Site icon Ente Koratty

കൊരട്ടിയുടെ സഹകരണപ്രസ്ഥാനവും അരവിന്ദാക്ഷമേനോനും

വെസ്റ്റ് കൊരട്ടിയിൽ പുതിയാട്ടിൽ അമ്മുക്കുട്ടിയമ്മയുടെയും താഴത്ത് വീട്ടിൽ ഗോവിന്ദൻകുട്ടി മേനോൻ്റെയും മകനായി 1932ൽ ജനിച്ച അരവിന്ദാക്ഷമേനോൻ നാട്ടിൽ അദ്ധ്യാപകനായും സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെ സജീവ പ്രവർത്തകനായും കഴിഞ്ഞുകൂടിയിരുന്ന കാലം. യശ:ശരീരനായ M.S. നമ്പൂതിരിയുടെ സ്വാധീനത്താൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അനുഭാവിയായും പ്രവർത്തകനായും, പാർട്ടിയുടെ പ്രധാന പ്രചരണ വേദിയായ നാടകപ്രവർത്തകനായും, ആ ഗ്രാമത്തിലെ ഏക വായനശാലയായ ‘ജ്ഞാനോദയം വായനശാല’യുടെ സ്ഥാപക അംഗമായും ഒക്കെ കഴിയുമ്പോഴാണ് കൊരട്ടി J & P coats ൽ ജോലി ലഭിക്കുന്നത്.
അങ്ങനെ 55 വർഷം മുമ്പ് വെസ്റ്റ് കൊരട്ടിയിൽ നിന്നും കോനൂർ പാറക്കൂട്ടം പരിസരത്ത് സ്ഥിരതാമസം തുടങ്ങി.

അന്ന് കൊരട്ടിയിൽ കമ്യൂണിസ്റ്റ് (മാർക്സിസ്റ്റ് ) പാർട്ടിക്ക് കാര്യമായ വേരോട്ടം ഉണ്ടായിരുന്നില്ല. കൊരട്ടിയിലെ രണ്ടു പ്രധാന ജനാധിപത്യ സ്ഥാപനങ്ങളായ ഗ്രാമ പഞ്ചായത്തും, കൊരട്ടി സർവ്വീസ് സഹകരണ ബാങ്കും കോൺഗ്രസ് ഭരണത്തിൻ കീഴിലായിരുന്നു. കൊരട്ടിയിൽ താമസമാക്കിയതോടെ CPI(M) ൽ അംഗത്വമെടുത്ത് പ്രവർത്തനം തുടങ്ങി.

കമ്പനിയിൽ ഷിഫ്റ്റ് കഴിഞ്ഞ് സമയം കണ്ടെത്തി പാർട്ടിയുടെ വളർച്ചക്കായി മുന്നിട്ടിറങ്ങി. ഇന്നത്തെ MLA ശ്രീ. B. D ദേവസ്സിയും മേനോനും ഉൾപ്പെടെയുള്ളവർ ജീവിതത്തിൻ്റെ ധാടിയും മോടിയും ഒക്കെ ഉപേക്ഷിച്ച് കഠിനശ്രമം ആരംഭിച്ചു. മൺമറഞ്ഞു പോയ പലരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേരോട്ടം കുറവായ കൊരട്ടിയുടെ മണ്ണിൽ പാർട്ടി സംഘാടനത്തിന്നായി ഗ്രാമത്തിന്റെ മുക്കിലും മൂലയിലും എത്തുകയും പാർട്ടി ബ്രാഞ്ചുകൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.വാഹന സൗകര്യമോ ഫോൺ സൗകര്യമോ ഇല്ലാതിരുന്ന അക്കാലത്ത് കാൽനടയായാണ് കൃത്യമായി പ്ലാൻ ചെയ്തു ഓരോ സ്ഥലത്തും പോകാറ്.

അങ്ങിനെ കൊരട്ടിയിൽ പാർട്ടിയെ വളർത്തി. ചാലക്കുടി ഏരിയയിലെ ഏറ്റവും ശക്തമായ ലോക്കൽ കമ്മിറ്റിയായി കൊരട്ടി മാറി. 1979 – ൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിച്ചു. ആ തിരഞ്ഞെടുപ്പിൽ അരവിന്ദാക്ഷമേനോൻ , BD ദേവസ്സി, തങ്കമ്മാ മോഹൻ തുടങ്ങി 4 CPM അംഗങ്ങൾ 10 അംഗ പഞ്ചായത്തിലേക്ക് വിജയിച്ചു. മുന്നണി ധാരണയനുസരിച്ച് V.U.
ആൻ്റണി, കോൺഗ്രസ്സ് പ്രതിനിധി പഞ്ചായത്ത് പ്രസിഡണ്ടാവുകയും മേനോൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ടാവുകയും ചെയ്തു.

