Site icon Ente Koratty

ലിവര്‍പൂളിന് എവര്‍ട്ടന്റെ സമനില കുരുക്ക്

അടുത്ത മത്സരം ജയിച്ച് ലിവര്‍പൂളിന് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കണമെങ്കില്‍ ഇനി മാഞ്ചസ്റ്റര്‍ സിറ്റി കൂടി കനിയണം…

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 103 ദിവസത്തെ ഇടവേളക്കുശേഷം കളത്തിലിറങ്ങിയ ലിവര്‍പൂളിന് സമനില. അയല്‍ക്കാരായ എവര്‍ട്ടനുമായുള്ള മെര്‍സിസൈഡ് ഡെര്‍ബിയില്‍ ആര്‍ക്കും ഗോള്‍ നേടാനായില്ല. രണ്ട് വിജയം മാത്രം അകലെ കിരീടം സ്വപ്‌നം കണ്ടിറങ്ങിയ ലിവര്‍പൂളിന് ഇതോടെ അടുത്തകളിയില്‍ കിരീടം ഉറപ്പിക്കണമെങ്കില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മത്സര ഫലം കൂടി അനുകൂലമാകണം.

ആദ്യ 29 മത്സരങ്ങളില്‍ 27ഉം ജയിച്ച് ലിവര്‍പൂള്‍ അതിവേഗം കിരീടത്തിലേക്ക് കുതിക്കുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി കോവിഡിനെ തുടര്‍ന്ന് പ്രീമിയര്‍ ലീഗ് മൂന്ന് മാസത്തേക്ക് നിര്‍ത്തിവെച്ചത്. ഇപ്പോഴിതാ നിര്‍ത്തിയടത്തു നിന്നും തുടരാനുള്ള ലിവര്‍പൂളിന്റെ ആദ്യ ശ്രമം സമനിലയില്‍ അവസാനിച്ചിരിക്കുന്നു. ജയിക്കാനായില്ലെങ്കിലും ലിവര്‍പൂളിനെ അത്ര നിരാശപ്പെടുത്തുന്നതല്ല ഈ മത്സരഫലം.

അവര്‍ കൂടുതല്‍ സജ്ജരായിരുന്നുവെന്നും മികച്ച ഗോള്‍ അവസരങ്ങള്‍ ലഭിച്ചതും എവര്‍ട്ടനായിരുന്നു എന്നായിരുന്നു മത്സരശേഷം ക്ലോപിന്റെ പ്രതികരണം. ഈ മത്സരത്തില്‍ ഞങ്ങള്‍ അര്‍ഹിച്ചത് ഒരുപോയിന്റാണെന്നും ക്ലോപ് തുറന്നു പറഞ്ഞു. എവര്‍ട്ടന്റെ ഗൂഡിസണ്‍ സ്‌റ്റേഡിയത്തില്‍ നടന്ന ലിവര്‍പൂളുമായുള്ള അവസാനത്തെ എട്ട് കളികളില്‍ ഏഴും സമനിലയിലാണ് അവസാനിച്ചത്.

മത്സരത്തില്‍ കൂടുതല്‍ സമയം പന്തു കൈവശം വെച്ചതും നിയന്ത്രിച്ചതും ലിവര്‍പൂളായിരുന്നെങ്കിലും കൂടുതല്‍ തവണ ഗോളിനടുത്തെത്തിയത് എവര്‍ട്ടനായിരുന്നു. മത്സരം തീരാന്‍ 11 മിനുറ്റു മാത്രം ബാക്കി നില്‍ക്കെ ഗോളി അലിസനേയും മറികടന്ന ടോം ഡേവിസിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങുന്നത് ഏവരും ശ്വാസം അടക്കിപിടിച്ചാണ് കണ്ടത്. കളിയുടെ അവസാന പാദത്തില്‍ ലിവര്‍പൂള്‍ ഗോള്‍ വഴങ്ങാതിരുന്നത് ബ്രസീലിയന്‍ ഗോളി അലിസന്റെ പ്രകടനം കൊണ്ട് മാത്രമാണ്.

മുന്നേറ്റക്കാരന്‍ മുഹമ്മദ് സലായും പ്രതിരോധതാരം ആന്‍ഡി റോബര്‍ട്ടസണും ഇല്ലാതെയാണ് ലിവര്‍പൂള്‍ കളിക്കാനിറങ്ങിയത്. സലായുടെ അസാന്നിധ്യം ലിവര്‍പൂളിന്റെ ഫിനിഷിംഗില്‍ പ്രകടമായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയും ബേണ്‍ലിയും തമ്മിലുള്ള മത്സരത്തില്‍ സിറ്റി തോല്‍ക്കുകയോ സമനിലയിലാവുകയോ ചെയ്താല്‍ അടുത്ത കളിയില്‍ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് ജേതാക്കളാകും. ജൂണ്‍ 24ന് ക്രിസ്റ്റല്‍ പാലസുമായാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം.

Exit mobile version