ദേവദാസ് കടയ്ക്കവട്ടം
സ്വന്തം രാജ്യത്തിലെ വർണ്ണവിവേചനത്തിനെതിരെ പോരാടി അവിടെത്തന്നെ പ്രസിഡന്റായി അധികാരമേൽക്കുക – ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായിരുന്ന നെൽസൺ മണ്ഡേലയ്ക്കാണ് ഈ അപൂർവ്വഭാഗ്യം ലഭിച്ചത്. പക്ഷേ ഈ പദവിയിലേക്ക് എത്തിച്ചേരാൻ അനേകം മുള്ളുകളും കല്ലുകളും നിറഞ്ഞ സമനിരപ്പല്ലാത്ത ഒരു പാട് ദൂരം അദ്ദേഹത്തിന് സഞ്ചരിക്കേണ്ടി വന്നു. സഹനത്തിന്റേയും യാതനയുടേയും പോരാട്ടത്തിന്റേയും പല പല ഭൂമികകളേയും പിറകിലാക്കേണ്ടിവന്നു.
ദക്ഷിണാഫ്രിക്കയിലെ തെമ്പു എന്ന ഗോത്രത്തിലെ രാജകുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ഏഴാമത്തെ വയസ്സിൽ വിദ്യാഭ്യാസമാരംഭിച്ച അദ്ദേഹത്തിന് ‘ നെൽസൺ’ എന്ന പേര് നൽകിയത് ഇംഗ്ലീഷ് ടീച്ചറായിരുന്നു. ഒഴിവുസമയങ്ങളിൽ ബോക്സിങ്ങും ദീർഘ ദൂര ഓട്ടവും അദ്ദേഹം പരിശീലിച്ചു. മെട്രിക്കുലേഷൻ വിജയിച്ചതിന് ശേഷം ഫോർട്ട് ഹെയർ സർവ്വകലാശാലയിൽ ഉപരിപഠനത്തിന് ചേർന്നു. പിതാവിന്റെ മരണശേഷം അദ്ദേഹത്തെ ദത്തെടുത്ത് വളർത്തിയ റീജന്റ് ജോൺ ഗിന്റാബ വിവാഹത്തിന് നിർബന്ധിച്ചതിനെത്തുടർന്ന് അദ്ദേഹം ജോഹന്നാസ് ബർഗ്ഗിലേക്ക് ഒളിച്ചോടിപ്പോയി.! സ്വന്തം വിവാഹം നിശ്ചയിച്ചതിൽ പ്രതിഷേധിച്ച് ഓടിപ്പോകുന്ന ലോക നേതാക്കളിൽ നെൽസൺ മണ്ഡേലയായിരിക്കും ഒരു പക്ഷേ, ഒന്നാമത്തെയും അവസാനത്തെയും വ്യക്തി!
ജോഹന്നാസ് ബർഗ്ഗിൽ ഒരു ഖനി കാവൽക്കാരനായി ജോലി നോക്കിത്തുടങ്ങി. എന്നാൽ അധികം താമസിയാതെതന്നെ ഈ ‘ഒളിച്ചോട്ടക്കാരനെ ‘ ജോലിയിൽ നിന്നും പിരിച്ച് വിട്ടു. പിന്നീട് ഒരു അഭിഭാഷകന്റെ ഗുമസ്തനായി ജോലി നോക്കി. ജോലിക്കിടയിൽത്തന്നെ അദ്ദേഹം നിയമ പഠനവും തുടങ്ങി. മറ്റൊരു കുടുബത്തോടൊപ്പം താമസിച്ചായിരുന്നു പഠനം. ഇവിടെ വച്ച് സാധാരണക്കാരുടെ ജീവിതങ്ങളെപ്പഠിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കറുത്തവർഗ്ഗക്കാരുടെ മോചനത്തിന് വേണ്ടി പോരാടാൻ അദ്ദേഹം തീരുമാനിക്കുന്നത് ഇവിടെ വച്ചാണ്. ഇവിടെ കമ്യൂണിസ്റ്റ്കാരായ സുഹൃത്തുക്കളുടെ സ്വാധീനം വളരെ വലുതായിരുന്നു.