വ്യവസായ മേഖലയിൽ പാർട്ടിയെ വളർത്താനായി കമ്പനിയിൽ പാർട്ടിയുടെ ലോക്കൽ കമ്മിറ്റി തുടങ്ങുകയും അതിൻ്റെ ആദ്യ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തു. കൊരട്ടിയിലെ അന്നത്തെ പ്രധാന വ്യാപാര സ്ഥാപനമായ കമ്പനി സൊസൈറ്റിയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ സ്റ്റാഫ് പ്രതിനിധിയായി വാശിയേറിയ മത്സരത്തിൽ അരവിന്ദാക്ഷമേനോൻ വിജയിച്ചു. അതായിരുന്നു മേനോൻ്റെ ആദ്യത്തെ സഹകരണ മേഖലയിലെ തെരഞ്ഞെടുപ്പ് വിജയം.
തുടർന്ന് 1987 ൽ കൊരട്ടി 590 സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അരവിന്ദാക്ഷമേനോൻ , B.D.ദേവസ്സി , G.T.ആന്റണി, P.M.കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ ഇടതു പക്ഷം ഭരണം പിടിക്കുകയും വർഷങ്ങളായി കോൺഗ്രസ്സ് ഭരിച്ചിരുന്ന കൊരട്ടി സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി അരവിന്ദാക്ഷമേനോനെ തെരഞ്ഞെടുക്കുകയും ചെയ്തു. പിന്നീട് തുടർച്ചയായി 3 തവണ മേനോൻ തുടർച്ചയായി പ്രസിഡണ്ടായാ തിരഞ്ഞെടുക്കപ്പെട്ടു.

സഹകരണ ബാങ്കിലെ അഴിമതിയും കെടുകാര്യസ്ഥ്യതയും അവസാനിപ്പിക്കുന്നതിനും ബാങ്കിനെ സാധാരണക്കാരൻ്റെ ആശ്രയമാക്കി മാറ്റാനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിക്ക് കഴിഞ്ഞു. കൊരട്ടിയുടെ സമീപ പഞ്ചായത്തുകളിലെ മറ്റു സഹകരണ ബാങ്കുകളേക്കാളും പൊതുമേഖലാ ബാങ്കുകളേക്കാളും നിക്ഷേപത്തിലും വായ്പയിലും ഒന്നാമതെത്തിക്കുവാനും പട്ടണത്തിൻ്റെ ഹൃദയഭാഗത്ത് ബാങ്കിൻ്റെ ആസ്ഥാന മന്ദിരം സ്ഥാപിക്കുവാനും, പടിപടിയായി ബാങ്കിനെ സെപ്ഷ്യൽ ഗ്രേഡ് ബാങ്കാക്കി മാറ്റുവാനും ശാഖകൾ തുടങ്ങുവാനും അദ്ദേഹത്തിൻ്റെയും തുടർന്നു വന്ന ഭരണ സമിതികളുടെയും കാലത്ത് കഴിഞ്ഞത് കൊരട്ടിയിലെ ജനങ്ങൾ ഇന്നും നന്ദിപൂർവ്വം സ്മരിക്കുന്നു.

