Site icon Ente Koratty

ടിനു യോഹന്നാന്‍ കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍

മുൻ ഇന്ത്യൻ താരം മലയാളി പേസ് ബോളർ ടിനു യോഹന്നാനെ കേരള രഞ്ജി ടീമിന്റെ പരിശീലകനായി നിയമിച്ചു. ഡേവ് വാട്മോറിന്റെ പിൻഗാമിയായാണ് ടിനു കേരള രഞ്ജി ടീമിന്റെ പരിശീലക സ്ഥാനത്തെത്തുന്നത്. രാജ്യാന്തര ക്രിക്കറ്റിൽ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞ ആദ്യ കേരള താരമാണ് ടിനു യോഹന്നാന്‍.

ആഭ്യന്തരസീസണിൽ കേരള ക്രിക്കറ്റ് ടീം മോശം പ്രകടനം നടത്തിയതിനു പിന്നാലെയാണ് ഡേവ് വാട്മോർ പരിശീലക സ്ഥാനമൊഴിഞ്ഞത്. കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി 2017ലാണ് വാട്മോർ ചുമതലയേറ്റത്. ആദ്യ സീസണിൽ തന്നെ രഞ്ജി ട്രോഫിയിൽ കേരളം ക്വാർട്ടർ ഫൈനലിലെത്തി. കഴിഞ്ഞ വർഷം കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമിയിലുമെത്തി. വമ്പൻമാരെ അട്ടിമറിച്ചായിരുന്നു കേരളത്തിന്റെ കുതിപ്പ്.

ഇംഗ്ലണ്ടിനെതിരെ 2001 ഡിസംബര്‍ മൂന്നിന് ഇന്ത്യ കളിക്കാനിറങ്ങിയപ്പോഴാണ് ടിനു യോഹന്നാന്‍ അരങ്ങേറ്റം കുറിച്ചത്. 2002 മെയ് 29നായിരുന്നു ഏകദിനത്തിലെ അരങ്ങേറ്റം. വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു അത്.

ഏകദിനത്തിലും ടെസ്റ്റിലുമായി അഞ്ച് വിക്കറ്റുകളാണ് വലംകയ്യന്‍ മീഡിയം ഫാസ്റ്റ് ബൗളറുടെ അക്കൗണ്ടിലുള്ളത്. ഇന്ത്യക്ക് വേണ്ടി ടിനു മൂന്ന് ടെസ്റ്റുകളില്‍ ജേഴ്‌സി അണിഞ്ഞു. 2009ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയും ഈ മലയാളി താരം കളിച്ചിരുന്നു.

നാഷനൽ ക്രിക്കറ്റ് അക്കാദമിയുടെ മാതൃകയിൽ കേരളത്തിലെ ക്രിക്കറ്റ് താരങ്ങളെ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് കെസിഎ ആലപ്പുഴയിൽ ആരംഭിച്ച ഹൈ പെർഫോമൻസ് സെന്ററിന്റെ (എച്ച്പിസി) പ്രഥമ ഡയറക്ടറാണ്. ലോങ്ജംപിൽ ഏഷ്യൻ റെക്കോർഡുകാരനായിരുന്ന ഒളിംപ്യൻ ടി.സി യോഹന്നാന്റെ മകനാണ് ടിനു.

Exit mobile version