Site icon Ente Koratty

കൊരട്ടിയിൽ നടന്ന കഥ, ഒരു ഒർജിനൽ കഥ, ഒരു ക്രിസ്തുമസ് കഥ – പപ്പാനിയുടെ രോദനം

ഷിന്റോ ചേരപറമ്പൻ

പപ്പാനിയുടെ രോദനം.. ഒരു തൃശൂർ ഗ്രാമ കഥ , ഇതൊരു കഥയല്ലാട്ടാ , പത്തു പതിനെട്ടു വർഷം മുൻപ് നടന്ന ഒറിജിനൽ സംഭവം , തൃശ്ശൂർ ജില്ലയിലെ കൊരട്ടി എന്ന ഗ്രാമത്തിൽ, കൊലേടം എന്നൊരു സ്ഥലം ഇണ്ട്.

നനാമത ജാതിക്കാരും, സന്തോഷത്തോടെ താമസിക്കണ സ്ഥലം … ക്രിസ്മസിന്റെ തലേന്ന് യൂണിറ്റ് തിരിച്ച് കരോളുകള് ഇണ്ടാവും , ഓരോ വീട്ടിലും കേറി എറങ്ങി , ഹാപ്പി ക്രിസ്മസ് പറഞ്ഞ്, ഇങ്ങനെ നടക്കും , ആ വർഷം പതിവ്പോലന്നെ പപ്പാനി ആവാനുള്ള ചാൻസ് ഇമ്മക്ക് തന്നെ കിട്ടി , ഇന്നത്തെ പോലെ ചോപ്പ ഡ്രസ്സ്‌ ഒന്നും ഇല്ലാട്ടാ , അരെങ്കിൽടേം നൈറ്റി ഇട്ട്, ഒരു കൊന്ന വടീമേ കൊറേ അരങ്ങും ചുറ്റി മൂന്നു നാലു ബലൂണും കെട്ടി ഇമ്മടെ കയ്യീ തന്നു , കൊട വയറിനു വേണ്ടി ഒരു തലോണ മടക്കി അരേല് വെച്ച് കെട്ടി തന്നു….

പേപ്പറിന്റെ മൊഖമുടി രബ്ബർബാന്റ് പൊട്ടാതെ കെട്ടി തന്നു , കരോൾ ഇറങ്ങി , റോട്ടിൽ ഇറങ്ങിയപ്പോഴാണ് ഒരു കാര്യം മനസിലായത് , പപ്പാനി മൊഖമുടിയുടെ കണ്ണ് തീരെ കുഞ്ഞതാ , അതീക്കോടെ ഒരു കോപ്പും കാണാൻ പറ്റില്ല്യ , എന്നാലും സെബീടെം സനീഷിന്റെം സഹായത്തോടെ പപ്പാനി നടന്നു , വാസന്തീം, ലക്ഷ്മീം എന്ന സിനിമേലെ പോലെ രണ്ടു പേരും കൈ പിടിച്ചു കൂട്ടികൊണ്ട് പോകും , ഓരോ വീടിന്റെം ഉമ്മറം വരെ എന്നിട്ട് കൈവിടും , അരിക്കലാമ്പ് വെട്ടത്തിൽ അപ്പൊ പപ്പാനി ഡാൻസ് കളിക്കും ” മുക്കാല മുക്കാബുല ലൈല ” ഈ പാട്ട് അതിലും നന്നായി ” പുൽകൂട്ടിൽ ഭൂജാതനായി യേശു… ഉണ്ണി യേശു ” എന്ന് മാറ്റിയ കാസറ്റും വയ്ക്കും … ഡാൻസിന്റെ ഇടയ്ക്ക് ആരെയൊക്കെയോ അറിയാതെ തല്ലുന്നുമുണ്ട്.. പൈസ ഇടുന്ന പാത്രവും തട്ടി മറിയുന്നു…. പിന്നെ വീടുകാര് പൈസ ഇടണ വരെ ഡാൻസ് പൈസ കിട്ടിയാൽ വീണ്ടും വിളി സെബീ പിടിചോട്ടാ , അങ്ങനെ ഓരോ വീടും കേറി ഇറങ്ങി അവസാനം സംഭവ സ്ഥലം എത്തി.

