ്വദർശനം, നിമിഷം, പഥികൻ്റെ പാട്ട്, പെരുന്തച്ചൻ, ഇണക്കുരുവികൾ, പൂജാപുഷ്പം എന്നിങ്ങനെ പ്രസിദ്ധങ്ങളായ എത്രയോ കവിതകൾ ആ തൂലികയിൽ നിന്നുറവയെടുത്തു!
വിശ്വമാനവിക ദർശനത്തിൻ്റെ ഉൺമയാർന്ന ഭാവതലങ്ങളെ അദ്ദേഹം തൻ്റെ കവിതകളിലൂടെ പ്രോജ്വലിപ്പിച്ചു.
ആകാശത്തിൻ്റെ അപാരതയിൽ നിന്ന് കണ്ണെടുക്കാൻ കഴിയാത്ത ഒരു ഭാവനാലോലമായ ഹൃദയത്തിൻ്റെ ഭാവപാരവശ്യം വിശ്വദർശനം എന്ന കൃതിയിൽ കാണാം. എത്രയാവർത്തിച്ചാലും അവിരാമമായി തുടരുന്ന പ്രപഞ്ച സ്പന്ദനങ്ങളെ ഇതുപോലെ അനുഭവവേദ്യമാക്കാൻ ജി ക്കല്ലാതെ മറ്റേത് കവിക്ക് കഴിയും?!
“സ്നേഹത്തിൽ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാൻ
സ്നേഹത്തിൻ ഫലം സ്നേഹം ജ്ഞാനത്തിൻ ഫലം ജ്ഞാനം
സ്നേഹമേ പരം സൗഖ്യം സ്നേഹഭംഗമേ ദു:ഖം
സ്നേഹമേദിക്കാലാതിവർത്തിയായ് ജ്വലിച്ചാവൂ” എന്ന് സൂര്യകാന്തി എന്ന കവിതയിലൂടെ കവി സ്നേഹമെന്ന വികാരത്തിൻ്റെ കാലാതിവർത്തിത്തത്തെ സ്ഥാപിക്കുന്നു. സാഹോദര്യത്തിൻ്റേയും സ്നേഹത്തിൻ്റേയും ഉഷ്മളത അദ്ദേഹത്തിൻ്റെ വരികളിൽ അനുഭവിച്ചറിയാൻ ആസ്വാദകർക്ക് സാധിച്ചു.
ദേശാഭിമാനവും രാജ്യസ്നേഹവും തുളുമ്പുന്ന കവിതകളിൽ ആരംഭം കുറിച്ച് സൗന്ദര്യാരാധനയിലേക്കും പ്രകൃതി സ്നേഹത്തിലേക്കും കൂട് മാറ്റം നടത്തി ശ്രദ്ദേയനായി.മിസ്റ്റിസിസവും സിംബലിസവും അവയിൽ മുറ്റി നിന്നു. ” ഇന്ന് ഞാൻ നാളെ നീ ഇന്ന് ഞാൻ നാളെ നീ ” എന്ന കവിതയിൽ കവി പറയുന്നത് പോലെ തന്നെ ആ വാചകം ഇന്നും മനുഷ്യമനസ്സുകളിൽ പ്രതിധ്വനിച്ചു കൊണ്ടേയിരിക്കുന്നു.
ഭക്തിയേയും പ്രേമത്തേയും അദ്ദേഹം യോഗാത്മക അനുഭവമാക്കി മാറ്റി. ഈ മഹാപ്രപഞ്ചശക്തിയുടെ കാരുണ്യത്തികവിനേയും ലീലാവിലാസങ്ങളേയും അത്ഭുതാദരങ്ങളോടെ നോക്കിക്കാണുന്നു ഓടക്കുഴലിൽ.
”ഓടക്കുഴലിതു നീടുറ്റ കാലത്തിൻ
കൂടയിൽ മൂകമായ് നാളെ വീഴാം
വൻ ചിതലായേക്കാ,മല്ലെങ്കിലിത്തിരി
വെൺചാരം മാത്രമായ് മാറിപ്പോകാം
നൻമയെച്ചൊല്ലി വിനിശ്വസിക്കാം ചിലർ
തിൻമയെപ്പറ്റിയേ പാടൂലോകം
എന്നാലും നിൻ കൈയ്യിലർപ്പിച്ചമജ്ജൻമ
മെന്നാളുമാനന്ദ സാന്ദ്രം ധന്യം !!” എന്ന് പറയുന്നിടത്തെ ലാളിത്യവും ഭാവഗരിമയും ഗുണാത്മക ചിന്തയും വിശ്വദർശനം പോലുള്ള ഒരു മഹത്തായ ദർശനം തന്നെ!
1978 ഫെബ്രുവരി 2 ന് കാലയവനികക്കുള്ളിൽ മറഞ്ഞെങ്കിലും ആ ശുഭ്രനക്ഷത്ര ശോഭ സാഹിത്യ ചക്രവാളത്തിൽ ഇന്നും ഉണ്മയാർന്ന് നിൽക്കുന്നു.തിരുവനന്തപുരം ആകാശവാണിയിൽ പ്രൊഡ്യൂസർ, കേന്ദ്ര – കേരളസാഹിത്യ അക്കാദമി അവാർഡ് ,ഭാരതീയ ജ്ഞാനപീഠം, സോവിയറ്റ്ലാൻ്റ് നെഹ്റു അവാർഡ്, പത്മഭൂഷൺ പുരസ്കാരം എന്നീ അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. അനേകമനേകം ഭാവോജ്വലങ്ങളായ സർഗ്ഗ പുഷ്പങ്ങളെ കൈരളിക്ക് സമ്മാനിച്ച കവിതയുടെ ഈ പെരുന്തച്ചനു മുൻപിൽ സ്മരണാഞ്ജലിയർപ്പിക്കുന്നു