Site icon Ente Koratty

മറഡോണ ഒരു കാവ്യനർത്തകൻ

Ajith P Achandy

ഈയിടെ മരിച്ച് പോയ ലൂയിസ് പീറ്റർ എന്ന കവിയെ ഓർക്കുന്നുണ്ടാകും.സ്വകാര്യ ബാങ്കിൽ ആളുകളുടെ ഭാഷയിൽ പറഞ്ഞാൽ നല്ലൊന്നാന്തരം ജോലി ഉണ്ടായ കക്ഷി അത് കളഞ്ഞ്‌ കവിത ചൊല്ലി നടന്നു,പലരോടും കലഹിച്ചു.ചുരുക്കിപ്പറഞ്ഞാൽ അക്കങ്ങളസ്വസ്ഥമാക്കുന്ന ജീവിത സ്വപ്നങ്ങളിൽ പെട്ട് തുലയാൻ നിന്നില്ല.

ആരോപിതമായ അയ്യപ്പന്റെ വഴികൾ വിട്ട്,പീറ്ററിന്റെ കവിതകളിലൂടെ പോകുമ്പോ നമ്മൾ കാണുന്ന ഒരു കാര്യം ദൈവവുമായുള്ള കലഹമാണ്,മിക്കവാറും നിഷേധമാണ്.നീതി സൂചി കൊണ്ട് ലോകത്തെ തുളച്ചവൻ എന്നാണ് വിജി തമ്പി കവിയെ വിശേഷിപ്പിക്കുന്നത്.അയാൾ പകർന്നു തന്ന അനുഭവങ്ങൾ അളക്കാൻ തുലാസില്ല എന്നും കൂട്ടിച്ചേർക്കുന്നു.

കണക്ക് മിക്കവാറും തെറ്റാത്ത നിയമമായ്,യുക്തിഭദ്രതയായ് മാത്രം മാറുന്നു.പലപ്പോഴും സർഗാത്മകമായ അന്ത്യമാണത്.ഒന്നും ഒന്നും രണ്ടാണെന്ന് എല്ലാവർക്കും അറിയാം.എന്നാൽ ഇമ്മിണി ബല്യ ഒന്നെന്ന് പറയുമ്പോ ഒരു ബഷീർ ഉണ്ടാകുന്നു.നിയമലംഘനമാണ് കവിതയും എഴുത്തും.

ആരോ ഉറപ്പിക്കുന്ന അഥവാ ആരും ഉറപ്പിക്കാത്ത ജീവിത വ്യാകരണത്തിന്റെ ലംഘനം.തേഞ്ഞ് പഴകിയ ഭാഷയിൽ സൃഷ്ടിയുടെ വേദന.

ഫുട്‌ബോളിനെ കവിതയോടും നൃത്തത്തോടും അടുപ്പിച്ച ആളാണ് മറഡോണ.എല്ലാ വിധിയും ഭാവനാ സമ്പന്നമാർന്ന നീക്കങ്ങളാൽ അയാൾ തകർത്തു.പന്തും ഡോണയും ഒരുമിച്ച് ഒഴുകി.ഇങ്ങനെ വരുമ്പോ തന്റെ ലോകം താൻ തന്നെയാണ് ആവിഷ്‌കരിക്കുന്നത്.

നമുക്ക് കുപ്രസിദ്ധമായ ആ ഗോളിലേക്ക് വരാം.ഒരർത്ഥത്തിൽ ഗോളി ഒഴികെയുള്ളവർ കൈ കൊണ്ട് കളിക്കരുത് എന്ന ഒറ്റ നിയമമേ ഫുട്ബാളിൽ ഉള്ളൂ.പരിമിത ദൈവമായ റഫറി ഒരു അന്ധബിന്ദുവിൽ നിൽക്കെ അത് സാധ്യമാണ് എന്ന് മറഡോണ.വശപ്പെശക് തോന്നിയെങ്കിലും ലൈൻ റഫറിക്കും ഉറപ്പില്ലായിരുന്നു.

ഇതോടെ നിയമാനുസരണത്തിന്റെ സർവ സമവാക്യം തന്നെ ഇല്ലാതായ്.നാലു മിനിറ്റ് കളി മുന്നേറി.അശരണരായ അർജന്റീനക്ക് വേണ്ടി സോളോയിലൂടെ മധ്യനിരയിൽ തുടങ്ങി അഞ്ച് പേരെ വെട്ടിച്ച് പീറ്റർ ഷിൽട്ടനെയും മറികടന്ന് സുപ്രസിദ്ധമായ അടുത്ത ഗോളും വൈകാതെ ലോകകപ്പും നേടി.ഇത് പിന്നീട് ‘ഗോൾ ഓഫ് ദി സെഞ്ചുറി’ ആയ് ഫിഫ തിരഞ്ഞെടുത്തു.

