Site icon Ente Koratty

കൊരട്ടിയിലെ സിനിമ കൊട്ടകകൾ

ഷിന്റോ ചെരപറമ്പൻ

പലപ്പോഴും സ്ഥലങ്ങൾ പറഞ്ഞു മനസിലാക്കാൻ എളുപ്പം സിനിമാ തിയേറ്ററുകൾ തന്നെയാണ്.. കൊരട്ടി ബിന്ദു തിയേറ്ററിന്റെ അടുത്ത് അല്ലെങ്കിൽ ചാലക്കുടി സുരഭിയുടെ അടുത്ത്.. ആലുവ സീനത്തിന്റെ അടുത്ത് ഇങ്ങനെയുള്ള അടയാളങ്ങൾ പണ്ടേ നമ്മൾക്ക് ശീലമാണ്.

“കൊരട്ടി ബിന്ദുവിൽ നിറഞ്ഞ സദസ്സിൽകുടുംബ സദസ്സുകളെ പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് പ്രദർശനം തുടരുന്നു റാം ജീ റാവ് സ്പീക്കിങ്… ദിവസേനെ മൂന്ന് കളികൾ ” ഇങ്ങനെ അന്നൗൺസ്‌മെന്റ് ചെയ്യുന്ന വണ്ടിയിൽ നിന്നും വീഴുന്ന നോട്ടീസുകൾ പെറുക്കാൻ കുട്ടികളുടെ ഓട്ടമുണ്ട്… അവർക്കതൊരു സന്തോഷം.മഞ്ഞ അല്ലെങ്കിൽ ചാര നിറത്തിൽ ഉള്ള സിനിമാ നോട്ടീസിന്റെ ഒരു വശത്ത് പോസ്റ്ററും മറു വശത്ത് സിനിമയുടെ കഥാസാരവും ആയിരിക്കും അവസാനം അടിയിൽ “ശേഷം സ്‌ക്രീനിൽ ” എന്നും എഴുതിയിട്ടുണ്ടാകും…

മഞ്ഞ അല്ലെങ്കിൽ ചാര നിറത്തിൽ ഉള്ള സിനിമാ നോട്ടീസിന്റെ ഒരു വശത്ത് പോസ്റ്ററും മറു വശത്ത് സിനിമയുടെ കഥാസാരവും ആയിരിക്കും അവസാനം അടിയിൽ “ശേഷം സ്‌ക്രീനിൽ ” എന്നും എഴുതിയിട്ടുണ്ടാകും…

ഓലമേഞ്ഞ പഴയ കൊരട്ടി മാതാ ടാക്കീസിന്റെ ഉച്ചിയിൽ സ്ഥാപിച്ച കോളാമ്പിയിൽനിന്ന് പരുപരുത്ത ശബ്​ദത്തിൽ പഴയ മലയാളം-തമിഴ് പാട്ടുകൾ ഇടമുറിയാതെ പാടുന്നു… കൊട്ടയ്ക്ക് പുറത്ത് അങ്ങിങ്ങായി പ്രായഭേദമന്യേ കുടുംബമായും അല്ലാതെയും ആളുകൾ എത്തുന്നു, സൈക്കിളുകൾ പൂട്ടിയത് ഒന്ന് കൂടി ഉറപ്പിക്കുന്ന ചെയ്യുന്ന ഉടമസ്ഥർ അന്നൊക്കെ സൈക്കിളുകൾ മോക്ഷണം പോയിരുന്നത് കൂടുതലും സിനിമാ തിയേറ്ററുകളിൽ നിന്ന് തന്നെയാണ്.. ചിലർ സൊറ പറയുന്നു.. കുട്ടികൾ അപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ഷോയുടെ ക്ലൈമാക്സ് കാണാൻ ചാരിയിട്ട മര വാതിലിന്റെ ഇടയിലൂടെ ഒളികണ്ണ് ഇടുന്നു.

പുറത്തെ കടയിൽ മുറുക്കാനും ബീഡിയും കോൽ ഐസും പിന്നേ പാട്ട് പുസ്തക വിൽപ്പനയും തകൃതിയായി നടക്കുന്നു.

ഇടക്ക് പാട്ടിനെ മുറിച്ച് ​കോളാമ്പിയിലൂടെ പ്രദർശിപ്പിക്കുന്ന സിനിമയുടെ പേര് അനൗൺസ് ചെയ്യുന്നു. പൊടുന്നനെയാണ് ടിക്കറ്റിനായുള്ള ബെല്ല് മുഴങ്ങിയത്… അത് വരെ മാറി നിന്ന ചേട്ടന്മാർ പിന്നേ അങ്ങോട്ട് ബഹളമാണ് ടിക്കറ്റ് വാങ്ങാനുള്ള തിക്കും തിരക്കും… പാട്ട പാത്രത്തിൽ ടിക്കറ്റ് കൊണ്ട് വരുന്ന ജാടയുള്ള ചേട്ടൻ ആണ് ഹീറോ…എല്ലാ കണ്ണുകളും ആളുടെ നേരെ.

