ദേവദാസ് കടയ്ക്കവട്ടം
” നിന്ന് കൈ നീട്ടിയാലെത്തുന്നിടത്തായി
മണ്ണിൽ നിൽക്കുന്ന മനുഷ്യന്ന് വിണ്ടലം !
ഒന്ന് ഞടുങ്ങി മറഞ്ഞുപോയ് താരകൾ
വിണ്ണിലൊളിച്ചു നടന്നു ചന്ദ്രക്കല
തൻ കുതിരപ്പുറത്തു ദ്ധതനായ് വന്നു
തങ്കപ്പിടിവാൾ ചുഴറ്റീ ദിനേശ്വരൻ “ – പ്രശസ്ത കവി വയലാർ രാമവർമ്മയുടേതാണീ ഉജ്വലമായ വരികൾ ..
ഹിമാലയം കീഴടക്കുന്ന മനുഷ്യനെക്കണ്ടപ്പോൾ ആകാശത്തിലെ നക്ഷത്രങ്ങൾക്കും ചന്ദ്രനും സൂര്യനും പിന്നെ സൃഷ്ടികർത്താവായ ദൈവത്തിനും വരെ വന്ന അമ്പരപ്പാണ് ഇതിലെ പ്രതിപാദ്യം! അതെ.. മനുഷ്യരാശി അവന്റെ യാത്രയുടെ തുടക്കത്തിൽ നിന്നും അനേകമനേകം കാതം മുമ്പിലേക്ക് കുതിച്ച് കൊണ്ടിരിക്കുകയാണ്. ജൂലായ് 21- ചാന്ദ്രദിനം. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും ജൂലൈ ഇരുപത്തിയൊന്നിന് ചാന്ദ്രദിനമായി ആചരിക്കുന്നു.
ശീതയുദ്ധക്കാലത്തെ ബഹിരാകാശമത്സരങ്ങളിൽ അമേരിക്ക വിജയക്കൊടി പാറിച്ച ദിവസമാണ് 1969 ജൂലായ് 21. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവർ ജൂലായ് 20 നാണ് ചന്ദ്രോപരിതലത്തിലെത്തിയത്. 21 ന് ആംസ്ട്രോങ് ആദ്യവും ആൽഡ്രിൻ രണ്ടാമതും ചന്ദ്രോപരിതലത്തിൽ ഇറങ്ങി നടന്നു. രണ്ടു പേരും കൂടി അമേരിക്കൻ കൊടി ചന്ദ്രോപരിതലത്തിൽ നാട്ടി. അവിടെ നിക്ഷേപിച്ച ലോഹത്തകിടിൽ ഇങ്ങിനെ എഴുതി. ” ഇവിടെ ഭൂഗ്രഹത്തിൽ നിന്നുള്ള മനുഷ്യൻ ചന്ദ്രനിൽ ആദ്യമായി കാൽ കുത്തി. സമസ്ത മാനവർക്കുമായി സമാധാനപരമായി എത്തിച്ചേർന്നു.”
ഈഗിൾ എന്ന ചാന്ദ്രപേടകത്തിൽ “പ്രശാന്തിയുടെ സമുദ്രം ” എന്ന സ്ഥലത്താണ് അവർ ഇറങ്ങിയത്. ഈ സമയം കൊളംബിയ എന്ന നിയന്ത്രണ പേടകത്തിൽ കോളിൻസ് ചന്ദ്രനെ പ്രദക്ഷിണം ചെയ്തു കൊണ്ടിരുന്നു. ജൂലായ് 21ഇന്ത്യൻ സമയം 1.47.40 ന് ഈഗിൾ പ്രശാന്ത സാഗരത്തിൽ ഇറങ്ങിയ നിമിഷത്തിൽ ആംസ്ട്രോങ്ങ് പറഞ്ഞ വാക്കുകൾ പ്രസിദ്ധമാണ് . ” ഒരു മനുഷ്യന് ഇതൊരു ചെറിയ അടി വെയ്പാണ്, എന്നാൽ മനുഷ്യവംശത്തിന് ഒരു ബൃഹത്തായ കുതിച്ച് ചാട്ടവും”.
1969 ജൂലായ് 24ന് ഇന്ത്യൻ സമയം 22.20.35 ന് അവരുടെ വാഹനം പസഫിക് സമുദ്രത്തിലിറങ്ങി. ഹെലികോപ്റ്ററിൽ ഇറങ്ങിയ അവർ ഹോർണറ്റ് എന്ന കപ്പലിൽ ജൻമനാട്ടിലെത്തിച്ചേർന്നു. തിരിച്ച് വന്നതിന് ശേഷം 18 ദിവസത്തേക്ക് അവർക്ക് ബാഹ്യലോകവുമായി അടുത്ത് പെരുമാറാൻ അനുവാദമുണ്ടായിരുന്നില്ല. ചന്ദ്രനിൽ നിന്ന് ഏതെങ്കിലും അജ്ഞാതമായ രോഗാണുവുമായാണ് അവർ വന്നിരിക്കുന്നതെങ്കിൽ മനുഷ്യരാശിയെത്തന്നെ അത് അപകടത്തിലാക്കുമെന്ന ഭയമായിരുന്നു ഇതിന് കാരണം. ഇന്നത്തെ കോവിഡ് പശ്ചാത്തലത്തിൽ 18 ദിവസത്തെ ക്വാറന്റൈൻ എന്ന് പറയാം! എത്ര ജാഗ്രതയോടെയുള്ള, ഉത്തരവാദിത്തപൂർവ്വമായ മുൻകരുതൽ!
ചരിത്രത്തിന്റെ ഏടുകളിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട ആ ധന്യദിനത്തിന്റെ ഓർമ്മയ്ക്കു മുൻപിൽ മനുഷ്യനെന്ന ‘ സംജ്ഞയിൽ അഭിമാന പുളകിതരായി നമുക്ക് നമിക്കാം…
(കടപ്പാട് – മലയാളം വിക്കിപ്പീഡിയ )