ദൈവവും സാത്താനും ഇടയനും* ഒരാൾ തന്നെയായ നിമിഷങ്ങൾ.ലോകകപ്പ് എത്ര കനപ്പെട്ടതാണെന്നറിയാൻ അത് വിജയിക്കുകയേ വഴിയുള്ളൂ എന്ന് മറഡോണ പറഞ്ഞു.കനത്ത മാർക്കിംഗിലും പ.ജർമ്മനിക്കെതിരെ ബുർച്ചാഗക്ക് വിജയ ഗോളിന് മറഡോണ വഴിയൊരുക്കി.

“ഒരു പകുതി പ്രജ്ഞയിൽ നിഴലും നിലാവുംമറു പകുതി പ്രജ്ഞയിൽ കരി പൂശിയ വാവു”** മായ്, യാഥാർത്ഥ്യത്തിനും ഭാവനക്കും ഇടയിലെ ആനന്ദനൃത്തമാക്കി അയാൾ കളിയെ മാറ്റി.നിഷേധിയായ ദൈവവും നിഷ്കളങ്കനായ ചെകുത്താനും മറഡോണയിൽ രൂപമാർജ്ജിക്കുന്നു.

ബ്രസീലിനെതിരെ 90ലെ കളിയിൽ 4 പേര് വളഞ്ഞപ്പോ കാലുകൾക്കിടയിലൂടെ കനീജിയക്ക് പന്തെത്തിച്ചു.അതോടെ കാനറികളുടെ കഥ കഴിഞ്ഞു.ആ കളിയിൽ തന്റെ ഫ്രീ കിക്ക് പറന്നകറ്റിയ ടഫറലിനായ് മറഡോണ കയ്യടിച്ചു.പ്രണയം ഫുട്ബോളിനോടായതിനാൽ നല്ലതിനെ അഭിനന്ദിക്കാനും ഇരുണ്ട വശങ്ങളെ കാണാനും കഴിയുമെന്നൊരിക്കൽ പറഞ്ഞു.

കൈപ്രയോഗത്തിലെ ടുണീഷ്യൻ റഫറി അലി ബിന്നിന് കയ്യൊപ്പിട്ട ജേഴ്സിയും ഷിൽട്ടനൊപ്പം മൂവരുമുള്ള ചിത്രവും നൽകി.ഒറ്റക്ക് എന്നതിന്റെ ഇംഗ്ലീഷായ ‘സിംഗിൾ ഹാൻഡഡ്ലി’ ക്ക് മറഡോണയുടെ ഉയർന്ന് ചാട്ടത്തിനൊടുവിൽ കനം വെച്ചു.തന്റെ ശവക്കുഴി തോണ്ടിയവനെന്ന് മറഡോണയുടെ ചിത്രത്തിൽ ലൈൻ റഫറി ബോഗ്ഡാൻ ഡോഷേവ് വരഞ്ഞിട്ടു.കമ്മ്യൂണിക്കേറ്റ് ചെയ്യും മുമ്പേ മെയിൻ റഫറി ഗോൾ അനുവദിച്ചു എന്നാണ് ഡോഷേവിന്റെ പക്ഷം.

ധ്യാനിച്ച്,തപസ്സിരുന്ന് പരമ പദത്തിൽ എത്തുന്നവരും ഡ്രഗ്ഗടിച്ച് എത്തുന്നവരും ഉണ്ട്.ഇതൊരു തർക്ക വിഷയമാണ്.രണ്ടാമത്തേതും ഒരു സച്ചിദാനന്ദമത്രെ.’ഉത്തുംഗതകളുടെ സ്വപ്നശൈലങ്ങളിലേക്ക്’*** എഫ്രഡിൻ വേരിയന്റുകൾ ഇല്ലാതെ തന്നെ മറഡോണ പറന്ന് നടന്നു.അതും അതിനും മുമ്പ്‌ കൊക്കെയിനും ഒക്കെയായതോടെ യാതൊരു സ്ഥാനവുമില്ലാത്ത കളിക്കളത്തിന്റെ പുറത്തേക്ക് പതിച്ചു.ഫുട്‌ബോളിന്റെ മഹത്തായ അനുഭൂതികൾ നഷ്ടമായ്.വെറുമൊരു സാധാരണ മരുന്നടിക്കാരനായ് ഈ ജീനിയസ് മാറി.

