ദേവദാസ് കടയ്ക്കവട്ടം
ചരിത്ര സ്മൃതികളുണർത്തുന്ന – പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇത്തവണ അത്യാവശ്യ ചടങ്ങുകളിൽ മാത്രം – ഈ കോവിഡ് കാലത്ത് അടച്ചു പൂട്ടലിൻ്റെ പശ്ചാത്തലത്തിൽ ഈ ഒഴിവാക്കൽ ഒരു അനിവാര്യതയാണെങ്കിലും ലോകമെമ്പാടുമുള്ള പൂരപ്രേമികളുടെ ഹൃദയങ്ങളിൽ അത് ചെറുതല്ലാത്ത നൊമ്പരമുളവാക്കുന്നുണ്ട്.
ലോകത്തിന് മുൻപിൽ കേരളത്തിൻ്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശൂർ ഒരുക്കുന്ന കാഴ്ചയുടേയും ശബ്ദത്തിൻ്റേയും വിസ്മയമാണ് പൂരം. ലോകമെങ്ങും നാശം വിതയ്ക്കുന്ന ഒരു മഹാമാരി പടരുമ്പോൾ അതിനെതിരെയുള്ള പടയൊരുക്കത്തിൻ്റെ ഭാഗമായിട്ടാണ് ഇത്തവണ പൂരാഘോഷം വേണ്ടെന്ന് വച്ചത്. ദേശ ഭാഷ,ജാതി, മത, വർഗ്ഗ, വർണ്ണ, ലിംഗഭേദമില്ലാതെ സകലമാനവരും ഒത്തുകൂടുന്ന കൂട്ടായ്മയാണ് തൃശൂർ പൂരം.ഏകദേശം 200 വർഷങ്ങൾക്ക് മുൻപ് ശക്തൻ തമ്പുരാൻ കൊളുത്തി വച്ച സാഹോദര്യത്തിൻ്റേയും അഭിമാനത്തിൻ്റേയും കൂട്ടായ്മയുടേയും ഈ കൈത്തിരി ഇന്നുവരെ കെടാതെ ലോക ഭൂപടത്തിൽ തൃശൂരിൻ്റെ പൊൻപ്രഭയായി തിളങ്ങുന്നു.
അനേകം ചെറുപൂരങ്ങളുടെ ഒരു സമന്വയമാണ് തൃശൂർ പൂരം. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളാണ് ഇതിലെ ഏറ്റവും ആകർഷകവും പ്രധാനവുമായ നേതൃത്വം വഹിക്കുന്നത്. എല്ലാ പൂരങ്ങളുടേയും മൂകസാക്ഷിയായി വടക്കുംനാഥനും.
പണ്ടുകാലങ്ങളിൽ പാറമേക്കാവും തിരുവമ്പാടിയും തമ്മിൽ കടുത്ത മത്സരമായിരുന്നു. ഏതാണ് കൂടുതൽ നല്ലത് എന്ന് പൂരപ്പറമ്പിൽ വച്ച് ആരെങ്കിലും ചോദിച്ചാൽ “തിരുതകൃതി തിരുവമ്പാടി, കാണാൻ നല്ലത് പാറമേക്കാവ് ” എന്ന രീതിയിലേ മറുപടി പറയാനാവൂ എന്ന് കാരണവൻമാർ പറഞ്ഞ് കേട്ടിട്ടുണ്ട്. ഏതിനെങ്കിലും മികവ് കൂടുതലാണെന്ന് പറഞ്ഞാൽ മറുവിഭാഗം വാശി കയറി ആക്രമിക്കുമത്രേ! ഇന്ന് ഈ മത്സരബുദ്ധി കുടമാറ്റത്തിൽ മാത്രമേ കാണാറുള്ളൂ. പക്ഷേ, ഇത്തവണ ഇത്തരം മത്സരങ്ങൾക്കോ വാശിക്കോ സ്ഥാനമില്ലാതായിരിക്കുന്നു!
ഒരാഴ്ച മുൻപ് തുടങ്ങുന്ന കൊടിയേറ്റത്തിനോ പുരുഷാരം നിറഞ്ഞ് കവിഞ്ഞ് നിൽക്കാറുള്ള പൂരത്തിനോ ഇത്തവണ ആളും ആരവവുമുണ്ടാകില്ല. പൂരത്തലേന്നുണ്ടാകാറുള്ള മനസ്സുകളിൽ മഴവില്ല് വിരിയിക്കാറുള്ള ആനച്ചമയ പ്രദർശനസ്ഥലം ഇത്തവണ മൗനത്തിൻ്റെ പുതപ്പിനുള്ളിലായിരുന്നിരിക്കും.
