ഐഎസ്എൽ ക്ലബ് എടികെയും ഐലീഗ് ക്ലബ് മോഹൻ ബഗാനും ലയിച്ച് ഒരു ക്ലബായി മാറിയത് രണ്ട് മാസങ്ങൾക്ക് മുൻപായിരുന്നു. വരുന്ന സീസൺ മുതൽ ഐഎസ്എല്ലിൽ തുടരാനാണ് ക്ലബിൻ്റെ തീരുമാനം. ഇപ്പോൾ ക്ലബിൻ്റെ പേരും തീരുമാനം ആയിട്ടുണ്ട്. എടികെ-മോഹൻ ബഗാൻ എന്നാവും ഈ ക്ലബ് അറിയപ്പെടുന്നതെന്ന് പ്രമുഖ കായിക മാധ്യമമായ ഗോൾ റിപ്പോർട്ട് ചെയ്യുന്നു. ഈ പുതിയ പേരിലാവും ക്ലബ് ഐഎസ്എല്ലിൽ കളിക്കുക. അതേ സമയം, വാർത്തക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല.
എടികെ കൊൽക്കത്തയുടെ ഉടമകളായ ആർപിഎസ്ജി ഗ്രൂപ്പ് മോഹൻ ബഗാനെ വാങ്ങിയതോടെയാന് രണ്ട് ക്ലബുകളും ഒന്നായി മാറിയത്.
മൂന്ന് തവണ ലീഗ് ചാമ്പ്യന്മാരായ ചരിത്രമാണ് എടികെയ്ക്ക് ഉള്ളത്. 2014, 2016, 2019 സീസണുകളിലാണ് എടികെ ഐഎസ്എൽ ചാമ്പ്യന്മാരായത്. 2015ൽ സെമിഫൈനലിലും ടീം എത്തിയിരുന്നു. 130 വർഷങ്ങളുടെ പാരമ്പര്യവുമായി ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള ക്ലബുകളിൽ ഒന്നാണ് മോഹൻ ബഗാൻ. അഞ്ച് തവണയാണ് ബഗാൻ ലീഗ് ജേതാക്കളായത്. ഫെഡറേഷൻ കപ്പ് 14 തവണയും ഡ്യൂറൻഡ് കപ്പ് 16 തവണയും ക്ലബ് സ്വന്തമാക്കിയിട്ടുണ്ട്.