കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടി വന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വീണ്ടും ആരംഭിച്ചപ്പോള്‍ ആദ്യ മത്സരം തന്നെ വിവാദത്തില്‍. അസ്റ്റണ് വില്ല, ഷെഫീല്‍ഡ് യുണൈറ്റഡ് മത്സരത്തില്‍ പന്ത് ഗോള്‍ വര കടന്നിട്ടും സാങ്കേതികവിദ്യ ഗോള്‍ അനുവദിക്കാതിരുന്നതാണ് വിവാദമായത്. വൈകാതെ പ്രീമിയര്‍ ലീഗില്‍ ഗോള്‍ ലൈന്‍ സാങ്കേതികവിദ്യയുടെ ചുമതലയുള്ള ഹോക്ക് ഐ കമ്പനി നിരുപാധികം മാപ്പു പറഞ്ഞ് രംഗത്തെത്തുകയും ചെയ്തു.
മത്സരത്തിലെ 42ാം മിനുറ്റിലായിരുന്നു നാടകീയ സംഭവങ്ങള്‍. ഷെഫീല്‍ഡ് യുണൈറ്റഡിന്റെ ഒലിവര്‍ നോര്‍വുഡിന്റെ ഫ്രീകിക്കിനൊപ്പം ഗോളിയും പന്തും ഗോള്‍ വര കടന്ന് ഉള്ളിലെത്തി. വില്ലയുടെ ഗോളി അപ്പോഴും തഞ്ചത്തിനൊപ്പിച്ച് പന്ത് പുറത്തേക്ക് പിടിച്ചതോടെ സംശയമായി. ഗോളിനു വേണ്ടി വാദിച്ച് ഷെഫീല്‍ഡ് താരങ്ങള്‍ റഫറിയെ സമീപിച്ചു. ഗോള്‍ വര കടന്നുവെന്ന ഗോള്‍ ലൈന്‍ സാങ്കേതികവിദ്യയുടെ സൂചന ലഭിക്കാതിരുന്നതോടെ റഫറി ഗോള്‍ അനുവദിച്ചില്ല.
പിന്നീടുള്ള റീ പ്ലേകളില്‍ പന്ത് വലക്കുള്ളിലായെന്ന് വ്യക്തമായിരുന്നു. ഈ മത്സരം ഗോള്‍ രഹിത സമനിലയിലാണ് അവസാനിച്ചത്. കളി ജയിച്ചിരുന്നെങ്കില്‍ ആറാം സ്ഥാനത്തുള്ള ഷെഫീല്‍ഡ് യുണൈറ്റഡിന് അഞ്ചാംസ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മറികടക്കാമായിരുന്നു. ഇപ്പോള്‍ ഷെഫീല്‍ഡ് യുണൈറ്റഡിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും 29 കളികളില്‍ നിന്നും യഥാക്രമം 44ഉം 45ഉം പോയിന്റുകളാണുള്ളത്.
സാങ്കേതിക വിദ്യയുടെ പിഴവാണ് ഇത്തരമൊരു തെറ്റിന് കാരണമെന്ന് ചൂണ്ടിക്കാണിച്ച് വൈകാതെ ഹോക്ക് ഐ രംഗത്ത് വരികയും ചെയ്തു. ഷെഫീല്‍ഡ് യുണൈറ്റഡിനോടും പ്രീമിയര്‍ ലീഗ് അധികൃതരോടും അവര്‍ പിഴവിന് നിരുപാധികം മാപ്പു ചോദിക്കുകയും ചെയ്തിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ അസ്റ്റണ് വില്ലയുടെ പോസ്റ്റിലെ ഏഴ് ക്യാമറകളും ഓഫായിരുന്നുവെന്നാണ് കമ്പനിയുടെ ഔദ്യോഗിക വിശദീകരണം. ഒമ്പതിനായിരം കളികളില്‍ ഒരിക്കല്‍ മാത്രമേ ഇങ്ങനെ സംഭവിച്ചിട്ടുള്ളൂവെന്നും മത്സരത്തിന് മുമ്പ് റഫറി ഗോള്‍ ലൈന്‍ സാങ്കേതികവിദ്യ പരിശോധിച്ചതാണെന്നും ഹോക്ക് ഐ വിശദീകരിക്കുന്നു.