താനെത്താത്തതു കൊണ്ടാണ് ഇത്തവണ പൂരം നടക്കാൻ തടസ്സമായത് എന്ന് ചിന്തിച്ച് കണിമംഗലം ശാസ്താവ് മനസ്സ് നീറിയിരിക്കുന്നുണ്ടാകുമോ എന്തോ…
ശാസ്താവിൻ്റെ വരവോടെയാണല്ലോ 36 മണിക്കൂർ നീണ്ടുനിൽക്കുന്ന പൂരത്തിന് തുടക്കം കുറിയ്ക്കാറുള്ളത്. രാവിലെ 7ന് തന്നെ പാറമേക്കാവിലെത്തി വടക്കുംനാഥൻ്റെ കിഴക്കേ ഗോപുരം വഴി പുറത്ത് കടക്കാറുള്ള പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താവും വടക്കുംനാഥ ദർശനം മുടങ്ങിയ വിഷമത്തിലായിരിക്കും.
വെയിൽ മൂത്താൽ തലവേദനയെടുക്കുമെന്നതിനാൽ നേരത്തേതന്നെ വടക്കുംനാഥനെ ദർശിക്കാനെത്താറുള്ള ചെമ്പുക്കാവ് ഭഗവതിയും പതിവ് പഞ്ചാരിമേളം പൂരപ്രേമികൾക്കും ഭഗവാനും കാഴ്ചവെയ്ക്കാൻ കഴിയാത്ത ദു:ഖത്തിലായിരിക്കും.
മണികണ്ഠനാൽ പന്തലിൽ ഒൻപത് ആനകളെ അണിനിരത്തി പാണ്ടിമേളം തകർക്കാറുള്ള കാരമുക്ക് ഭഗവതി നെഞ്ചിൽ ഒരു നീറ്റലോടെ കഴിയുകയായിരിക്കും. പൂര ദിവസം രണ്ട് പ്രാവശ്യം എഴുന്നള്ളാറുള്ള ലാലൂർ ഭഗവതിയും ഇത്തവണ ലോക്ക് ഡൗൺ കുരുക്കിൽ നീറുന്ന മനസ്സുമായി സമയം പോക്കുകയാവും. പതിനാല് ആനകളുടെ അകമ്പടിയോടെ എഴുന്നള്ളി പാറമേക്കാവിലമ്മയ്ക്ക് പുറപ്പെടാനുള്ള അടയാളമാവാറുള്ള ചൂരക്കോട്ട് കാവിലമ്മയുടേയും അവസ്ഥ മറിച്ചായിരിക്കില്ല. പൂര ദിവസം അതി രാവിലെ മൂന്ന് മണിക്ക് തന്നെ ആറാട്ട് കഴിഞ്ഞ് പുറപ്പെട്ട് പോരും വഴി നീളെ വിവിധ പറകൾ ഏറ്റുവാങ്ങി വടക്കുംനാഥനെ വണങ്ങാറുള്ള അയ്യന്തോൾ കാർത്യായനീ ഭഗവതിയും ഇത്തവണ എത്തിയിട്ടുണ്ടാവില്ല.
പൂരത്തിന് വേണ്ടി മാത്രമായി തുറക്കാറുള്ള തെക്കേ ഗോപുരനട നെയ്തലക്കാവിലമ്മ എത്താത്തതിനാൽ ഇത്തവണ അടഞ്ഞുതന്നെ കിടക്കുകയായിരിക്കും. ആദ്യ പാണ്ടിയും ത്രിപുടയും കൊമ്പു പറ്റും കുഴൽപറ്റുമൊക്കെ കഴിഞ്ഞ് ഈ ഗോപുരനടവഴിയുള്ള അമ്മയുടെ ഇറക്കം ഇത്തവണയുണ്ടാവില്ല.
നായ്ക്കനാലിൽ മധ്യകാലവും തീരുകലാശവും കാഴ്ചവയ്ക്കുന്ന മoത്തിൽ വരവും നൊമ്പരം കലർന്ന ഓർമ്മയാണിത്തവണ. ചെമ്പടയും പാണ്ടിയും കലാശവും കഴിഞ്ഞ് തേക്കിൻകാട്ടേയ്ക്കുള്ള പാറമേക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് രണ്ട് കലാശം കഴിഞ്ഞ് ഇലഞ്ഞിത്തറയിലെത്തുമ്പോഴേക്കും പൂരപ്രേമികളുടെ മനസ്സിൽ മേളപ്പെരുക്കം തുടങ്ങും.പിന്നെ അനേകം കലാകാരൻമാരുടെ പ്രകടനമാണ്. പതികാലത്തിൽ തുടങ്ങി ഇടത്ത് കലാശവും അടച്ചു കലാശവും തകൃതയും ശേഷം ത്രിപുടയും – അതവസാനിക്കുമ്പോൾ മുട്ടിൻമേൽച്ചെണ്ടയും. വടക്കുംനാഥൻ്റെ കൂത്തമ്പലത്തിൽ പ്രതിധ്വനിക്കാറുള്ള ഇലഞ്ഞിത്തറമേളം ..അതും ഇക്കുറി നമുക്കന്യം!
