ഡേവീസ് വല്ലൂരാൻ, തിരുമുടിക്കുന്ന്.
ഒക്ടോബർ 1. ശ്രീ പനമ്പിള്ളി ഗോവിന്ദമേനോൻ്റെ ജന്മദിനം. ശ്രീ പനമ്പിള്ളി ഗോവിന്ദ മേനോന് 1906 ഒക്ടോബര്‍ 1ന് തൃശൂര്‍ ജില്ലയില്‍ ചാലക്കുടി താലൂക്കില്‍ കല്ലൂര്‍ വടക്കുംമുറി വില്ലേജില്‍ കാതിക്കുടത്തുള്ള കക്കാട് ഗ്രാമത്തില്‍ ജനിച്ചു. ചാലക്കുടി അന്ന് മുകുന്ദപുരം താലൂക്കില്‍ ആയിരുന്നു. കളത്തില്‍ പനമ്പിള്ളി തറവാട്ടില്‍ കുമാരപ്പിള്ളി കൃഷ്ണമേനോന് – മാധവിയമ്മ ദമ്പതികളുടെ മകനാണ്. ചാലക്കുടി ഹൈസ്കൂള്‍, എറണാകുളം മഹാരാജാസ് കോളേജ്, തൃശൂര്‍ സെന്റ് തോമസ് കോളേജ്, തിരുച്ചിറപ്പിള്ളി സെന്റ് ജോസഫ്സ് കോളേജ്, മദ്രാസ്[ചെന്നൈ] ലോ കോളേജ് തുടങ്ങിയവയില്‍ ആയിരുന്നു വിദ്യാഭ്യാസം. അഭിഭാഷകനായിരുന്ന അദ്ദേഹം താൻ വ്യാപരിച്ച മണ്ഡലങ്ങളിലെല്ലാം ശോഭിച്ചിരുന്നു.
കേരള രാഷ്ടീയം കണ്ട പ്രമുഖരില്‍ ഒരാളായിരുന്നു അദ്ദേഹം. ഒപ്പം ദേശീയ രാഷ്ട്രീയത്തിലും. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റിനെതിരെ നടത്തിയ സമരത്തിന് വിമോചന സമരമെന്ന വിശേഷണം നൽകിയത് പനമ്പിള്ളി ഗോവിന്ദമേനോൻ ആയിരുന്നു. അദ്ദേഹം ഒരു യുക്തി വാദിയാണെന്ന് പറയപ്പെടുന്നു. യുക്തിവാദം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സമൂഹത്തിലെ അനീതികൾക്കും അസമത്വങ്ങൾക്കും എതിരേയുള്ള പോരാട്ടവും അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള ബോധവത്കരണവും ആയിരുന്നിരിക്കണം. കേരളത്തിന്റെ വികസനത്തിന് നിരവധി കാരൃങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. ചാലക്കുടി, കൊരട്ടി പ്രദേശത്തുകാരെ സംബന്ധിച്ചിടത്തോളം, അദ്ദേഹം നാടിന് ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ എക്കാലവും ഓര്‍മ്മിക്കത്തക്കതാണ്. ചാലക്കുടി പാലം യാഥാർത്ഥ്യമാകുവാൻ പനമ്പിള്ളി വളരെയധികം പരിശ്രമിച്ചിട്ടുണ്ട്.
തൃശൂര്‍ ജില്ലയുടേയും എറണാകുളം ജില്ലയുടേയും പകുതി ഭാഗത്തോളം വരുന്ന കാര്‍ഷിക മേഖലക്ക് ഇപ്പോഴും ജല സമൃദ്ധി നല്കുന്ന തുമ്പൂര്‍മുഴി ഇറിഗേഷന്‍ പ്രൊജക്റ്റിന് ചുക്കാന്‍ പിടിച്ചത് പനമ്പിള്ളി ഗോവിന്ദമേനോനാണ്. അദ്ദേഹം കൊണ്ടുവന്ന വ്യവസായ സ്ഥാപനങ്ങളും കൊരട്ടി -ചാലക്കുടി മേഖലയുടെ വികസനകുതിപ്പിന് വേഗതകൂട്ടി. കൊരട്ടിയിലെ ഗവൺമേൻ്റ് ഓഫ് ഇന്ത്യ പ്രസ്സിൻ്റെ വികസനത്തിന് അദ്ദേഹം മുൻകൈ എടുത്തിട്ടുണ്ട്.
കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യ കേന്ദ്ര മന്ത്രിയായിരുന്നു അദ്ദേഹം. ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ നിയമ മന്ത്രിയായിരുന്നു. ബാങ്ക് ദേശസാത്കരണത്തിനു മുൻകൈയെടുത്ത മലയാളിയായ കേന്ദ്രനിയമമന്ത്രിയായിരുന്നു പനമ്പിള്ളി ഗോവിന്ദമേനോൻ. ഭക്ഷ്യ, റെയിൽവേ, സാമൂഹ്യ ക്ഷേമം വകുപ്പുകളും അസാധാരണമായ പാടവത്തോടെയും ഇച്ഛാശക്തിയോടെയും കൈകാര്യം ചെയ്ത അദ്ദേഹം കേരളത്തിൻ്റെ റെയിൽവെ വികസനത്തിനായി ചെയ്ത കാര്യങ്ങൾ എക്കാലവും ഓർമ്മിക്കപ്പെടും.
പനമ്പിള്ളി ഗോവിന്ദമേനോന്റെ സ്മരണക്കായി ചാലക്കുടിയിലുള്ള പനമ്പിള്ളി സ്മാരക ഗവണ്മേന്റ് കോളേജിനു പുറമെ, ചാലക്കുടി ദേശീയപാതക്കരികില്‍ ബോയ്സ് ഹൈസ്കൂളിന് സമീപം പനമ്പിള്ളി സ്മാരക സാംസ്കാരിക നിലയം പ്രവര്‍ത്തന സജ്ജമാകുന്നതോടുകൂടി ഈ വികസന നായകനെ കൂടുതല്‍ അറിയുവാന്‍ അവസരമാവുകയാണ്. എറണാകുളത്ത് അദ്ദേഹത്തിൻ്റെ പേരിൽ പനമ്പിള്ളി നഗർ തന്നെയുണ്ട്. കേരള രാഷ്ട്രീയചരിത്രത്തിലെ മഹാരഥനായ പനമ്പിള്ളി ഗോവിന്ദമേനോൻ മികച്ച പാർലമെൻ്റേറിയൻ, ഉജ്ജ്വല വാഗ്മി, ശക്തനായ ഭരണാധികാരി തുടങ്ങിയ നിലകളിൽ പ്രശോഭിച്ചിരുന്നു.
1970 ഫെബ്രുവരി 18ന് അന്തരിച്ചു. 64 വയസുവരെ ജീവിച്ചിരുന്നുള്ളുവെങ്കിലും നിരവധി കാര്യങ്ങൾ ജനങ്ങൾക്കു വേണ്ടി ചെയ്തിട്ടാണ് അദ്ദേഹം വിടവാങ്ങിയത്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്പില് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.