കോവിഡിനെ തുടർന്ന് നിർത്തിവെച്ചിരുന്ന ഫുട്ബോള്‍ ലീഗുകൾ പുനരാരംഭിച്ചു. ജർമന്‍ ബുണ്ടസ് ലീഗിൽ കഴിഞ്ഞ ദിവസം ആറ് മത്സരങ്ങളാണ് നടന്നത്. പ്രധാന പോരാട്ടത്തില്‍ ബൊറൂസിയ ഡോട്ട്മുണ്ട് ഷാൽകെയെ എതിരില്ലാത്ത നാല് ഗോളിന് തോൽപ്പിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട സ്റ്റേഡിയങ്ങള്‍ വീണ്ടും തുറക്കുകയാണ്. ബയേണ്‍ മ്യൂണിക്കും ബൊറൂസിയ ഡോട്ട്മുണ്ടുമെല്ലാം കളിക്കുന്ന ബുണ്ടസ് ലീഗിലാണ് ഇന്ന് മുതൽ വീണ്ടും പന്തുരുണ്ടത്. താരങ്ങളും പരിശീലകരും മറ്റ് സ്റ്റാഫുമടക്കം കുറച്ചുപേര്‍ മാത്രമാണ് സ്റ്റേഡിയത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം നടന്ന സുപ്രധാന മത്സരത്തിൽ ബൊറൂസിയ ഡോട്ട്മുണ്ട് ഷാൽകെയെ എതിരില്ലാത്ത നാല് ഗോളിന് തോൽപ്പിച്ചു. ബൊറൂസിയക്ക് വേണ്ടി 12 മത്സരങ്ങൾ കളിച്ച ഹാലണ്ടിന്റെ വകയായിരുന്നു ആദ്യ ഗോൾ. പിന്നെ തുടരെത്തുടരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍.
ജയത്തോടെ ബൊറൂസിയ ഡോട്ട്മുണ്ട് ഒന്നാം സ്ഥാനത്തുള്ള ബയേണ്‍ മ്യൂണിക്കിന് തൊട്ടു പിന്നിലെത്തി. മെയ് ഏഴിന് ജർമന്‍ ചാന്‍സിലർ അനുമതി നല്‍കിയതോടെയാണ് ലീഗ് പുനരാരംഭിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായത്. കഴിഞ്ഞ ദിവസം മറ്റ് അഞ്ച് മത്സരങ്ങള്‍ കൂടി നടന്നിരുന്നു. ഈ മാസം അവസാനത്തോടെ മറ്റ് പ്രധാന ലീഗുകള്‍ കൂടി പുനരാരംഭിക്കും. കോവിഡിനിടയിലും ഇത് വലിയ പ്രതീക്ഷയാണ് ഫുട്ബോള്‍ ആരാധകര്‍ക്ക് നൽകുന്നത്.