Site icon Ente Koratty

64-ാം വയസിൽ നീറ്റ് നേടി എംബിബിഎസ് പഠനത്തിലേക്ക്; മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ ചരിത്രം കുറിച്ച് ജയ് കിഷോർ പ്രധാൻ

ഭുവനേശ്വർ: മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ ചരിത്രം കുറിച്ചിരിക്കുകയാണ് ജയ് കിഷൻ പ്രധാൻ എന്ന വിദ്യാര്‍ഥി. ഇതൊരു സാധാരണ വിദ്യാർഥിയല്ല. റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥനായ ജയ് കിഷോർ എന്നയാൾ തന്‍റെ അറുപത്തിനാലാം വയസിലാണ് നീറ്റ് പരീക്ഷ പാസായി ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയായി പ്രവേശനം നേടിയിരിക്കുന്നത്.

പ്രായത്തെ അവഗണിച്ചുള്ള പഠിക്കാനുള്ള ജയ് കിഷോറിന്‍റെ ആഗ്രഹത്തെ മെഡിക്കൽ വിദ്യാഭ്യാസ ചരിത്രത്തിലെ തന്നെ അപൂര്‍വ്വ സംഭവമായാണ് വിലയിരുത്തുന്നത്. തനിക്ക് ജീവനുള്ള കാലത്തോളം ആളുകളെ സേവിക്കണമെന്നാണ് തന്‍റെ ആഗ്രഹ സഫലീകരണത്തിന് കാരണമായി ജയ് പറയുന്നത്.

ഭിന്നശേഷിക്കാർക്കുള്ള സംവരണസീറ്റ് വഴി ഒഡീഷയിലെ വീർ സുരേന്ദ്ര സായ് യൂണിവേഴ്സിറ്റി ആൻഡ് ടെക്നോളജിയിലാണ് (VIMSAR) ജയ് കിഷൻ അഡ്മിഷൻ നേടിയത്. ‘രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ ചരിത്രത്തില്‍ ഒരു അപൂർവ്വ സംഭവമാണിത്. ഈ പ്രായത്തിലും മെഡിക്കൽ വിദ്യാര്‍ഥി ആയി പ്രവേശനം നേടി പ്രധാൻ ഒരു മാതൃക കാട്ടിയിരിക്കുകയാണ്’ എന്നാണ് യൂണിവേഴ്സിറ്റി ഡയറക്ടർ ലളിത് മെഹർ പ്രതികരിച്ചത്.

എസ്ബിഐയിൽ നിന്നും വിരമിച്ച പ്രധാൻ, ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് നീറ്റ് പരീക്ഷ എഴുതിയത്. പ്രായപരിധി സംബന്ധിച്ച് സുപ്രീം കോടതിയിൽ ഹർജി നിലനിൽക്കുന്നതിനാൽ നീറ്റിന് നിലവിൽ ഉയർന്ന പ്രായപരിധിയില്ല. പരീക്ഷയിൽ നല്ല സ്കോർ നേടി തന്നെയാണ് സർക്കാറിന്‍റെ കീഴിലുള്ള VIMSAR ൽ പ്രവേശനം നേടിയതും.

ഇരട്ട പെണ്‍കുട്ടികളുടെയും ഒരു മകന്‍റെയും പിതാവാണ് കിഷോർ. 2016 ല്‍ മകളെ മെഡിക്കൽ എൻട്രൻസ് പരീക്ഷക്കായി സഹായിക്കുന്നതിനിടെയാണ് എന്തു കൊണ്ട് തനിക്കും പരീക്ഷ എഴുതിക്കൂടായെന്ന തോന്നല്‍ വന്നതെന്നാണ് ജയ് കിഷോർ പറയുന്നത്. ഫാർമസിസ്റ്റായ ഭാര്യയും പിന്തുണ നൽകി’. എംബിബിഎസ് പഠനം പൂർത്തിയാകുമ്പോഴേക്കും ജയ് കിഷോറിന് എഴുപത് വയസാകും. പ്രായം തനിക്ക് വെറുമൊരു സംഖ്യ മാത്രമാണെന്നാണ് ഇയാൾ പറയുന്നത്. ജീവനുള്ളത് വരെ ആളുകളെ സേവിക്കണമെന്നും ആവർത്തിക്കുന്നു.

Exit mobile version