Site icon Ente Koratty

ലോകത്തിലെ ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിന് കൊവിഡ് പോസിറ്റീവ്

ലോകത്തിലെ ഒന്നാം നമ്പർ ടെന്നിസ് താരമായ നൊവാക് ജോക്കോവിച്ചിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ജോക്കോവിച്ച് ക്രൊയേഷ്യയിൽ സംഘടിപ്പിച്ച ടൂർണമെൻ്റിൽ പങ്കെടുത്ത പല താരങ്ങൾക്കും കൊവിഡ് പോസിറ്റീവ് ആയിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിനും കൊവിഡ് ബാധ സ്ഥിരീകരിച്ചത്. താരത്തിനും ഭാര്യ ജെലെനക്കും കൊറോണ പോസിറ്റീവാണ്.

ക്രൊയേഷ്യയിൽ അഡ്രിയ ടൂർ ടെന്നിസ് ടൂർണമെൻ്റ് സംഘടിപ്പിച്ച ജോക്കോവിച്ചിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. നേരത്തെ ടൂർണമെൻ്റിൽ പങ്കെടുത്ത ക്രൊയേഷ്യൻ താരം ബോർന കോറിച്, ബൾഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ് എന്നിവർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ദിമിത്രോവിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ടൂര്‍ണമെന്റ് റദ്ദാക്കിയിരുന്നു എങ്കിലും രോഗം വ്യാപിക്കുകയാണ്. കഴിഞ്ഞ ദിവസം ജോക്കോവിചിൻ്റെ സഹോദരനും കൊവിഡ് സ്ഥിരീകരിച്ചു.

താൻ വാക്സിനേഷന് എതിരാണെന്ന പരസ്യ പ്രഖ്യാപനം നടത്തിയ ജോക്കോവിച് നേരത്തെ വിവാദത്തിൽ പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് താരം എക്സിബിഷൻ ടൂർണമെൻ്റ് നടത്തിയത്. സാമൂഹ്യ അകലം പാലിക്കാതെ നടത്തിയ ടൂർണമെൻ്റിൽ കാണികളും എത്തി. ഇവർ കളിക്കാരുമായി അടുത്ത് ഇടപഴകുകയും ചെയ്തിരുന്നു. ജോക്കോവിചിൻ്റെ രണ്ട് സപ്പോർട്ടിംഗ് സ്റ്റാഫിനും കൊവിഡ് പോസിറ്റീവാണ്. മക്കൾക്ക് നെഗറ്റീവാണ്.

വൈറസ് ബാധ കുറഞ്ഞ സമയത്താണ് ടൂർണമെൻ്റ് സംഘടിപ്പിച്ചതെന്ന് ജോക്കോവിച് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ടൂർണമെൻ്റ് നടത്താനുള്ള അന്തരീക്ഷം ഉണ്ടാവുമെന്ന് കരുതി. പക്ഷേ, നിർഭാഗ്യവശാൽ അപ്പോഴും വൈറസ് ബാധ ഉണ്ടായിരുന്നു. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. വരുന്ന 14 ദിവസം ഐസൊലേഷനിലായിരിക്കുമെന്നും ജോക്കോവിച് പറയുന്നു.

Exit mobile version