N. I. തോമസ്
ഏകദേശം എട്ട് പതീറ്റാണ്ടു കാലത്തോളമായി കൊരട്ടിയുടെയും പരിസരപ്രദേശങ്ങളുടെയും വിദ്യാഭ്യാസ,സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിൽ നിർണായക സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന മഹദ്സ്ഥാപനമാണ് M A M Higher Secondary School, കൊരട്ടി.
കഴിഞ്ഞ ദിവസം വ്യക്തിപരമായ ഒരു ആവശ്യത്തിനു അവിടെ പോകേണ്ടി വന്നപ്പോൾ വളരെയധികം ഗൃഹാതുരത്ത്വവും അതോടൊപ്പം മധുരിക്കുന്ന കുറെ ഓർമകളും എന്റെ മനസ്സിലൂടെ കടന്നുപോയി.1974 ഇൽ പാസ്സായതിനു ശേഷം അധികമൊന്നും അവിടെ പോകാൻ അവസരം ലഭിച്ചിരുന്നില്ല.
അവിടെ പഠനം പൂർത്തിയാക്കിയ എത്രയോ വിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന്. ജീവിതത്തിന്റെ വ്യത്യസ്തമേഖലകളിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടാകും എന്ന് വെറുതെ ഓർത്തുപോയി. കാലത്തിന്റെ കുത്തൊഴുക്കിൽ മൺമറഞ്ഞുപോയ ഗുരുഭൂതന്മാരും സഹപാഠികളും എന്റെ മനസ്സിലൂടെ കടന്നു പോയി.
1942-43 കാലഘട്ടത്തിൽ കൊരട്ടി St.മേരീസ് പള്ളി മാനേജ്മെന്റിന്റെ കീഴിൽ, എറണാകുളം രൂപത മെത്രാപ്പൊലിത്തയായിരുന്ന മാർ കണ്ടത്തിൽ ആഗസ്തിനൊസ് പിതാവിന്റെ നാമധേയത്തിൽ സ്ഥാപിതമായ സ്കൂൾ വളർച്ചയുടെ പടവുകൾ ഓരോന്നായി അതിവേഗത്തിൽ പിന്നിടുകയായിരുന്നു. നെടുങ്കല്ലേൽ അച്ചൻ എന്ന് അറിയപ്പെട്ടിരുന്ന ഫാദർ തോമസ് നെടുങ്കല്ലേൽ ആയിട്ടുന്നു ഹെഡ്മാസ്റ്റർ. തുടക്കത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഉണ്ടായിരുന്നെങ്കിലും കോൺവെന്റ് സ്കൂൾ ആരംഭിച്ചപ്പോൾ ആൺകുട്ടികൾ മാത്രമായി.1947 ലെ ഒരു SSLC certificate ന്റെ കോപ്പി അടുത്തയിടെ കാണാനിടയായി.
നേടുങ്കല്ലേൽ അച്ഛന് ശേഷം ഫാദർ ജോസഫ് വിളങ്ങാട്ടിൽ (ഹെഡ്മാഷച്ചൻ) ആയിരുന്നു ഹെഡ്മാസ്റ്റർ. ഞങ്ങളുടെ കാലഘട്ടത്തിലും അദ്ദേഹമായിരുന്നു ഹെഡ്മാസ്റ്റർ. വിദ്യാർത്ഥികളുടെ പഠന പാഠ്യേതര കാര്യങ്ങളിൽ കർശനമായ അച്ചടക്കം നടപ്പിലാക്കുന്നതിൽ അദ്ദേഹം നിര്ബന്ധബുദ്ധിക്കാരനായിരുന്നു. അച്ചടക്കലംഘനത്തിന് കടുത്ത ശിക്ഷാനടപടികളും ഉറപ്പായിരുന്നു. അക്കാലത്തെ വിദ്യാർത്ഥികൾ ഷർട്ടിന്റെ ബട്ടൺ ഇടാതിരുന്നാലുള്ള അനുഭവം ഇന്നും ഭയത്തോടെ ഓർക്കുന്നുണ്ടാകും. ആദ്യകാലത്തുണ്ടായിരുന്ന മാമ്പിള്ളി മാഷ്, കൊളുവൻ മാഷ്,പണ്ഡിറ്റ് മാഷ്, പോൾ മാഷ് എന്നിവരുടെയൊക്കെ പേരുകൾ പറഞ്ഞു കേട്ടിട്ടുണ്ട്. ഞങ്ങളുടെ കാലഘട്ടത്തിൽ തോമസ് മാഷ് (നാലപ്പാട്ട്), തോമസ് മാഷ് (ഹിന്ദി), ജെയിംസ് മാഷ്, ജേക്കബ് മാഷ്, V U മാഷ്, ഇട്ടൂപ്പുമാഷ്, കാരേടൻ മാഷ്, പൊട്ടക്ക വര്ഗീസ് മാഷ്, പൊട്ടക്ക ജോസഫ് മാഷ്, K.C ജോസ് മാഷ് ദേവസ്സി മാഷ്, കുഞ്ഞിലോന മാഷ് യാക്കോബ് മാഷ് തുടങ്ങി എത്രയോ പേർ…
1971-72 കാലഘട്ടത്തിലായിരുന്നു ആദ്യത്തെ വിദ്യാർത്ഥി സമരം. പിരിച്ചു വിട്ടു ഒരു വിദ്യാർത്ഥിയെ തിരിച്ചെടുക്കണം എന്ന ആവശ്യത്തിൽ തുടങ്ങിയ സമരം അവസാനം ഹെഡ്മാഷച്ചന്റെ രാജിയിലാണ് അവസാനിച്ചത്. അതിനുശേഷം പൊട്ടക്ക വര്ഗീസ് മാഷ് ആയിരുന്നു പ്രധാനാധ്യാപകൻ.
1967-68 ൽ English medium ക്ലാസ്സുകൾ ആരംഭിച്ചതിനു ശേഷം ചാലക്കുടിയിൽ നിന്നും മറ്റു ദൂരസ്ഥലങ്ങളിൽ നിന്നും ധാരാളം കുട്ടികൾ അഡ്മിഷൻഎടുക്കാൻ തുടങ്ങി.
സ്കൂളിലെ ധാരാളം പൂർവിദ്യാര്ഥികൾ സമൂഹത്തിലെ ഉയർന്ന നിലകളിൽ പ്രവർത്തിക്കുന്നു എന്നതും എല്ലാവർഷവും പ്രശസ്തവിജയം കൈവരിക്കുന്നു എന്നതും വളരെയധികം അഭിമാനാർഹമായ കാര്യമാണ്..
(ഓർമ്മയിൽ നിന്നും എഴുതിയതാണ്. തെറ്റുണ്ടെങ്കിൽ തിരുത്തുമല്ലോ)