Site icon Ente Koratty

പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു എന്ന ഭാരതശില്പി

ഡെന്നിസ് കെ ആൻറണി

The woods are lovely, dark and deep, But I have promises to keep,
And miles to go before I sleep,
And miles to go before I sleep.

വിഖ്യാത ആംഗലേയ കവി റോബർട്ട് ഫ്രോസ്റ്റ് ‘Stopping by Woods on a Snowy Evening’ എന്ന കവിതയില് കുറിച്ച ഈ നാലു വരികൾ ഓഫീസ് ടേബിളിൽ കാത്തുസൂക്ഷിച്ചിരുന്ന ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു.

ഇടതൂർന്ന ചന്ദന മരങ്ങൾക്കിടയിലൂടെ മഞ്ഞുതുള്ളികൾ അരിച്ചിറങ്ങുന്ന സുന്ദര സായാഹ്ന ദൃശ്യങ്ങൾ കണ്ടിരിക്കാൻ എൻറെ മനസ്സ് കൊതിക്കുന്നുണ്ട്. എന്നാൽ എൻറെ വാസസ്ഥലത്ത് എത്താൻ,എൻറെ ലക്ഷ്യത്തിലെത്താൻ ഒരുപാട് കാതങ്ങൾ ഞാൻ സഞ്ചരിക്കേണ്ടിയിരിക്കുന്നു.

ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്നും സ്വയംപര്യാപ്തതയുടെ നല്ല നാളുകളിലേക്ക് ഭാരതമെന്ന മഹാരാജ്യത്തെ കൈ പിടിച്ചു നടത്തിയ നവഭാരത ശില്പി പണ്ഡിറ്റ് നെഹ്റുവിന്റെ അൻപത്തി യാറാം ചരമ വാർഷിക ദിനത്തിൽ വാക്കുകൾക്കും പ്രവർത്തികൾക്കും തമ്മിൽ അന്തരം സൂക്ഷിക്കാത്ത ക്രാന്തദർശിയായ ജനനേതാ വിന്റെ സ്മരണകൾക്ക് മുന്നിൽ പ്രണാമം.

എല്ലാ മതങ്ങളെയും സംസ്കാരങ്ങളെയും ഒരുപോലെ സ്നേഹിച്ച, ആദരിച്ച തികഞ്ഞ മതേതര വാദി. ശാസ്ത്രസാങ്കേതിക രംഗത്ത് ഒരു കുതിച്ചുചാട്ടത്തിന് നാടിനെ സജ്ജമാക്കിയ സമാനതകളില്ലാത്ത നേതൃത്വം.ആരെയും ആകർഷിക്കുന്ന തൻറെ വ്യക്തി പ്രഭാവം കൊണ്ട് അന്തർദേശീയ വേദികളെ കീഴടക്കിയ രാഷ്ട്ര നായകൻ. ഇന്ത്യയെ കണ്ടെത്തൽ, ഒരച്ചൻ മകൾക്ക് അയച്ച കത്തുകൾ തുടങ്ങി കാ ലാധിവർത്തിയായ അനവധി ഗ്രന്ഥങ്ങളുടെ കർത്താവ്‌,
കുട്ടികളുടെ സ്നേഹിച്ച അവരുടെ പ്രിയപ്പെട്ട ചാച്ചാജി വിശേഷണങ്ങൾ ഏറെയുണ്ട് ജവഹർലാൽ നെഹ്റു എന്ന എക്കാലത്തെയും പ്രിയങ്കരനായ ജന നേതാവിനെ വിശേഷിപ്പിക്കാൻ.
പഞ്ചവത്സര പദ്ധതികളിലൂടെ ഇന്ത്യയുടെ കാർഷിക, വ്യാവസായിക മേഖലകളിൽ സുസ്ഥിര വികസനത്തിന്റെ കാവലാളാകാനും അദ്ധേഹത്തിന് കഴിഞ്ഞു.

ചേരിചേരാ നയവും മിശ്ര സമ്പത്ത് വ്യവസ്ഥയും നെഹ്റുവിയൻ സോഷ്യലിസ്റ്റ് ആശയങ്ങളും ചേർന്ന് രൂപപ്പെടുത്തിയ ഇന്ത്യ എന്ന എന്ന മഹത്തായ ആദർശത്തിൻറെ നിലനിൽപ്പുതന്നെ അപകടത്തിൽ ആയിരിക്കുന്ന ഈ കാലഘട്ടത്തിൽ ജനാധിപത്യ വിശ്വാസികൾക്കും സോഷ്യലിസ്റ്റ് മതേതര കാഴ്ചപ്പാടുകൾ പുലർത്തുന്ന ഏവർക്കും നെഹ്റു ഒരു വലിയ വെല്ലുവിളിയാണ്. ഭാരതത്തിൻറെ ഗ്രാമഗ്രാമാന്തരങ്ങളെ തൻറെ നെഞ്ചോട് ചേർത്ത് സ്നേഹിച്ച പണ്ഡിറ്റ്ജിയുടെ ദീപ്തസ്മരണകൾ നമുക്കു ഊർജ്ജമാകട്ടെ.
ഇനിയും മരിക്കാത്ത, അസ്തമിക്കാത്ത ഒരു പ്രതീക്ഷയായി ജനാധിപത്യ ഭാരതത്തെ നമുക്ക് ഇട നെഞ്ചോട് ചേർത്തു നിർത്താം.

Exit mobile version