Site icon Ente Koratty

നാടകനിലയം ഔസേപ്പച്ചന്‍ – നടനും നാടകസംഘാടകനും

– ഷിജു ആച്ചാണ്ടി

പ്രൊഫഷണല്‍ നാടകവേദിയെ തന്‍റെ ജീവിതമായും ജീവിതമാര്‍ഗമായും തിരഞ്ഞെടുത്ത അപൂര്‍വം കൊരട്ടിക്കാരില്‍ ഒരാളാണ് ശ്രീ നാടകനിലയം ഔസേപ്പച്ചന്‍. 1952 സെപ്തംബര്‍ 19 നാണ് തിരുമുടിക്കുന്ന് കണ്ടംകുളത്തി കുടുംബത്തിൽ അദ്ദേഹത്തിന്‍റെ ജനനം. തിരുമുടിക്കുന്ന് പള്ളിപ്പെരുന്നാളിനു ഇതേ പള്ളിയങ്കണത്തില്‍ അക്കല്‍ദാമ എന്ന നാടകം അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം നാടകത്തില്‍ അരങ്ങേറ്റം നടത്തുന്നതെന്നു പറയാം. തിരുമുടിക്കുന്നില്‍ രസന തിയറ്റേഴ്സ് എന്ന നാടകസമിതിയ്ക്കും അദ്ദേഹം തന്‍റെ കൌമാരകാലത്തു രൂപം നല്‍കി. അന്പതു വര്‍ഷത്തിലേറെ കാലം നായകനടനായി കേരള നാടകവേദിയില്‍ നിറഞ്ഞു നിന്ന സുപ്രസിദ്ധനായ ശ്രീ ടി കെ ജോണിന്‍റെ നേതൃത്വത്തിലുള്ള വൈക്കം മാളവിക തിയറ്റേഴ്സില്‍ നടനായി ചേര്‍ന്നുകൊണ്ടാണ് ഔസേപ്പച്ചന്‍ പ്രൊഫഷണല്‍ നാടകരംഗത്തേയ്ക്കു പ്രവേശിക്കുന്നത്. ചങ്ങനാശേരി ഗീഥ, യശ്ശശരീരനായ ശ്രീ തിലകന്‍ നേതൃത്വം നല്‍കിയ പി ജെ തിയറ്റേഴ്സ്, അങ്കമാലി മാനിഷാദ, പൌര്‍ണമി തുടങ്ങിയ നാടകസംഘങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. മറ്റൊരു കൊരട്ടിക്കാരന്‍ കൂടിയായ വര്‍ഗീസ് പോളിന്‍റെ നാടകങ്ങളിലെ കഥാപാത്രങ്ങള്‍ക്കു രൂപം നല്‍കിക്കൊണ്ട് അദ്ദേഹം കേരളത്തിലെ കൊമേഴ്സ്യല്‍ നാടകരംഗത്ത് സ്വന്തമായ വിലാസവും സ്വാധീനവും ഉറപ്പിച്ചു.

അങ്കമാലി പൌര്‍ണിയുടെ നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്പോഴാണ് അദ്ദേഹം സ്വന്തമായി ഒരു നാടകസമിതിയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത്. അങ്കമാലി നാടകനിലയം എന്ന പേരില്‍ ട്രൂപ്പ് ഉണ്ടായി. വര്‍ഗീസ് പോള്‍ എഴുതിയ കലാപം ആയിരുന്നു ആദ്യനാടകം. ഡി കെ ചെല്ലപ്പന്‍ സംവിധായകനും മുഖ്യനടനുമായ നാടകങ്ങള്‍ നാടകനിലയം തുടര്‍ച്ചയായി ഓരോ വര്‍ഷവും അരങ്ങിലെത്തിച്ചുകൊണ്ടിരുന്നു. ഇരുട്ട്, സ്വര്‍ഗം തുറക്കുന്ന സമയം, മാന്ത്രികപൂച്ച, ജ്വലനം, ഇന്ധനം, രക്ഷകന്‍ തുടങ്ങിയ നാടകങ്ങള്‍ കേരളത്തില്‍ വന്‍ വിജയങ്ങളാകുകയും ഓരോ വര്‍ഷവും നൂറു കണക്കിനു വേദികള്‍ പിന്നിടുകയും ചെയ്തു. ഇവയില്‍ പലതിലും എന്‍ എഫ് വര്‍ഗീസും മറ്റും അഭിനയിച്ചിരുന്നു. ഡി കെ നാടകാവതരണത്തിനിടെ വേദിയില്‍ വീണു മരിക്കുകയായിരുന്നു.

തുടര്‍ന്നു ബാലന്‍ അയ്യന്പിള്ളി രചിച്ച വീരശൃംഘല, യന്ത്രപ്പാവകള്‍ എന്നീ നാടകങ്ങളോടെ അങ്കമാലി നാടകനിലയം കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള നാടകസമിതിയായി ഉയര്‍ന്നു. ആഗോളീകരണത്തിന്‍റെയും ഉദാരവത്കരണത്തിന്‍റെയും അതിന്‍റെ കെടുതികളുടേയും വരവു മുന്‍കൂട്ടി കണ്ട നാടകമായിരുന്നു യന്ത്രപ്പാവകള്‍. വീരശൃംഘല കശ്മീര്‍ പ്രശ്നത്തിന്‍റെ മലയാള ആവിഷ്കാരമായിരുന്നു. ഇവ നാടകനിലയത്തിനു സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡുകള്‍ നേടിക്കൊടുത്തു. ഈ നാടകങ്ങളെല്ലാം സംഘടിപ്പിക്കുകയും ഒപ്പം പ്രധാനവേഷങ്ങളില്‍ അഭിനയിക്കുകയും ചെയ്തത് ഔസേപ്പച്ചനാണ്.

തുടര്‍ന്ന് നാടകരംഗത്തെ ഇതിഹാസതുല്യനായ എന്‍ എന്‍ പിള്ളയുടെ ചരിത്രപ്രധാനമായ നാടകങ്ങള്‍ വീണ്ടും രംഗത്തവതരിപ്പിച്ചുകൊണ്ടാണ് നാടകനിലയവും ഔസേപ്പച്ചനും സ്വന്തം വളര്‍ച്ചയുടെ ചരിത്രത്തിലെ മറ്റൊരു സുവര്‍ണാധ്യായത്തിലേയ്ക്കു പ്രവേശിച്ചത്. പിള്ളസാറിന്‍റെ ക്രോസ്ബെല്റ്റ് വിജയകരമായി വേദികള്‍ കീഴടക്കി. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ബൂമറാംഗ് അവതരിപ്പിക്കാന്‍ തുടങ്ങി. ആ നാടകവുമായി ഉത്തരകേരളത്തില്‍ പര്യടനം നടത്തുന്പോഴാണ്, 1995 ഏപ്രില്‍ പത്തൊന്പതിനു ആ ജീവിതത്തിനു തിരശ്ശീല വീണത്.

നാടകം തേടി നാടു വിടുകയും നാടകത്തെ കൂട്ടി മടങ്ങി വരികയും നാടകം കൊണ്ടു ജീവിക്കുകയും ഒടുവില്‍ നാടകത്തിനൊപ്പം എന്നേക്കുമായി വിട വാങ്ങുകയും ചെയ്ത കൊരട്ടിയിലെ ഒരു കലാകാരനാണ് ഔസേപ്പച്ചന്‍….

Exit mobile version