സാബു പള്ളിപ്പാട്ട്, വിയന്ന
ഈ കൊറോണക്കാലത്ത് സ്വാന്ത്വനവുമായി എത്ര കലാകാരന്മാരാണ് വരുന്നത്. ജോൺ എബ്രഹാമിന്റെ അകാല വിടവാങ്ങലിൽ
ഒ .വി . വിജയൻ കുറിച്ചതിൽ ചില വരികൾ ഓർമ്മവരുന്നു. അത് ഏതാണ്ട് ഇങ്ങനെയായിരുന്നു. ഓരോ മനുഷ്യനും തന്നിലെ മനുഷ്യത്വം തിരിച്ചറിയുന്ന വ്യത്യസ്‌തകളെയാണ് കലയായി തിരിച്ചറിയേണ്ടത്. അങ്ങനെ വരുമ്പോൾ ഓരോരുത്തരും പലരീതിയിൽ കലാകാരന്മാരാണ്.
മറ്റു ജീവികളെ വേട്ടയാടാൻ കല്ലു കൊണ്ട് ആയുധങ്ങൾ മെനഞ്ഞതാവാം മനുഷ്യമനസ്സിൽ വിരിഞ്ഞ ആദ്യ കലാരൂപങ്ങൾ. അത് ഓർത്തെടുത്ത് പിന്നെ ഗുഹാപ്രതലങ്ങളിൽ കോറിയിട്ടു. ഒഴിവു സമയങ്ങളിൽ തനിക്കു ചുറ്റും നോക്കി തന്റെ ശൂന്യത തിരിച്ചറിഞ്ഞു. മഹാപ്രപഞ്ചത്തെ നമിച്ചുകൊണ്ട് മനസ്സിൽ ദൈവിക ബിംബങ്ങൾ തീർത്തു. ദൈവബിംബങ്ങൾ അങ്ങനെ കലയുടെ ഉദാത്തമായ ആവിഷ്‌ക്കാരമായി മാറി.
യേശുവും, ബുദ്ധനുമൊക്കെ എത്ര വലിയ കലാകാരന്മാരാണ്. ശൂന്യമായ മനുഷ്യ അസ്തിത്വങ്ങൾക്ക് മുൻപിൽ മനുഷ്യമനസ്സിന്റെ എക്കാലത്തെയും സ്വാന്ത്വന സംഗീതമായി മാറിയവരാണ് അവർ.
ബുദ്ധൻ എന്നും തന്റെ സംഘത്തെ അരികിൽ വിളിച്ച് സംസാരിക്കുമായിരുന്നു. ചെറിയ കാര്യങ്ങളാണ് പറഞ്ഞു കൊണ്ടിരുന്നത്.പക്ഷെ കേട്ടിരുന്നവർക്ക് കാലം ചെന്നപ്പോൾ ബുദ്ധനും, സംസാരവും വലിയ കാര്യങ്ങളായി.
അത് ബുദ്ധനും സ്വയം തോന്നി തുടങ്ങി.
അങ്ങനെ ഒരു ദിവസം ബുദ്ധൻ വലിയ പ്രഭാഷണം പ്രതീക്ഷിച്ചിരുന്ന ഭിക്ഷുക്കളുടെ മുന്നിലേക്ക് ഒരു താമര പൂവുമായാണ് കടന്നുവന്നത്. പൂവുമായി ബുദ്ധൻ വെറുതെ ഇരുന്നു. വളരെ ഗൗരവത്തോടെ ബുദ്ധനെ കേൾക്കാൻ അവർ കാത്തിരുന്നു. ബുദ്ധൻ ഒരു നിമിഷം തിരിഞ്ഞു തന്റെ പ്രധാന ശിഷ്യനായിരുന്ന മഹാകശ്യപനെ നോക്കി പുഞ്ചിരിച്ചു. അദ്ദേഹവും ബുദ്ധന്റെ ചിരിയുടെ അർത്ഥമറിഞ്ഞു ചിരി തൂകി.കൂടിയിരുന്നവർ അപ്പോഴും എന്തോ പ്രതീക്ഷിച്ചിരിക്കയായിരുന്നു. പ്രതീക്ഷകളുടെ അമിതഭാരത്താൽ ബുദ്ധന്റെ പുഞ്ചിരിയും, മനോഹരമായ ആ പൂവും അവരിലാരും കാണാതെ പോയി.
തന്നെ തന്നെ ശൂന്യമാക്കിയ കൊറോണക്കാലം നമുക്ക് ചിലതെല്ലാം കാണിച്ചു തരുന്നുണ്ട്. ശൂന്യമാവുന്ന മനുഷ്യ അസ്തിത്വവും, അപ്പുറം മഹാപ്രപഞ്ചവും. അസ്തിത്വത്തിന് ശേഷമാണ് സത്തയെന്നാണ് സാർത്ര് പറഞ്ഞത്.
ഈ ശൂന്യത മനുഷ്യരെ കൂടുതൽ നല്ല മനുഷ്യരാക്കട്ടെ..