Site icon Ente Koratty

ഒന്നര ലക്ഷം ഹൈഡ്രോക്‌സ് ക്ലോറോക്വിൻ; കോവിഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം

കൊച്ചി: കൊറോണ വൈറസ് പ്രതിരോധ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഒന്നര ലക്ഷം ഹൈഡ്രോക്‌സ് ക്ലോറോക്വിൻ ഗുളികകൾ കൂടി സർക്കാരിന് സംഭാവന ചെയ്തു. നേരത്തെ നൽകിയ ഒരു ലക്ഷം  ഗുളികൾക്ക് പുറമെയാണിത്.

ഹൈദരാബാദിലെ ലോറസ് ലബോറട്ടറീസ് ലിമിറ്റഡിന്റെ സഹായത്തോടെ സമാഹരിച്ച രണ്ടര ലക്ഷം ഗുളികകൾ സംസ്ഥാനത്തെ 25,000 ത്തോളം ആരോഗ്യ പ്രവർത്തകർക്കാണ് നൽകുന്നത്.

ക്ലബ്ബ് ഭാരവാഹികൾ വ്യവസായ മന്ത്രി ഇ പി ജയരാജന് ഗുളികകൾ കൈമാറി. ഈ മഹാമാരിയുടെ സമയത്ത് സഹജീവികളുടെ സുരക്ഷയ്ക്കായി ജീവൻ പണയപ്പെടുത്തി പ്രവർത്തിക്കുന്ന എല്ലാ മുൻനിര ജീവനക്കാരുടെയും ധൈര്യം തിരിച്ചറിയുന്നതിനും അവർക്ക് നന്ദി പ്രകടിപ്പിക്കുന്നതിനുമായി, ക്ലബ്ബിന്റെ ഡിജിറ്റൽ, സോഷ്യൽ മീഡിയ പേജുകൾ വഴി കെബിഎഫ്സി ‘#സല്യൂട്ട്അവർഹീറോസ്’ എന്ന പേരിൽ ഒരു കാമ്പയിനും ആരംഭിച്ചു.

“ദുഷ്‌കരമായ സാഹചര്യങ്ങളിൽ സമൂഹത്തിനായി എല്ലാവരെയും ഒരുമിപ്പിക്കുന്നതിനായി വർത്തിക്കുക എന്നതിലാണ് ഒരു ഫുട്‌ബോൾ ക്ലബിന്റെ സ്പിരിറ്റ്‌ നിലനിൽക്കുന്നത്. ഇതുപോലുള്ള സമയങ്ങളിൽ, കളിക്കാരുടെ ട്രാൻസ്ഫർ, കരാറുകളുടെ ദീർഘിപ്പിക്കൽ തുടങ്ങിയവയേക്കാൾ  സമൂഹത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിനാണ് ക്ലബ് പ്രാധാന്യം നൽകുന്നത്.  1.5 ലക്ഷം പ്രതിരോധ ഗുളികകൾ സംഭാവന ചെയ്തതിലൂടെ കെ‌ബി‌എഫ്‌സി, ഫുട്‌ബോളിന് പുറമേ, കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും കേരള സമൂഹത്തിനോടുള്ള അഭേദ്യമായ  പ്രതിബദ്ധത ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു”, കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഉടമ നിമ്മഗദ്ദ പ്രസാദ് പറഞ്ഞു.

2018 ലെ പ്രളയ കാലത്തും ക്ലബ്ബ് നിരവധി ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഇതിനു പുറമെ  കെബിഎഫ്സിയുടെ നിക്ഷേപകരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു.

Exit mobile version