മുകുന്ദപുരം സഹകരണ സർക്കിൾ യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും അദ്ദേഹമുൾപ്പെട്ട മുന്നണി അതുവരെ ഭരണത്തിൽ ഉണ്ടായിരുന്ന കോൺഗ്രസ്സ് നേതൃത്വത്തിലുള്ള മുന്നണിയെ പരാജയപ്പെടുത്തുകയും ചെയ്തു. 1995 ൽ നടന്ന തൃതല പഞ്ചായത്ത് രാജ് തിരഞ്ഞെടുപ്പിൽ കൊരട്ടിയിൽ ശ്രീ. BD ദേവസ്സിയും ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിൽ അരവിന്ദാക്ഷമേനോനും യഥാക്രമം ഗ്രാമപ്ഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. 2000 ൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കൊരട്ടി ഗ്രാമപ്ഞ്ചായത്തിലേക്ക് മത്സരിച്ച മേനോൻ, പിന്നീട് ചുരുങ്ങിയ കാലയളവ് പഞ്ചായത്ത് പ്രസിഡണ്ടാകുകയും ചെയ്ത, C.R. പരമേശ്വരനോട് കേവലം 2 വോട്ടുകൾക്ക് പരാജയപ്പെടുകയും ചെയ്തു. ഇതായിരുന്നു അരവിന്ദാക്ഷമേനോന്റെ ഏക പൊതു തിരഞ്ഞടുപ്പ് പരാജയം. ഈ കാലയളവിൽ സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പിൽ നിന്നും മാറി നിന്ന അരവിന്ദാക്ഷമേനോൻ 2004 ൽ നടന്ന തിരഞ്ഞെടുപ്പോടെ വീണ്ടും പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടുകയും പിന്നീട് മരണം വരെ ആസ്ഥാനത്ത് തുടരുകയും ചെയ്തു.

CPI(M) ൻ്റെ ഒരു സാധാരണ പ്രവർത്തകനായി വന്ന് ,ലോക്കൽ കമ്മിറ്റി സെക്രട്ടറി ,ഏരിയ കമ്മിറ്റി മെമ്പർ ,CITU ചാലക്കുടി ഏരിയ സെക്രട്ടറി എന്നീ നിലകളിലൊക്കെ നിരവധി കാലം പ്രവർത്തിച്ചു. കൊരട്ടി പഞ്ചായത്തിൻ്റെ വൈസ് പ്രസിഡൻ്റ്, കൊരട്ടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളും അദേഹം അലങ്കരിച്ചിട്ടുണ്ട്.

ബാങ്കിൻ്റെ പ്രസിഡണ്ടായിരിക്കെ 2012 ആഗസ്റ്റ് 12 ന് ആകസ്മികമായി മേനോൻ നമ്മോട് എന്നെന്നേക്കുമായി വിട പറഞ്ഞു … കൊരട്ടിയിലെ സഹകരണ മേഖലയ്ക്കു ഒരു തീരാ നഷ്ടമായി… കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ച സ്വന്തം ബാങ്കിനെ ഇനിയും വളർത്താനുള്ള പ്രവർത്തനങ്ങൾക്ക് തന്റെ ഭരണ സമിതിയിലെ അംഗങ്ങളെ അദ്ദേഹം പ്രാപ്തമാക്കിയിരുന്നുവെന്നത് അദ്ദേഹത്തിന്റെ നേതൃപാടവത്തിന്റെ മറ്റൊരു തെളിവായി നിലനിൽക്കുന്നു…. വീട്ടിൽ അദ്ദേഹത്തെ കാണാൻ ആരു വന്നാലും ഒരു കപ്പ് കാപ്പി നൽകാതെ വിടുമായിരുന്നില്ല.

തികച്ചും ഒരു രാഷ്ട്രീയക്കാരനായിരുന്നെങ്കിലും എല്ലാ രാഷ്ട്രീയക്കാരോടും സ്നേഹത്തോടെ മാത്രമേ ഇടപഴകിയിരുന്നുള്ളു.
സത്യത്തിൻ്റെ പാതവിട്ട് ആരു നടന്നാലും പരസ്യമായി എതിർക്കുമായിരുന്നു. ശാസിക്കുമായിരുന്നു.
മേനോന് ശക്തമായ പിന്തുണയായിരുന്നു സഹധർമ്മിണി ശ്യാമള.
കമ്യൂണിസ്റ്റ് എന്ന വാക്കിനർത്ഥം ‘മനുഷ്യ സ്നേഹി’ എന്നാണെന്ന് തൻ്റെ ജീവിതം കൊണ്ട് അദ്ദേഹം തെളിയിച്ചു.അതുകൊണ്ടുതന്നെയല്ലേ ഇന്നും സഖാവ് അരവിന്ദാക്ഷമേനോൻ കൊരട്ടിയിലെ ജനങ്ങളുടെ ഹൃദയത്തിൽ ജീവിക്കുന്നത് നമ്മുടെ മേനോനായി.

Exit mobile version