Site icon Ente Koratty

അതിരു കടന്ന വായനശാല (ഇന്ന് ലോക പുസ്തകദിനം)

ലേഖകൻ- ഷിജു ആച്ചാണ്ടി

തിരുമുടിക്കുന്നിലുള്ള കൊരട്ടി ഗവ. ഗാന്ധിഗ്രാം ത്വക് രോഗാശുപത്രിയിലെ വായനശാല പ്രയോജനപ്പെടുത്തിയത് ആശുപത്രിയിലെ അന്തേവാസികള്‍ മാത്രമല്ല.
‘ഇന്‍മേറ്റ്സ് ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂം’ എന്നാണു പേരെങ്കിലും ചുറ്റുവട്ടത്തുള്ളവര്‍ക്കും അംഗത്വവും പുസ്തകങ്ങളും നല്‍കാന്‍ അതിന്‍റെ നടത്തിപ്പുകാര്‍ എന്നും സൗമനസ്യം കാണിച്ചിരുന്നു. ലൈബ്രറി, അതിനോടു ബന്ധപ്പെട്ട ഭാരതകലസമിതി തുടങ്ങിയവ നടത്തുന്ന വിവിധ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ തിരികെ നാട്ടുകാരും സഹകരിച്ചു പോന്നു. സാനട്ടോറിയത്തിനുള്ളിലെ അമ്പലത്തിലെ ഉത്സവം, പള്ളിപ്പെരുന്നാള്‍, കുഷ്ഠരോഗനിവാരണവാരാചരണം, കലാസമിതി വാര്‍ഷികം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ അനേകം സാംസ്കാരിക പരിപാടികള്‍ അവിടെ അരങ്ങേറി.

കെ പി എ സി മുതല്‍ കലാഭവന്‍ വരെയുള്ള വിവിധങ്ങളായ ട്രൂപ്പുകള്‍ കലാപരിപാടികളുമായി അവിടെയെത്തി. തിലകന്‍ അവിടെ അഭിനയിച്ചു, യേശുദാസ് പാടി, ഐ എം വിജയന്‍ പന്തു കളിച്ചു. പിന്നെത്രയോ പേര്‍. ഇവരാരും വന്നത് പ്രതിഫലം കണക്കു പറഞ്ഞു വാങ്ങിയിട്ടായിരുന്നില്ല. അക്കാലങ്ങളില്‍ പുറംലോകത്തിറങ്ങാന്‍ വലിയ സാദ്ധ്യതകളില്ലാതിരുന്ന അന്തേവാസികള്‍ക്ക് ആശ്വാസമേകാന്‍ വന്നവരാണവര്‍. പക്ഷേ, അതെല്ലാം ആസ്വദിക്കാന്‍ നാട്ടുകാര്‍ക്കും അവസരം ലഭിച്ചു.

നാട്ടുകാരും അന്തേവാസികളും ചേര്‍ന്നുള്ള അമച്വര്‍ കലാവതരണങ്ങളും ആസ്പത്രിവളപ്പിലെ വിവിധ വേദികളില്‍ അരങ്ങേറി. കുംബ്സോള്‍ എന്നറിയപ്പെട്ട ഡോ.കുംബ്സ് മെമ്മോറിയല്‍ ഹാള്‍ എന്ന ഓ‍ഡിറ്റോറിയം, അതിനു മുമ്പിലെ ഓപണ്‍ സ്റ്റേജ്, മൈതാനം തുടങ്ങിയവ ഒരുപാട് കലാ, കായിക, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കു പാശ്ചാത്തലമൊരുക്കി. ‍

ചുറ്റുവട്ടത്തുള്ള അനേകം പേര്‍ സൈക്കിളും ബൈക്കും കാറും ഓടിക്കാന്‍ പഠിച്ചതും ആ മൈതാനത്താണ്. സ്വാതന്ത്ര്യത്തിനപ്പുറത്തേക്കു നീളുന്ന ചരിത്രമുറങ്ങുന്ന നൂറേക്കറിലധികം വരുന്ന സ്ഥലം, അതില്‍ ഇടതിങ്ങി വളരുന്ന വന്മരങ്ങള്‍, അവയുടെ തണലില്‍ മയങ്ങുന്ന പാതകള്‍, അവയിലൂടെ പഠിതാക്കളുടെ ശകടങ്ങള്‍ എത്രയോ വട്ടം സാനട്ടോറിയത്തിന്‍റെ ശാന്തിയെ അലോസരപ്പെടുത്തി അങ്ങുമിങ്ങും ചുറ്റിക്കറങ്ങിയിരിക്കുന്നു. അതു വേറൊരു കടപ്പാട്.

ഇന്‍മേറ്റ്സ് ലൈബ്രറിയില്‍ ഒട്ടെല്ലാ ആനുകാലികങ്ങളും വരുമായിരുന്നു. നാന മാത്രം വായിക്കാന്‍ വരുന്നവരെയും കലാകൗമുദിയില്‍ കൃഷ്ണന്‍ നായരുടെ വാരഫലം മാത്രം വായിച്ചു മടങ്ങുന്നവരെയും അവിടെ കണ്ടിട്ടുണ്ട്. പത്രങ്ങളെല്ലാം പ്രിന്‍‍ററുടെ പേരുവരെ അരിച്ചു പെറുക്കുന്നവരും അവിടെയുണ്ടായിരുന്നു. എല്ലാ കൊല്ലവും കൃത്യമായി നവീകരിക്കുന്ന പുസ്തകശാല ചെറുതല്ല. പ്രധാന എഴുത്തുകാരുടെ പ്രധാന പുസ്തകങ്ങളെല്ലാം കൃത്യമായി അവിടെ ശേഖരിച്ചുകൊണ്ടിരുന്നു.

ആ വായനശാലയും അനുബന്ധപ്രവര്‍ത്തനങ്ങളും അന്തേവാസികളുടെ മുന്‍കൈയില്‍, മുന്‍കാലത്തേക്കാള്‍ സജീവമാകുക ഇനി അസാദ്ധ്യമാണ്. അതിന്‍റെ ആവശ്യവുമില്ല. കാരണം, അന്തേവാസികളുടെ എണ്ണം നന്നേ കുറഞ്ഞു. കുഷ്ഠരോഗി എന്ന പേരില്‍ ഇനിയൊരാളെ ആ സാനട്ടോറിയത്തിന്‍റെ അടച്ചുകെട്ടില്‍ ചികിത്സിക്കേണ്ടതില്ലാത്ത വിധം നമ്മുടെ ശാസ്ത്രവും പുരോഗമിച്ചു. കാലം നല്‍കിയ മറ്റൊരു നന്മ. അങ്ങിനെ വേണം അതിനെ കാണാന്‍.

എങ്കിലും ആ വായനശാല നിലനില്‍ക്കുമായിരിക്കും. കാരണം, അതിലുള്ളതു പുസ്തകങ്ങളാണല്ലോ. അക്ഷരങ്ങള്‍.
അതായത് ക്ഷരമല്ലാത്തവ, നശിക്കാത്തവ…………

Exit mobile version