നിയമബിരുദം പൂർത്തിയാക്കിയതിന് ശേഷം ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജന സംഘടയായ യൂത്ത് ലീഗിലൂടെ മണ്ഡേല രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായി. 1948 – ൽ എ.എൻ.സിയുടെ പ്രമുഖ സ്ഥാനത്തെത്തിച്ചേർന്നു. 1950-ൽ എ എൻ.സി.ദേശീയ എക്സിക്കുട്ടീവിലേക്കും തുടർന്ന് 1951-ലെ ദേശീയ സമ്മേളനത്തിൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ ദേശീയ പ്രസിഡന്റ് എന്ന സ്ഥാനത്തേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഈ കാലത്ത് കമ്യൂണിസത്തെക്കുറിച്ച് കൂടുതലറിയാൻ ശ്രമിച്ചു. വൈരുദ്ധ്യാത്മക ഭൗതികവാദത്തിൽ അദ്ദേഹം ആകൃഷ്ടനായി. 1952 – ൽ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോടും മറ്റു ചില ഇന്ത്യൻ സംഘടനകളോടുമൊപ്പം വർണ്ണവിവേചനത്തിനെതിരെയുള്ള നിയമ ലംഘന മുന്നേറ്റത്തിന് രൂപം നൽകി. ഇന്ത്യയിൽ ഗാന്ധിജി പിൻതുടർന്ന അക്രമരാഹിത്യ സമര മുറയാണ് ഇവിടെ ആദ്യം സ്വീകരിച്ചത്. കറുത്ത വർഗ്ഗക്കാർക്ക് വേണ്ടി അദ്ദേഹം ഒരു നിയമ സഹായ സ്ഥാപനം തുടങ്ങി.
1961 ൽ എ എൻ സി യുടെ സായുധ വിഭാഗമായ എം.കെ യുടെ തലവനായി. 1980-ൽ ഈ സംഘടനയുടെ ഗറില്ലയുദ്ധത്തിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു. വളരെക്കാലം അഹിംസാ മുറ കൊണ്ടുപോവാനാവില്ല എന്നായിരുന്നു മണ്ഡേലയുടെ വാദം. സംഘടനയുടെ നേതൃത്വത്തിൽചിലസ്ഥലങ്ങളിൽ ബോംബാക്രമണം വരെ നടത്തി.
1994 മെയ്മാസത്തിൽ ദക്ഷിണാഫ്രിക്കയുടെ ഭരണത്തലവനായി നെൽസൺ മണ്ഡേല അധികാരമേൽക്കുമ്പോൾ ആ രാജ്യത്തെ മാത്രമല്ല – ലോകമെമ്പാടുമുള്ള കറുത്ത വർഗ്ഗക്കാരുടെ ചിരകാല സ്വപ്നത്തിന്റെ സാക്ഷാത്ക്കാരമായി അത് മാറി. 1996-ൽ ഭാരതത്തിന്റെ പരമോന്നത ബഹുമതിയായ ‘ഭാരതരത്ന ‘അദ്ദേഹത്തിന് ലഭിച്ചു. 1993-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനവും നേടി. 2009 നവംബറിൽ അദ്ദേഹത്തിന്റെ ജൻമദിനമായ ജൂലായ് 18 ‘നെൽസൺ മണ്ഡേല ദിനമായി ഐക്യരാഷ്ട്ര പൊതുസഭ പ്രഖ്യാപിച്ചു.
ഗാന്ധിയൻ ആദർശങ്ങൾ മണ്ഡേലയെ വളരെയധികം സ്വാധീനിച്ചിരുന്നു. ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിവാക്കാനാവാത്ത വ്യക്തിയാണ് ഗാന്ധിജിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഗാന്ധി എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് പൊരുതി നേടിയ സ്വാതന്ത്ര്യമാണ് എ.എൻ.സിയുടെ പ്രചോദനമെന്നും അദ്ദേഹം പലവട്ടം പറഞ്ഞിട്ടുണ്ട്. 2018 ഡിസംബർ 5 ന് ജോഹന്നാസ് ബർഗ്ഗിലെ സ്വവസതിയിൽ വച്ച് ആ ഇതിഹാസതുല്യമായ ജീവിതത്തിന് തിരശ്ശീല വീണു. ദക്ഷിണാഫ്രിക്കയിലെ- അല്ല – ലോകത്തിലെ തന്നെ കറുത്തവരുടെ ദൈവത്തിന് അദ്ദേഹത്തിന്റെ ജൻമദിനത്തിൽ സ്മരണാഞ്ജലിയർപ്പിക്കുന്നു…