ഇംഗ്ലണ്ട് പര്യടത്തിനുള്ള പാകിസ്താൻ ദേശീയ ടീമിലെ ഏഴ് താരങ്ങൾക്ക് കൂടി കൊവിഡ് ബാധ. ഫഖർ സമാൻ, മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്, മുഹമ്മദ് റിസ്‌വാൻ, മുഹമ്മദ് ഹസ്നൈൻ, ഇമ്രാൻ ഖാൻ, കാഷിഫ് ഭട്ടി എന്നിവർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മൂന്ന് താരങ്ങൾക്ക് കൊവിഡ് റിസൽട്ട് പോസിറ്റീവായിരുന്നു. ഇതോടെ ആകെ 10 പാക് താരങ്ങൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പാക് ക്രിക്കറ്റ് ബോർഡ് ഇക്കാര്യം സ്ഥിരീകരിച്ചു.
ടീമിലെ ഒരു സപ്പോർട്ട് സ്റ്റാഫിനും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. 29 അംഗ ടീമിലെ 10 പേരും കൊവിഡ് ബാധയേറ്റ് പുറത്തായതിനാൽ ഇംഗ്ലണ്ട് പര്യടനം സംശയത്തിലായിരിക്കുകയാണ്. കൊവിഡ് സ്ഥിരീകരിച്ച എല്ലാ താരങ്ങളോടും ഐസൊലേഷനിൽ കഴിയാൻ പിസിബി നിർദ്ദേശിച്ചു. ഈ താരങ്ങൾ ഒഴികെയുള്ളവർ ജൂൺ 24നു ലാഹോറിൽ എത്തി 28ന് ഇംഗ്ലണ്ടിലേക്ക് തിരിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നവർ രോഗമുക്തരായാൽ വീണ്ടും പരിശോധന നടത്തി ടീമിലേക്ക് വിളിക്കും. ആദ്യ ടെസ്റ്റ് ആരംഭിക്കുന്നതിനു മുൻപ് അഞ്ച് തവണ താരങ്ങളെ പരിശോധനക്ക് വിധേയരാക്കുമെന്ന് പിസിബി അറിയിച്ചു.
ഓൾറൗണ്ടർ ഷദബ് ഖാൻ, പേസർ ഹാരിസ് റൗഫ് എന്നിവർക്കൊപ്പം കഴിഞ്ഞ വർഷത്തെ അണ്ടർ-19 ലോകകപ്പ് കളിച്ച ബാറ്റ്സ്മാൻ ഹൈദർ അലിക്കുമാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്.
ജൂലായ് 30നാണ് പാകിസ്താൻ്റെ ഇംഗ്ലീഷ് പര്യടനം ആരംഭിക്കുക. മൂന്ന് ടെസ്റ്റുകളും മൂന്ന് ടി-20കളും അടങ്ങുന്ന പര്യടനം സെപ്തംബർ 2ന് അവസാനിക്കും. ജൂലായ് എട്ട് മുതൽ വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ടിൽ പര്യടനം നടത്തും. വിൻഡീസ് താരങ്ങൾ പര്യടനത്തിനായി ഇംഗ്ലണ്ടിൽ എത്തിയിട്ടുണ്ട്. മൂന്ന് ടെസ്റ്റുകൾ അടങ്ങുന്ന പരമ്പര ജൂലായ് 28 ന് അവസാനിക്കും.