ഫസ്റ്റ് ക്ലാസ്സ്‌..മിഡിൽ ക്ലാസ്..ബെഞ്ച്…തറ ഇതാണ് ടിക്കറ്റുകൾ….ഇനി അകത്ത് കയറിപ്പറ്റിയാൽ… സീറ്റ് പിടിക്കാനുള്ള ബദ്ധപ്പാടാണ്.. കയ്യൂക്കുള്ളവൻ കാര്യക്കാരൻ… ഓല പുരയായതിനാൽ ഇടയ്ക്ക് തൂണുകൾ ഉള്ളത് കൊണ്ട് സ്ക്രീൻ തടസ്സപ്പെടുന്ന സീറ്റ് ലഭിക്കാതെ നോക്കണം പിന്നേ മുൻപിൽ ഇരിക്കുന്നയാൾക്ക് പൊക്കക്കൂടുതൽ ഉണ്ടെങ്കിൽ അതും ബുദ്ധിമുട്ടാണ് പ്രത്യേകിച്ചും കുട്ടികൾക്ക്..

പടം തുടങ്ങും മുൻപ് ഒരു കരിപുരണ്ട സ്ലൈഡിൽ പുകവലിക്കരുത് എന്നുള്ള സ്ലൈഡ് വരും അത് കാണുമ്പോഴേ ഹാളിന്റെ പല മൂലകളിൽ നിന്നും തീപ്പെട്ടി ഉരയ്ക്കുന്ന ശബ്ദം കേൾക്കാം … പരസ്യങ്ങൾ പാട്ടുകളുടെ അകമ്പടിയോടെ ഫോട്ടോകൾ മാത്രം ഇന്നത്തെ പോലെ വീഡിയോ അല്ല അതും ഓരോ സ്ലൈഡും ഇടുമ്പോഴും എടുക്കുമ്പോഴും ഒരു ആട്ടം ഉണ്ടാവും..

സിനിമ തുടങ്ങിയാൽ പ്രോജെക്ട്ടർ റൂമിൽ നിന്ന് വരുന്ന വെളിച്ചത്തിൽ നോക്കിയാൽ കാണാം ആളുകൾ ബീഡി വലിച്ച് വിടുന്ന പുക ഉയർന്ന് ആ നീണ്ട വെളിച്ചത്തിൽ ലയിക്കുന്നത്….

സിനിമ തുടങ്ങി… കടല, കപ്പലണ്ടി,ഇഞ്ചി മിട്ടായി,നാരങ്ങ മിഠായി, ഗോലിസോഡ എന്നിവ സിനിമ നടക്കുമ്പോൾ തന്നെ വിൽപ്പനയ്ക്ക് കൊണ്ട് വരും…

പ്രോജെക്ട്ടർ റൂമിൽ ഒരാൾ നിന്ന് സൈക്കിൾ റിം പോലെ ഫിലിം കറക്കുന്നത് എന്താണെന്ന് ആദ്യമൊന്നും മനസിലായില്ല… ഫിലിമിലൂടെ ആണ് സിനിമ കണ്ടിരുന്നത് എങ്കിലും തിയേറ്ററിന്റെ പുറകിൽ നടന്മാരൊക്കെ ഉണ്ടെന്നുള്ള വിശ്വാസം ആയിരുന്നു അന്നത്തെ കുട്ടികൾക്ക്..

ഇടയ്ക്ക് കറണ്ട് പോകുക.. ഫിലിം പൊട്ടിപോകുക.. ശബ്ദം നഷ്ടപ്പെടുക ഇതെല്ലാം സർവ്വ സാധാരണം… സമയത്ത് പെട്ടിവരാതെ മുടങ്ങിപ്പോയ എത്രയെത്ര ആദ്യ ഷോകൾ… സിനിമ ഓടുന്നതിനിടയ്ക്ക് നിന്ന് പോയാൽ പിന്നേ കൂവൽ അഭിഷേകം ഒപ്പം ചുരുക്കം ചില പച്ച മലയാളവും കേൾക്കാം.

തുറന്ന വാതിൽ അടക്കാത്തതിനും സമയത്ത് വെളിച്ചം അണക്കാത്തതിനും അക്കാലത്ത് പലരുടെയും മലയാള ഭാഷയിലെ പാണ്ഡിത്യം മനസിലാക്കിയിരുന്നതും കൊട്ടക ജീവനക്കാർ തന്നെ.

പലരുടെയും ഒരു പ്രധാന പണിയായിരുന്നു ബെഞ്ച് ടിക്കറ്റ് എടുത്തിട്ട് ഇന്റർവെൽ ആകുമ്പോഴോ അതിന് മുൻപോ പുറകിലോട്ട് മാറിയിരിക്കുന്നത്… തിയേറ്റർകാർ പിടിച്ചാൽ പെട്ടു ഇല്ലെങ്കിൽ രക്ഷപ്പെട്ടു.

