Site icon Ente Koratty

ഒരൊറ്റ ‘കുത്തില്‍’ യുട്യൂബ് പരസ്യങ്ങള്‍ ഒഴിവാക്കാം

യുട്യൂബ് തുറന്നാല്‍ ഒരു പരസ്യമെങ്കിലും കാണാതെ നമ്മള്‍ പോവാറില്ല. ഈ പരസ്യത്തില്‍ നിന്നെങ്ങനെ രക്ഷപ്പെടാമെന്ന് പലതവണ ആലോചിക്കുകയും ചെയ്തിട്ടുണ്ടാകും. യുട്യൂബിന് നേരിട്ട് പണംകൊടുത്ത് യുട്യൂബ് വരിക്കാരാവുകയാണ് ഒരുമാര്‍ഗ്ഗം. യുട്യൂബ് വീഡിയോ വിലാസത്തില്‍ നിസാരമായി ഒരു കുത്തിട്ട് പരസ്യത്തെ ഒഴിവാക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു റെഡ്ഡിറ്റ് യൂസര്‍.

റെഡ്ഡിറ്റിലെ unicorn4sale എന്ന യൂസറാണ് യുട്യൂബ് വീഡിയോകള്‍ പരസ്യമില്ലാതെ കാണുന്നതിനുള്ള എളുപ്പമാര്‍ഗ്ഗം പറഞ്ഞു തന്നിരിക്കുന്നത്. ആന്‍ഡ്രോയിഡ് പൊലീസാണ് ആദ്യം വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്. കമ്പ്യൂട്ടറുകളില്‍ മാത്രമല്ല സ്മാര്‍ട്ട്‌ഫോണുകളിലും ഈ എളുപ്പവഴി നടക്കുമെന്ന് പലരും അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്.

സാധാരണ യുട്യൂബ് വിലാസങ്ങള്‍ youtube.com/’വീഡിയോ വിലാസം’ എന്ന രീതിയിലാണ് കാണപ്പെടാറ്. ഇത് youtube.com./’വീഡിയോ വിലാസം’ എന്ന നിലയിലേക്ക് മാറ്റിയാല്‍ പരസ്യം ഒഴിവായിക്കിട്ടും. യുട്യൂബ് ഡോട്ട് കോമിന് ശേഷം സ്ലാഷിന് മുമ്പായിട്ടാണ് കുത്തിടേണ്ടത്. ഏത് വീഡിയോയാണോ പരസ്യം ഒഴിവാക്കി കാണേണ്ടത് ആ വീഡിയോയുടെ വിലാസത്തില്‍ ഈ രീതിയില്‍ കുത്തിട്ടാല്‍ പരസ്യം ഒഴിവാകും. അധികം വൈകാതെ ഈ ന്യൂനത യുട്യൂബ് പരിഹരിക്കാനും സാധ്യത ഏറെയാണ്.

Exit mobile version