ദേവദാസ് കടയ്ക്കവട്ടം
കാർഗിലിൽ ഇന്ത്യ വിജയക്കൊടി നാട്ടിയിട്ട് ഇന്നേക്ക് 21 വർഷം തികയുകയാണ്. മൂന്ന് മാസം നീണ്ടു നിന്ന യുദ്ധത്തിനൊടുവിൽ 1999 ജൂലൈ 26-ന് കാർഗിൽ മഞ്ഞു മലകൾക്കിടയിൽ നിന്ന് പാക്കിസ്താൻ പട്ടാളത്തെ തുരത്തി ഇന്ത്യൻ ദേശീയ പതാക അവിടെ നാട്ടിയപ്പോൾ രാജ്യം അഭിമാനത്തിന്റെ ഉത്തുംഗശൃംഗത്തിലെത്തി.
യുദ്ധം ആർക്കും ആത്യന്തിക വിജയം നൽകുന്നില്ല എന്നത് വാസ്തവം തന്നെയാണ്. ഒരു പാട് രാജ്യസ്നേഹികളുടെ ജീവഹാനി, കടുത്ത സാമ്പത്തിക ബാധ്യത എന്നിവയാണ് യുദ്ധം നമുക്ക് നൽകുന്ന അനന്തരഫലങ്ങൾ. ഇതിഹാസത്തിലെ കുരുക്ഷേത്രവും ചരിത്രത്തിലെ മഹത്തായ കലിംഗയുദ്ധവുമെല്ലാം നമുക്ക് നൽകുന്ന പാഠങ്ങൾ അവയാണ്. എന്നാൽ സ്വന്തം രാജ്യത്തിന്റെ പരമാധികാരത്തിന് വെല്ലുവിളിയുയർത്തുന്ന ശത്രുവിനെ എതിരിടാതെ നിർവ്വാഹമില്ല. എല്ലായുദ്ധ നിയമങ്ങളും കൃത്യമായി പാലിക്കുന്ന രാജ്യമാണ് ഭാരതം. എന്നാൽ ബോധപൂർവ്വം ഈ രാജ്യത്തിന്റെ സമാധാനം തകർക്കാൻ ശ്രമിക്കുന്നവരെ വേണ്ട സമയത്ത് നിലക്ക് നിർത്താനും ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. മറ്റൊരു രാജ്യത്തിന്റെ കൈവശമുള്ള ഭൂമി പിടിച്ചടക്കാനുള്ള ശ്രമം ഒരു തരം വൃത്തികെട്ട ആർത്തിയാണ്. പാക്കിസ്താന്റെ ഈ ശ്രമമാണ് കാർഗിൽ യുദ്ധത്തിലേക്ക് നയിച്ചത്.
നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് കാശ്മീർ തീവ്രവാദികളും പാക്കിസ്താൻ പട്ടാളവും നുഴഞ്ഞ് കയറുകയായിരുന്നു. യുദ്ധം കലാപകാരികളുടെ സൃഷ്ടിയാണെന്ന് പാക്കിസ്താൻ ആദ്യം പറഞ്ഞെങ്കിലും പിന്നീട് അവരുടെ പങ്ക് ബോധ്യപ്പെട്ടു. ഇന്ത്യൻ വായുസേനയുടെ പിൻബലത്തോടെ കരസേന നടത്തിയ ആക്രമണങ്ങളും അന്താരാഷ്ട്ര സമ്മർദ്ദങ്ങളും നിയന്ത്രണരേഖയിൽ നിന്ന് പിൻമാറാൻ പാക്കിസ്ഥാനെ നിർബന്ധിതമാക്കി. ഇന്ത്യൻ സൈന്യത്തിലെ 527 സൈനികർ രാജ്യത്തിന് വേണ്ടി വീരചരമം പ്രാപിച്ചു.
പാക്കിസ്ഥാന്റെ ഭാഗത്ത് 4000 ത്തോളം പേർ കൊല്ലപ്പെട്ടു. യുദ്ധാനന്തരം പാക്കിസ്ഥാനിൽ വർദ്ധിച്ചതോതിലുള്ള സാമ്പത്തിക പ്രതിസന്ധിയും അരക്ഷിതാവസ്ഥയുമുണ്ടായി. 1999 ഒക്ടോബർ 12 ന് പാക്കിസ്താൻ പട്ടാള മേധാവി പർവ്വേസ് മുഷറഫ് പട്ടാള വിപ്ലവത്തിലൂടെ അധികാരം പിടിച്ചടക്കുകയും ചെയ്തു.
സമുദ്രനിരപ്പിൽ നിന്ന് വളരെയധികം ഉയർന്ന മേഖലയാണ് കാർഗിൽ. ഉയർന്ന മലനിരകൾ പോരാട്ടത്തിന് വലിയ തടസ്സം സൃഷ്ടിച്ചിരുന്നു.
ഇന്ത്യയും പാക്കിസ്ഥാനും ആണവശേഷി നേടിയതിന് ശേഷമുണ്ടായ ആദ്യയുദ്ധമായതിനാൽ ലോക രാജ്യങ്ങൾ ആശങ്കയോടെയാണ് കാർഗിൽ യുദ്ധത്തെ വീക്ഷിച്ചത്. അത് കൊണ്ട് തന്നെ യുദ്ധം നിർണ്ണായകവുമായി. ഓപ്പറേഷൻ വിജയ് എന്ന പേരിലാണ് ഇന്ത്യൻ സൈന്യം നീക്കം നടത്തിയത്. 1999 ജൂലൈ 14 ന് യുദ്ധത്തിൽ ഇന്ത്യ മേൽക്കെ നേടിയെന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ.ബി.വാജ്പേയ് പ്രഖ്യാപിച്ചു. ജൂലായ് 26 ന് കാർഗിൽ യുദ്ധം അവസാനിച്ചതായും ഭാരതം വിജയിച്ചതായും ഔദ്യോഗിക പ്രഖ്യാപനം വന്നു.
മഞ്ഞ് മലകളിൽ ജൻമനാടിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ഭാരതതത്തിന്റെ വീര പോരാളികളോടുളള ആദര സൂചകമായാണ് ജൂലൈ 26 കാർഗിൽ വിജയ ദിവസമായി ആചരിക്കുന്നത്. സ്വന്തം ജീവൻ തൃണവൽഗണിച്ച് സ്വന്തം കുടുംബം അനാഥമാകുമെന്നറിഞ്ഞിട്ടും രാജ്യത്തിന് വേണ്ടി സ്വയം അർപ്പിക്കാൻ മനസ്സുകൊണ്ടും ശരീരം കൊണ്ടും തയ്യാറായ ധീര ദേശാഭിമാനികളായ ഭാരതത്തിന്റെ വീര പുത്രൻമാരുടെ സ്മരണയ്ക്ക് മുൻപിൽ രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു… ജയ് ഭാരത്..