ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ഐഎം വിജയന് പത്മശ്രീ നാമനിർദ്ദേശം. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് വിജയന് വിജയനെ നാമനിർദ്ദേശം ചെയ്തത്. 2003ൽ അദ്ദേഹത്തിന് അർജുന പുരസ്കാരം ലഭിച്ചിരുന്നു.
ഇന്ത്യയിലെ ആദ്യ ഫുട്ബോൾ സൂപ്പർ സ്റ്റാർ എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന കേരളത്തിൻ്റെ ഐ എം വിജയൻ 1992ലാണ് ആദ്യമായി ഇന്ത്യൻ ജേഴ്സി അണിയുന്നത്. 92നും 2003നും ഇടയിൽ 79 മത്സരങ്ങളിലാണ് വിജയൻ ഇന്ത്യക്കായി ബൂട്ടണിഞ്ഞത്. 79 മത്സരങ്ങളിൽ നിന്നായി 40 തവണ അദ്ദേഹം എതിരാളികളുടെ വല കുലുക്കി. ബൈച്ചുംഗ് ബൂട്ടിയക്കൊപ്പം മുന്നേറ്റ നിരയിൽ കൊടുങ്കാറ്റ് സൃഷ്ടിച്ച അദ്ദേഹം 11 വർഷമാണ് ഇന്ത്യക്കായി കളിച്ചത്.
1992, 97, 2000 എന്നീ വർഷങ്ങളിൽ മൂന്ന് തവണ ഐഎഫ്എഫ് പ്ലേയർ ഓഫ് ദി ഇയറായിരുന്നു അദ്ദേഹം. സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ കപ്പിൽ, ഭൂട്ടാനെതിരെ കളി തുടങ്ങി 12ആം മിനിട്ടിൽ ഗോൾ വല ചലിപ്പിച്ച അദ്ദേഹം രാജ്യാന്തര തലത്തിലെ ഏറ്റവും വേഗതയേറിയ ഗോൾ സ്കോറർമാരുടെ പട്ടികയിലും ഇടം നേടിയിട്ടുണ്ട്. 2006ലാണ് അദ്ദേഹം രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിക്കുന്നത്.
ഐനി വളപ്പിൽ മണി വിജയൻ എന്ന ഐഎം വിജയൻ 1987ൽ കേരള പൊലീസിലൂടെയാണ് ഫുട്ബോൾ രംഗത്ത് എത്തിയത്. തൃശൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സോഡ വിറ്റ് നടന്ന പയ്യൻ പിന്നീട് ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൻ്റെ തന്നെ തലപ്പത്തേക്കാണ് നടന്നു കയറിയത്, മോഹൻ ബഗാൻ, എഫ്സി കൊച്ചിൻ, ഈസ്റ്റ് ബംഗാൾ, ചർച്ചിൽ ബ്രദേഴ്സ് തുടങ്ങി മികച്ച ഇന്ത്യൻ ക്ലബുകളിലും കളിച്ചിട്ടുണ്ട്.