കൊരട്ടി മാതയും ബിന്ദുവും C ക്ലാസ്സ്‌ തിയേറ്ററുകൾ ആയിരുന്നുവെങ്കിലും രണ്ടും ജനപ്രിയ തിയേറ്ററുകൾ ആയിരുന്നു.. ചാലക്കുടി വരെ പോയി സിനിമ കാണാൻ കഴിയാതിരുന്ന പലരും വൈകിയാണെങ്കിലും ആ സിനിമകൾ എല്ലാം കണ്ട് കൊണ്ടിരുന്നത് ഈ തിയേറ്ററുകളിൽ വച്ചായിരുന്നു.

ഡോൾബിയും മറ്റും ഇല്ലാതിരുന്ന കാലത്ത് തിയേറ്ററിൽ ആളുകളെ ഞെട്ടിക്കാൻ ചില സീനുകളിൽ പുറത്തെ കൊളാമ്പിയും മറ്റും പ്രവർത്തിപ്പിച്ച് ഏത് ഞെട്ടാത്തവനെയും ഞെട്ടിക്കുമായിരുന്നു… അത് കൂടുതലും അനുഭവിച്ചത് ജുറാസിക്ക് പാർക്ക് കാണാൻ പോയപ്പോൾ ആയിരുന്നു ദിനോസർ വരുമ്പോഴൊക്കെ ഓപ്പറേറ്റർ എല്ലാ സ്പീക്കറും ഒരുമിച്ച് പ്രവർത്തിപ്പിക്കും DTS പോലും തോറ്റ് പോകും… അതേ സമയം ഈ ശബ്ദം കോളാമ്പിയിലൂടെ കേൾക്കുന്നവർക്ക് സിനിമ കാണാനുള്ള ത്വര കൂടും…. (മാർക്കറ്റിങ് തന്ത്രം )..തിയേറ്ററിന്റെ അടുത്ത് വീടുള്ളവർക്ക് പാട്ടും ഡയലോഗുകളും ഏറെക്കുറെ അറിയാൻ പറ്റും. ദിവസം മൂന്ന് തവണ കേൾക്കുന്നതല്ലേ

പോസ്റ്റർ ഒട്ടിക്കുന്നത് രാത്രിയിലാണ് രാവിലെ സ്കൂളിൽ പോകുമ്പോൾ അറിയാം പുതിയ സിനിമ വന്നത്..സിനിമപോസ്റ്റർ പതിക്കാൻ സൗകര്യം കൊടുക്കുന്ന കടക്കാർക്ക് ആ സിനിമ കാണുവാൻ സൗജന്യ സെക്കന്റ് ക്ലാസ്സ് പാസ്സ് ലഭിക്കുമായിരുന്നു (വെള്ളി ശനി ഞായർ ഒഴികെ ).

അന്നൊക്കെ കുടുംബ സമേതം വിശേഷ ദിവസങ്ങളിൽ സിനിമ കാണുക അതൊരു സംഭവമായിരുന്നു പിന്നേ അയൽവക്കക്കാർ ചേർന്ന് സിനിമയ്ക്ക് പോകുന്നതും എല്ലാവർക്കും സന്തോഷമുള്ള കാര്യമായിരുന്നു..

സിനിമ തീരാറാകുമ്പോൾ ഉള്ള മുന്നറിയിപ്പ് ബെൽ പലർക്കും ആരോചാകരമാണ് അത്രമേൽ സിനിമയിൽ മുഴുകിയിരിക്കുമ്പോഴായിരിക്കും ആ ബെൽ മുഴങ്ങുക.

സിനിമ കഴിഞ്ഞ് ഇറങ്ങുമ്പോൾ സൈക്കിളുകളുടെ കൂട്ട മണിയാണ്.. കൽനടക്കാർ ഒതുങ്ങി നടക്കാനുള്ള മുന്നറിയിപ്പ്..

കൊരട്ടിയിലെ തിയേറ്ററുകൾ രണ്ടും ഇന്നില്ല മാത കല്യാണമണ്ഡപം ആയി ബിന്ദു വെറും പറമ്പ്…

സൈക്കിൾ മണികളുടെയും പാട്ടിന്റെയും പിന്നടികളിൽ കൂട്ടം തെറ്റി പോകാതിരിക്കാൻ ആരോ എന്റെ കൈയ്യിൽ മുറുകേ പിടിച്ചിട്ടുണ്ട്… ഇനിയൊരിക്കലും പഴയകാലത്തിലേക്ക് വഴുതി പോകാതിരിക്കാണോ അതോ ഈ കണ്ടതൊന്നും ഇനി വരില്ലാ എന്നറിയിക്കാനാണോ എന്തോ..

Exit mobile version