Site icon Ente Koratty

പ്രൊഫഷണൽ നാടക നടൻ ശ്രീ ജോസ് മറ്റേക്കാടന്‍ കാലയവനികക്കുള്ളില്‍ മണ്‍മറഞ്ഞു

ഡേവീസ് വല്ലൂരാന്‍

“നാടകം
അതിജീവനത്തിന്റെ …
ഉപജീവനത്തിന്റെ…
പ്രതിബദ്ധതയുടെ…
ജനാധിപത്യ ബോധത്തിന്റെ…
സാമൂഹ്യ-
ചരിത്ര
മാറ്റത്തിന്റെ…
ഉണ്മ നിറഞ്ഞ…
നന്മ നിറഞ്ഞ…
ജനകീയ
മാധ്യമം!”

“ഒരു കലാകാരൻ നടന്നകന്ന്, കാലയവനികയ്ക്കു പിന്നിൽ മറയുമ്പോൾ, താൻ നടന്നു – കടന്നു വന്ന വഴികളിലെ ചുറ്റുപാടുകളെ അടയാളപ്പെടുത്തിയിട്ടുണ്ടാകും,
അത് അയാളിലെ കലാകാരൻ്റെ, ധർമ്മവും, കർമ്മവുമാണ്. അവ കണ്ടെത്തുകയും, ഓർത്തെടുക്കുയും ചെയ്യേണ്ടത്, ആ കാലാകാരന്,- നിലനിൽക്കുന്ന സമൂഹവും – സംസ്കാരവും നൽകേണ്ടുന്ന കർമ്മവും, ആദരവുമാണ്,
അവിടെ ഉയർത്തപ്പേടേണ്ടത് അയാളിലെ ജാതി-മത-രാഷട്രീയ ചിന്തകൾക്കപ്പുറം – അയാൾ നിർവ്വഹിച്ച്, കടന്നു പോയ – ഒരു സംസ്കാരിക വിപ്ലവത്തിൻ്റെ, ഉയർത്തെഴുന്നേൽപ്പു കൂടിയാണ് – “

നീണ്ട 25 വര്‍ഷങ്ങള്‍  നാടക അഭിനയത്തിനായി നീക്കിവച്ച് അന്‍പത്തിരണ്ടാമത്തെ വയസ്സില്‍ കാല യവനികക്കുള്ളില്‍ മറയുമ്പോള്‍ കൊരട്ടികാർക്ക്, പ്രത്യേകിച്ച്, തിരുമുടിക്കുന്നുകാര്‍ക്ക് ശ്രീ ഔസേപ്പച്ചനുശേഷം ഒരു നാടക കലാകാരനെ നഷ്ടപ്പെടുകയാണ്.

അണിയറയിലും അരങ്ങത്തും ഒരുപോലെ ശോഭിച്ചിരുന്ന ഒരു കലാകാരനാണ് ശ്രീ ജോസ്. അങ്കമലി ജോസ് എന്നാണ് നാടക ലോകത്ത് അറിയപ്പെട്ടിരുന്നത്. ടെക്നീഷ്യനായി ശോഭിച്ചിരുന്ന അദ്ദേഹത്തിന് വളരെ അനായാസം നാടക സെറ്റ് ഒരുക്കി സ്റ്റേജ് നാടകത്തിനായി രൂപപ്പെടുത്തുവാൻ സാധിക്കുമായിരുന്നു.

  ശ്രീ ജോസ് മറ്റേക്കാടന്‍ ഇതിനകം ഇരുപത്തിയഞ്ചിലധികം പ്രൊഫഷണൽ നാടകങ്ങളിലായി മുവ്വായിരത്തിലധികം സ്റ്റേജുകളില്‍ അഭിനയിച്ചിട്ടുണ്ട്.

അമേച്ചർ നാടകങ്ങളിൽ അഭിനയം തുടങ്ങിയ ജോസ്, അങ്കമാലി നാടക നിലയത്തിൻ്റെ ശ്രീ രാജീവൻ മമ്മിളി സംവിധാനം ചെയ്ത ‘ജീവിതയാത്ര’, അങ്കമാലി സൂര്യപുത്രയുടെ ‘ചരിത്ര സത്യം’ ,  അങ്കമാലി അഞ്ജലിയുടെ ‘ സുന്ദരി കാക്ക’, കോഴിക്കോട് സങ്കീർത്തനയുടെ ‘ മാമാങ്കം’, കോഴിക്കോട് രംഗമിത്ര, വടകര വരദ തുടങ്ങിയ നാടകട്രൂപ്പുകളുടെ വിവിധ നാടകങ്ങൾ, തുടങ്ങി അവസാനമായി അവതരിപ്പിച്ച കൊല്ലം യവനികയുടെ ‘ കേളപ്പൻ ഹാജരുണ്ട് ‘ എന്ന നാടകം വരെ വളരെയധികം പ്രൊഫഷണൽ നാടകട്രൂപ്പുകളുടെ പ്രൊഫഷണൽ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

കോവിഡ് കാലത്ത് ഉപജീവനത്തിനു മാർഗ്ഗമില്ലാതെ പെയിൻ്റിങ്ങ് ജോലികൾക്കായി പോകുമ്പോഴും തന്നിലെ കലാകാരൻ്റെ മനസ്സ് അദ്ദേഹം കൈവിട്ടിരുന്നില്ല. തൻ്റെ നാടക ജീവിതത്തിൻ്റെ രജത ജൂബിലി ആഘോഷിക്കുന്ന ഈ വർഷം സ്വന്തമായി ഒരു നാടകം സംവിധാനം ചെയ്ത് തിരുമുടിക്കുന്നിൽ അവതരിപ്പിക്കണമെന്ന് ജോസിന് അതിയായ ആഗ്രഹമുണ്ടായിരുന്ന കാര്യം അദ്ദേഹം പങ്കുവയ്ക്കാറുണ്ടായിരുന്നു.
അന്യംതിന്നുകൊണ്ടിരിക്കുന്ന നാടകം എന്ന കലാരൂപത്തെ നെഞ്ചോടു ചേർത്തു പിടിക്കുന്ന കലാ സ്നേഹികൾക്ക് ശ്രീ ജോസിനെ ഒരിക്കലും മറക്കുവാൻ സാധിക്കുകയില്ല. തിരുമുടിക്കുന്ന് സമീക്ഷ കൾച്ചറൽ ആൻറ് സോഷ്യൽ ഓർഗനൈസേഷൻ എല്ലാ വർഷവും തുടർച്ചയായി സംഘടിപ്പിക്കുന്ന നാടക മേളകളിൽ പരിപൂർണ്ണമായി സഹകരിക്കുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം.
2020 ഒക്ടോബർ 27. തിരുമുടിക്കുന്നിലെ ഒരു കലാകാരനെ കൂടി നഷ്ടമായിരിക്കുന്നു. ശ്രീ ജോസ് മറ്റേക്കാടൻ്റെ ഓർമ്മകൾക്കു മുൻപിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു. 


Exit mobile version