2018ലെ ലോകകപ്പിൽ നൈജീരിയക്കെതിരെ അർജന്റീന അവസാന മിനിറ്റുകളിലൊന്നിൽ റോജോ നോക്കൗട്ടിലേക്ക് ലക്ഷ്യം കണ്ടപ്പോ മറഡോണയുടെ ‘കിറുക്കൻ’ പ്രതികരണങ്ങൾ ക്യാമറകൾ പകർത്തി.വൈകാതെ അദ്ദേഹം ആശുപത്രിയിലായ്.മെസ്സിക്ക് അങ്കം ജയിക്കാൻ വേണ്ട നേതൃത്വ ശേഷി ഇല്ലെന്ന് പറഞ്ഞു.ജയിപ്പിക്കാനുള്ള പരിശീലന മികവാകട്ടെ ഡീഗോയെപ്പോലെ ഒരാളിൽ പ്രതീക്ഷിക്കുന്നതിലും കഥയില്ല.കളിക്കളത്തിൽ തൊഴിച്ചതും പത്രപ്രവർത്തകരെ വെടിവെച്ചതും ഇരുണ്ട അംശങ്ങൾ.സ്വകാര്യതയിലേക്ക് അതിക്രമിച്ച് കേറിയവരെ പ്രഹരിച്ചത് ദൈവത്തിന്റെയല്ല തന്റെ തന്നെ കൈകൊണ്ടാണെന്ന് പറഞ്ഞു!

ഹാന്റ് ഓഫ് ഗോഡിന്റെ രാഷ്ട്രീയമായ അടരുകൾ അറിഞ്ഞേ തീരൂ.തെക്കൻ അറ്റ്ലാന്റിക്കിലെ ഫാക്ക്ലാന്റ് ദ്വീപുകൾക്കായ് അർജന്റീനയും ഇംഗ്ലണ്ടും തമ്മിലെ തർക്കത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.82ൽ അർജന്റീനയുടെ പട്ടാളഭരണം അവിടെ സ്വാധീനം ഉറപ്പിക്കുന്നു.സകല സന്നാഹങ്ങളോടെയും ആക്രമിച്ച് മാർഗരറ്റ് താച്ചർ അത് തിരിച്ചു പിടിച്ചു.അതവരെ വീണ്ടും അധികാരത്തിലും എത്തിച്ചു. (അർജന്റീനൻ എഴുത്തുകാരനായ ബോർഹസ് പറയുന്നത് രണ്ട് കഷണ്ടിക്കാർ ചീപ്പിന് വേണ്ടി നടത്തിയ യുദ്ധം എന്നാണ്!)എന്തായാലും ഫുട്‌ബോൾ ടീമിനെയല്ല രാജ്യത്തെയാണ് തോൽപ്പിച്ചതെന്ന് വിഖ്യാതമായ ആ കളിയെക്കുറിച്ച് ഡീഗോ പറഞ്ഞു.

വെനിസ്വെലേക്ക് സമരാഭിവാദ്യങ്ങൾ,ഇറാന് പിന്തുണ,ഇടത് കാലിൽ ഫിദൽ,കയ്യിൽ ചെഗുവേര,കഴുത്തിൽ കുരിശ്.മിക്കവരും ഇഷ്ടപ്പെട്ട ജോൺ പോൾ രണ്ടാമനെ മറഡോണ തള്ളിപ്പറയാൻ പ്രധാന കാരണം സംഘടിത വ്യവസ്ഥിതിയോടുള്ള നിഷേധമാണ്. സ്വാതന്ത്ര്യദാഹമായിരുന്നു കളിക്കളത്തിൽ മറഡോണക്കുണ്ടായിരുന്നത്.

ഏറ്റവും മികച്ച താരത്തെ ആദരിച്ച വേദിയിൽ ഫിഫ പെലെക്ക് കൂടുതൽ പരിഗണന നൽകിയെന്ന് പറഞ്ഞ് ഇറങ്ങിപ്പോയ്.പെലെ അവസാനിപ്പിച്ചിടത്തല്ല മറഡോണ തുടങ്ങുന്നത്.ആ പത്ത് വർഷങ്ങളിൽ ടോട്ടൽ ഗെയിമിലേക്ക് കളി മാറിയിരുന്നു.പ്ലേമേക്കർമാർക്ക് മൂല്യമേറി.