പതിവ് പോലെ കൈപിടിച്ച് മിറ്റത്തോട്ടു കേറ്റി കോളാംബിയിൽ ഇപ്പോ കേക്കണ പാട്ട് ” ഹലേലൂയ… ഹല്ലേലൂയ… ഹല്ലേലൂയ ” ( ദലേർ മെഹന്ദിയുദെ ” ഹായോരബ്ബ… ഹായോരബ്ബ… ഹായോരബ്ബ” ലിറിക്സ് എഴുതിയവനെ സമ്മതിയ്ക്കണം ) പപ്പാനി ചാടി ഡാൻസ് തൊടങ്ങി … വെട്ടുകാർ പൈസ ഇട്ടു…തിരിച്ചു പോകാൻ സെബീനെ വിളിച്ചിട്ട് റിപ്ലയ് ഇല്ല , മുമ്പേ പോണ പിള്ളേരുടെ ഒപ്പം നടന്നു ഹാപ്പി ക്രിസ്മസ് പറഞ്ഞത് ഓർമ ഇണ്ട്…

പിന്നെ എങ്ങോട്ടാ പോയെ എന്താ സംഭവിച്ചേ ഒന്നും അറ്യില്ല്യ, അടുത്ത വീട്ടിൽ ചെന്ന കരോൾ പാർട്ടിക്ക് പപ്പാനി ഇല്ലെന്ന സത്യം അപ്പോഴാ മനസ്സിലായെ … പപ്പാനീനെ തെരഞ്ഞ അവർക്ക് അവസാനം എന്നെ കണ്ടു കിട്ടി ” പപ്പാനി കെന്റീ വീണേ ” എന്നുള്ള അലർച്ചയിൽ ആണ് ഞാൻ ആ സത്യം മനസിലാക്കിയത് ഞാൻ വീണത്‌ പകുതി കുത്തിയ ഒരു കിണറിൽ ആയിരുന്നു , പിന്നെ അവിടെ രക്ഷാ പ്രവർത്തനങ്ങൾ ആരംഭിച്ചു , ടോർച്ചും കൊണ്ട് കൊറേ പേര് മുകളിൽ, അതിൽ പകുതി പേരും ആരാ പപ്പാനി എന്നറിയാനുള്ള ശ്രമത്തിൽ ആണ് , മൊഖത്ത്‌ എത്ര ടോർച് അടിച്ചിട്ടും ഞാൻ മൊഖം മൂടി ഊരീല്ല്യ (മിന്നാരത്തിലെ പപ്പൂന്റെ ഡയലോഗ് ഓർത്താൽ മതി “ഒരൂല്ല്യാടാ… പ…” ).

അവസാനം കയറിൽ പിടിച്ചു വലിഞ്ഞു കേറി, ഒരു കണക്കിന് പുറത്തെത്തി, സുഖ വിവരം അന്വേഷിക്കാൻ വന്നവരോട് ഞാൻ പറഞ്ഞു ചേട്ടാ പേര് വിളിക്കരുത്…. അങ്ങനെ വിജയകരമായി നിസ്സാര പരിക്കുകളോടെ പപ്പാനി രക്ഷപെട്ടു.

ഈ എയർ ബാഗിന്റെ ടെക്നിക്ക് കണ്ടു പിടിച്ചത് സത്യത്തിൽ ഞാനാ, വേറെ ഒന്നും അല്ല ” തലോണ “, വയറ്റിൽ തലോണ വെച്ചാൽ വീണാൽ പരിക്കില്ലാതെ രക്ഷപ്പെടാം…. ഇന്നും ആ വഴി പോകുമ്പോ ഞാൻ ആ കെണറിലെക്കൊന്നു നോക്കും… ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലത്തിനെ മായാത്ത ഓർമ്മകൾ സമ്മാനിച്ച നന്ദിയോടെ…ഹാപ്പി ക്രിസ്തുമസ്….

Exit mobile version