ശബ്ദ പ്രപഞ്ചം തീർത്തു കൊണ്ട് വടക്കുംനാഥനെ വലംവച്ചു കൊണ്ട് പാറമേക്കാവിൽ ഭഗവതി ആഘോഷപൂർവം ഇത്തവണതെക്കോട്ടിറങ്ങില്ല. പാറമേക്കാവിൽ ഭഗവതിയും തിരുവമ്പാടി ഭഗവതിയും തമ്മിലുള്ള അഭിമുഖവും കാഴ്ചക്കാരൻ്റെ കണ്ണുകളെ കുളിർപ്പിക്കുന്ന കുടമാറ്റവും ഇത്തവണ നൊമ്പര സ്മരണ മാത്രം! പൂരത്തിന്അച്ഛനമ്മമാരുടെ തോളത്തിരുന്ന് വർണ്ണക്കുടകളുടെ മേളനം കണ്ട് അത്ഭുതത്തോടെ കയ്യടിക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ നാളത്തെ പത്രങ്ങളിൽ വരില്ല
ശബ്ദ പ്രപഞ്ചവും വർണ്ണ വിസ്മയവും തീർക്കാറുള്ള, തൃശൂർ പൂരത്തിൻ്റെ പ്രധാന ആകർഷണമായ വെളുപ്പിന് മൂന്ന് മണിക്കുള്ള വെടിക്കെട്ട് ഇത്തവണ കമ്പക്കാരുടെ കാതടിപ്പിക്കില്ല.
തൃശൂർകാർക്ക് മാത്രമായുള്ള പൂരപ്പിറ്റേന്നുള്ള പകൽപ്പൂരവും ഇത്തവണ ചടങ്ങുകളിലൊതുങ്ങും.
മണികണ്ഠനാലിൽ നിന്ന് പാറമേക്കാവിൽ ഭഗവതിയും നായ്ക്കനാലിൽ നിന്ന് തിരുവമ്പാടി ഭഗവതിയും പുരുഷാരത്തെ സാക്ഷി നിർത്തി ഇത്തവണ ഉപചാരം ചൊല്ലിപ്പിരിയാൻ സാധ്യതയില്ല. കണ്ടു നിൽക്കുന്നവരുടെ കണ്ണുകളെ നനയിച്ച് ” അടുത്ത പൂരത്തിന് കാണാം ” എന്ന് കഴിഞ്ഞ പൂരത്തിന് പറഞ്ഞത് ഭംഗിവാക്കായിപ്പോയോ എന്ന് ഇരു ഭഗവതിമാരുംകുണ്ഠിതപ്പെട്ടിരിക്കാം. പൂരപ്പിറ്റേന്ന് പതിനായിരങ്ങൾക്ക് വിളമ്പാറുള്ള മട്ടയരിക്കഞ്ഞിയുടേയും മുതിരപ്പുഴുക്കിൻ്റേയും മാമ്പഴപ്പുളിശേരിയുടേയും മറ്റും മണവും രുചിയുമെല്ലാം ഒരിക്കൽക്കൂടിയറിയാൻ തൃശൂര്കാർ ഇനി അടുത്ത പൂരം വരെ കാക്കേണ്ടി വരും.
പൂരത്തിൻ്റെ ഭാഗമായി മാസക്കളോളം നീണ്ട് നിൽക്കാറുള്ള പൂരം എക്സിബിഷനും ഇത്തവണയില്ല. എത്രയോ ആളുകളുടെ സാമ്പത്തിക സ്രോതസ്സാണ് ഒറ്റയടിക്ക് നിലച്ച് പോയത്! പൂരത്തിൻ്റെ ദിവസം കേരളത്തിലെ എല്ലാ വീടുകളിലും മുഴങ്ങിക്കേൾക്കാറുള്ള ചാനലുകളിലെ മേള ധ്വനിയും ഈ പ്രാവശ്യമില്ല. എത്രയാളുകളുടെ സന്തോഷമാണ് ഒരു കുഞ്ഞൻ വൈറസ് അപഹരിച്ചെടുത്തത്.ഏത് വൈറസ് വന്നാലും മലയാളി ഉള്ളിടത്തോളം തൃശൂരും തൃശൂർ പൂരവും ഒരു വികാരമായി ഓരോരുത്തരുടേയും ഉള്ളിൻ്റെയുള്ളിൽ നിറഞ്ഞു് നിൽക്കും എന്നത് നിസ്തർക്കമാണ് ..
എല്ലാവർക്കും തൃശൂർ പൂരത്തിൻ്റെ എല്ലാ ആശംസകളും നേരുന്നു…