Site icon Ente Koratty

രാജീവ് ഗാന്ധിയെന്ന യുവപ്രധാനമന്ത്രി മറവിയിലേയ്ക്കു മറയില്ല, ഒരിക്കലും

ഷിജു ആച്ചാണ്ടി

29 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ദിനം അതിരാവിലെ ഉറക്കമുണര്‍ന്നത് വിഷാദഭരിതമായ ശബ്ദത്തിലുള്ള ഒരു മൈക്ക് അനൗണ്‍സ്മെന്‍റ് കേട്ടാണ്. ജനാല തുറന്നു നോക്കുമ്പോള്‍ ഒരു ജീപ് പതിയെ നീങ്ങുന്നു.
“നമ്മുടെ പ്രിയങ്കരനായ മുന്‍ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധി തമിഴ്നാട്ടിലെ പെരുമ്പത്തൂരിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു.” – ഇതാണ് അന്നു പതിവുള്ള കോളാമ്പി സ്പീക്കറില്‍ നിന്ന് മുഴങ്ങിക്കൊണ്ടിരുന്ന വാചകം. ഈ വാചകം മാത്രം തുടര്‍ച്ചയായി ആവര്‍ത്തിച്ചുകൊണ്ടാണ് ആ ജീപ് സഞ്ചരിച്ചുകൊണ്ടിരുന്നത്. നേരം വെളുത്തിട്ടും വിട്ടകലാന്‍ മടിച്ച ഇരുട്ടിലേയ്ക്കു തുറിച്ചു നോക്കി എത്രയോ നേരം നിന്നുപോയി അനൗണ്‍സ്മെന്‍റ് കേട്ടുണര്‍ന്ന ഗ്രാമവാസികള്‍. ആ ഒരൊറ്റ വാക്യം ഉള്ളില്‍ നിറച്ച ഞെട്ടലും സങ്കടവും ഇന്നും അതേ തീവ്രതയോടെ ഓര്‍മ്മിക്കുവാന്‍ കഴിയുന്നുണ്ട്.

1984 ല്‍ ഇന്ദിരാഗാന്ധിയുടെ അന്ത്യകര്‍മ്മങ്ങള്‍ കുട്ടികളായ ഞങ്ങള്‍ കണ്ടത്, പന്തയ്ക്കല്‍ പൈനാടത്ത് ജോണിച്ചേട്ടന്‍റെ വീട്ടില്‍ പോയാണ്. അവിടെ മാത്രമേ അന്ന് തിരുമുടിക്കുന്ന് ഭാഗത്ത് ടെലിവിഷന്‍ ഉണ്ടായിരുന്നുള്ളൂ. മുറ്റത്ത് കൂട്ടം കൂടി നിന്ന്, നിറയെ ഗ്രെയിന്‍സ് ഉള്ള ടി വി സ്ക്രീനിലേയ്ക്ക് കുട്ടികളായ ഞങ്ങള്‍ എത്തി വലിഞ്ഞു നോക്കി. അമ്മയുടെ ചിതയ്ക്കു വലം വയ്ക്കുകയും തീ കൊളുത്തുകയും ചെയ്യുന്ന രാജീവ് ഗാന്ധിയുടെ ചിത്രം. അതും മറന്നിട്ടില്ല. ഒരു പക്ഷേ രാഷ്ട്രീയനേതാക്കളുടേതായി ആദ്യം കണ്ട ഒരു ചലന ദൃശ്യം. അതിലുണ്ടായിരുന്നതാകട്ടെ ചലനമറ്റ രാഷ്ട്രനായികയും.

രാഷ്ട്രീയം എന്തു തന്നെയായിരുന്നാലും അമ്മയുടെയും മകന്‍റെയും മരണങ്ങള്‍ രാഷ്ട്രത്തിനു വേണ്ടിയുള്ള രക്തസാക്ഷിത്വങ്ങളായിരുന്നു എന്നു പറയാന്‍ ഞാന്‍ മടിക്കുന്നില്ല. കാരണം, സ്വന്തം കാര്യം മാത്രം നോക്കി നടന്നിരുന്നെങ്കില്‍ അകറ്റി നിറുത്താന്‍ കഴിയുമായിരുന്ന മരണങ്ങളാണവ.

നാല്‍പതു വയസ്സില്‍ പ്രധാനമന്ത്രിയായി നാല്‍പത്തഞ്ചു വയസ്സു വരെ ഇന്ത്യയെ ഭരിച്ച രാജീവ് ഗാന്ധിയുടെ യുവനേതൃത്വം ഇന്ത്യയെ വികസനത്തിന്‍റെയും പുരോഗതിയുടേയും പുതിയൊരു പന്ഥാവിലേയ്ക്കു നയിച്ചു എന്നു നിസ്സംശയം പറയാം. തന്‍റെ ഡൂണ്‍ സ്കൂള്‍ സഹപാഠികളെ മന്ത്രിസഭയില്‍ ചേര്‍ത്തും സാം പിത്രോദയെ പോലുള്ള ടെക് ഗുരുക്കന്മാരെ പിന്നില്‍ നിറുത്തിയും രാജീവ് നടത്തിയ ഭരണം അനിവാര്യമായ അനേകം മാറ്റങ്ങള്‍ സൃഷ്ടിച്ചു.

ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും ടെലിഫോണ്‍ കൊണ്ടു വരും എന്നതായിരുന്നു അന്നു തുടക്കമിട്ട ടെലികോം വിപ്ലവത്തിന്‍റെ ഒരു വാഗ്ദാനം. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും കുടിവെള്ളം എത്തിച്ചിട്ടു പോരേ ടെലിഫോണ്‍ എന്നതായിരുന്നു ആ വാഗ്ദാനത്തിനു ലഭിച്ച തിരിച്ചടി. കേട്ടപ്പോള്‍ ശരിയാണല്ലോ എന്നു തോന്നി. ശാസ്ത്ര സാങ്കേതിക പുരോഗതിയ്ക്കായി ബൃഹദ് പദ്ധതികള്‍ ആവിഷ്കരിക്കപ്പെടുമ്പോള്‍ എപ്പോഴുമുയരുന്ന വിമര്‍ശനങ്ങളാണവ. അരിയും തുണിയും മരുന്നും വെള്ളവുമില്ലാതെ ശാസ്ത്ര സാങ്കേതിക പുരോഗതി എന്തിനെന്ന ചോദ്യം.

എന്നാല്‍, ടെലിഫോണും പബ്ലിക് ഫോണ്‍ ബൂത്തുകളും ഇന്ത്യയുടെ ഗ്രാമാന്തരങ്ങളില്‍ പോലുമെത്തി. അതു ദരിദ്രര്‍ക്കും സാധാരണക്കുമാര്‍ക്കാണ് കൂടുതല്‍ ഉപകാരപ്പെട്ടത് എന്നതു നാം കണ്ടറിഞ്ഞു. ശാസ്ത്ര സാങ്കേതിക പുരോഗതി, അതു നേരിട്ടുപയോഗിക്കാത്തവരുടെ ജീവിതങ്ങളെ പോലും ഗുണപരമായി സ്വാധീനിക്കുമെന്ന്, ബഹിരാകാശശാസ്ത്രത്തിലെ വളര്‍ച്ചയ്ക്ക് സാധാരണക്കാര്‍ക്കു പ്രയോജനപ്പെടുന്ന അനേകം പാര്‍ശ്വഫലങ്ങളുണ്ടെന്നു ഇന്നു നമുക്കറിയാം. പ്രധാനമന്ത്രിയെന്ന നിലയിലുള്ള രാജീവ് ഗാന്ധിയുടെ അ‍ഞ്ചു വര്‍ഷം ഇന്ത്യയ്ക്കു വിസ്മരിക്കാനാവില്ല.

1989 ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ശേഷം, തന്‍റെ മുന്‍ സഹപ്രവര്‍ത്തകനായ വി പി സിംഗിന്‍റെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുത്ത് ഹൃദ്യമായ പുഞ്ചിരിയോടെ അധികാരം കൈമാറി മടങ്ങുന്ന രാജീവ്,ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ കരുത്തിനെയും ഒപ്പം രാജീവിന്‍റെ അന്തസ്സിനെയും തെളിയിക്കുന്ന ഒരു ചിത്രമായി ചരിത്രത്തില്‍ അവശേഷിക്കുന്നുണ്ട്. രാജീവ് കൊല്ലപ്പെടാതിരുന്നെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെയും ഇന്ത്യയെന്ന രാഷ്ട്രത്തിന്‍റേയും ചരിത്രം എന്തായി പരിവര്‍ത്തനപ്പെടുമായിരുന്നു എന്ന ആലോചന സ്വാഭാവികമാണ്. വര്‍ഗീയരാഷ്ട്രീയത്തിനു പകരം ജനാധിപത്യരാഷ്ട്രീയത്തിന്‍റെ തന്നെ പരീക്ഷണശാലയായി ഇന്ത്യ തുടരുമായിരുന്നുവോ?
സ്വാഭാവികമാണെങ്കിലും ഇത്തരം ആലോചനകള്‍ അപ്രസക്തമാണ് എന്നു നമുക്കറിയാം. കാരണം, അത്തരം അപ്രസക്തികളാണ് എന്നും ചരിത്രത്തിന്‍റെ ചക്രം തിരിക്കുന്നത്.

ഏതായാലും, രാജീവ് ഗാന്ധിയെന്ന യുവപ്രധാനമന്ത്രി മറവിയിലേയ്ക്കു മറയില്ല, ഒരിക്കലും.

Exit mobile version