ഷിജു ആച്ചാണ്ടി
( പനമ്പിള്ളി ഗോവിന്ദമേനോന്റെ അമ്പതാം ചരമവാർഷിക ദിനമാണ് മെയ് 23 )
ചാലക്കുടിപ്പുഴയുടെ ഇടതുകരയില്‍ ഏഴാറ്റുമുഖം എന്നും വലതു കരയില്‍ തുമ്പൂര്‍മുഴി എന്നും അറിയപ്പെടുന്ന സ്ഥലത്താണ് ജലസേചനത്തിനുള്ള ചാലക്കുടി റിവര്‍ ഡൈവെര്‍ഷന്‍ പദ്ധതി. 1957 ല്‍ കമ്മീഷന്‍ ചെയ്ത ഈ പദ്ധതിയുടെ ഇടതുകര, വലതുകര എന്നീ പ്രധാന കനാലുകളുടെ ആകെ ദൈര്‍ഘ്യം എണ്‍പതില്‍ പരം കിലോമീറ്ററും ശാഖാ, ഉപശാഖാ കനാലുകളുടേത് ഇരുനൂറ്റെണ്‍പതില്‍ പരം കിലോമീറ്ററും വരും. ഇതിലെ ഇടതുകര കനാലിലെ പാറക്കടവ് മെയിനില്‍ നിന്നുള്ള കിഴക്കുംമുറി ബ്രാഞ്ചിലെ ഒരു ഉപശാഖയിലൂടെ തിരുമുടിക്കുന്നിലെ ഞങ്ങളുടെ പുരയിടത്തിലെത്തുമ്പോള്‍ ആ വെള്ളം പന്ത്രണ്ടു കിലോമീറ്റര്‍ ഒഴുകി കഴിഞ്ഞിരിക്കും. ഇപ്രകാരം മുകുന്ദപുരം, കുന്നത്തുനാട്, ആലുവ താലൂക്കുകളിലെ ഇരുപതിനായിരത്തോളം ഹെക്ടര്‍ സ്ഥലത്ത് ഈ കനാല്‍ ശൃംഘല ചാലക്കുടി പുഴയില്‍ നിന്നുള്ള വെള്ളമെത്തിക്കുന്നു. ഈ പ്രദേശങ്ങളിലാകെ ദൃശ്യമായ കാര്‍ഷികസമൃദ്ധിയുടെ അടിസ്ഥാനകാരണവും മറ്റൊന്നല്ല. വേനലില്‍ ഈ കനാലുകളിലൂടെയുള്ള വെള്ളം വരുന്നില്ലെങ്കില്‍ പല കിണറുകളും വറ്റും. ഫലത്തില്‍ കുടിവെള്ളം തന്നെയാണ് ഇവ ജനങ്ങള്‍ക്കെത്തിച്ചു തരുന്നത്.
കുറഞ്ഞൊരു നാള്‍ കൊച്ചി രാജ്യത്തിന്‍റെ പ്രധാനമന്ത്രിയും പിന്നീട് തിരു-ക്കൊച്ചി സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയും ഒടുവില്‍ കേന്ദ്രമന്ത്രിയുമായ ചാലക്കുടിക്കാരനായ ശ്രീ പനമ്പിള്ളി ഗോവിന്ദമേനോനാണ് ഈ ജലസേചന പദ്ധതി വിഭാവനം ചെയ്തതും നടപ്പാക്കിയതും. ചാലക്കുടി പുഴയില്‍ തടയണ കെട്ടി വെള്ളം വഴി തിരിച്ച്, പല പല ദേശങ്ങള്‍ കടത്തി മൈലുകള്‍പ്പുറം പാടത്തും പറമ്പിലുമെത്തിക്കാനാവുമെന്ന് അമ്പതുകളില്‍ ഈ പദ്ധതിക്കുവേണ്ടി പണിയെടുത്തിരുന്ന തൊഴിലാളികള്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. പനമ്പിള്ളിയുടെ “എത്ര മനോഹരമായ നടക്കാത്ത സ്വപ്നത്തെ” പരിഹസിച്ചുകൊണ്ടാണത്രെ അവര്‍ പദ്ധതിക്കായി പാറ പൊട്ടിച്ചിരുന്നതും മണ്ണു കോരിയിരുന്നതും.
പക്ഷേ ആ കനവുകള്‍ ജലം കുതിച്ചൊഴുകുന്ന കനാലുകളായി മാറുക തന്നെ ചെയ്തു.
അര്‍മാദിക്കാനാണ് ഏഴാറ്റുമുഖത്തു പോകാറുള്ളതെങ്കിലും കുറുകെ കെട്ടിയ തടയില്‍ തുളുമ്പിയും വിതുമ്പിയും നില്‍ക്കുന്ന ആ വെള്ളമാണ് കടുത്ത വേനലില്‍ കുടിനീരായി സ്വന്തം വീട്ടുമുറ്റത്തെത്തുന്നതെന്നും നാട്ടിലെ തെങ്ങും ജാതിയും നെല്ലും നടുതലകളും തളിരണിയിക്കുന്നതെന്നും നാം മറക്കാറില്ല.
വളഞ്ഞും പുളഞ്ഞും വഴി തിരിഞ്ഞൊഴുകി, ചാലുകള്‍ കീറി, ചാലക്കുടിപ്പുഴയിലെ വെള്ളം തലമുറകളുടെ ജീവിതങ്ങളെ ഹരിതാഭമാക്കുന്നതു സ്വപ്നം കണ്ട, സ്വപ്നസാക്ഷാത്കാരത്തിനായി പണിയെടുത്ത പൂര്‍വ്വികരെയും മറന്നു കൂടാ…
വിരാമതിലകം: പുഴ/ പരിസ്ഥിതി/ പുര/ പൗര സംരക്ഷണസമിതിക്കാരെ മറികടന്ന് ഇന്ന് ഇത്തരമൊരു പദ്ധതി നടപ്പാക്കാനാകുമോ എന്നതും ചിന്ത്യം.