’78ലെ ലോകകപ്പിൽ പതിനേഴുകാരനായ കാരണം മറഡോണയെ കോച്ച് മെനോട്ടി പരിഗണിച്ചില്ല.82 ൽ ഈ പ്രതിഭ വിതക്കാവുന്ന അപകടം തിരിച്ചറിഞ്ഞ ഇറ്റാലിയൻ കോച്ച് പൂട്ടാനായ് കടുപ്പക്കാരനായ ക്ലോഡിയൊ ജന്റൈലിനെ ചുമതലപ്പെടുത്തി.അയാൾ രണ്ട് ദിവസം വീഡിയോ കാസറ്റ് കണ്ട് മറഡോണയെ പഠിച്ചു.പന്തെത്തുന്ന വഴികൾ അറുത്ത് കളഞ്ഞു,നിഴൽ പോലെ പിന്തുടർന്നു,ഷർട്ടിൽ പിടിച്ച് വലിച്ചു,ചവിട്ടി വീഴ്ത്തി.മാന്തിയ ശേഷം കൈ കൊടുത്ത് മാന്യത കാണിച്ചു.നാല്‌ മിനിറ്റ് കൂടുമ്പോ ഫൗളിന് വിധേയമായിരുന്നിട്ടും അതയാളുടെ ദൗത്യമാണെന്നും റഫറി ഫൗൾ വിളിച്ചില്ലെന്ന് മാത്രമാണ് അർജന്റീനൻ പത്താം നമ്പർ പറഞ്ഞത്.മിനിറ്റെണ്ണി കളിച്ച് ജേതാക്കളായ അസൂറികൾക്ക് പിന്നാലെ ബ്രസീലും അർജന്റീനയെ വീഴ്ത്തി.മറഡോണ ബാറ്റിസ്റ്റയെ ചവിട്ടി ചുവപ്പ് വാങ്ങി.കൈ കൂപ്പി കളം വിട്ടു.മരണ ഗ്രൂപ്പിലെ ചരിത്ര പ്രസിദ്ധമായ പോരാട്ടത്തിൽ സീക്കോയെയും ജന്റൈൽ തടഞ്ഞു.

90ൽ വാസ്തവത്തിൽ മറഡോണ വലിയ ഫോമിലല്ലായിരുന്നു.ഇടങ്കാലിലെ പരിക്കും മുന്നേറ്റത്തിന് വിഘാതമായ്.

കാമറൂണിനോട് ഞെട്ടിയായിരുന്നു തുടക്കം.തുടർമാച്ചുകളിൽ പരിക്കിനെ തുടർന്ന് പകരം വന്ന ഗോൾകീപ്പറായ ഗോയ്ക്കോച്ചയും കനീജിയയും ആണ് അവരെ സഹായിച്ചത്.തുടരൻ സേവുകൾ അവരെ ഫൈനൽ വരെ എത്തിച്ചു.എന്നാൽ ബെക്കൻ ബോവർ പരിശീലിപ്പിച്ച പ.ജർമനിക്ക് മുന്നിൽ വീണു. ക്ലിനിക്കൽ ആയ ഒരു പെനാൽറ്റി ജേതാക്കളെ നിർണയിച്ചു.

അമേരിക്കൻ ലോകകപ്പിൽ ഡോപ്പിംഗ് പരിശോധനയിൽ പരാജയപ്പെട്ടു.ഒടുക്കം ഒരു ഡോക്കുമെന്ററിയിൽ അദ്ദേഹം പറഞ്ഞത് ലഹരിക്കടിപ്പെട്ടില്ലെങ്കി താൻ ഇതിലും ഉന്നതിയിൽ എത്തിയേനെ എന്നാണ്.ഇത്തരം ചർച്ചകൾ നേരം കളയാൻ നല്ലതാണ്.മറഡോണ സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും മാറി മാറി സഞ്ചരിക്കവേ, കവി എഴുതിയ പോലെ ദൈവം ദയാരഹിതനായ്തുടർന്നു.

സ്പോട്ട് കിക്ക്:അറുപതാം പിറന്നാളായുള്ള ആഗ്രഹം എന്താണെന്ന് ഫ്രാൻസ് ഫുട്‌ബോൾ മാസിക ചോദിച്ചപ്പോ മറഡോണ പറഞ്ഞു”ഇംഗ്ലണ്ടിനെതിരെ ഒരു ഗോൾ നേടണം.ഇത്തവണ വലം കൈ കൊണ്ട്!”

*എം പി സുരേന്ദ്രൻ
**ചങ്ങമ്പുഴ/കാവ്യ നർത്തകി
***കുരീപ്പുഴ/ജെസി

Exit mobile version