കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്ത് നിന്ന് എൽകോ ഷട്ടോറിയെ പുറത്താക്കാൻ തീരുമാനിച്ച് ടീം മാനേജ്മെന്റ്. കഴിഞ്ഞ സീസണിൽ ടീമിനെ പരിശീലിപ്പിച്ച ഷട്ടോറിക്ക് പകരം ഈ സീസണിൽ ഐലീഗ് ടീമായ മോഹൻ ബഗാന്റെ പരിശീലകനായിരുന്ന കിബു വിക്കൂന ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനാകും. ഇക്കാര്യം ഉറപ്പായെന്നും, ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് വൈകുന്നതെന്നുമാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്.
കഴിഞ്ഞ ദിവസം നിയമിതനായ ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസാണ്, വിക്കൂനയെ ബ്ലാസ്റ്റേഴ്സിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതെന്നാണ് സൂചന. നേരത്തെ ജംഷദ്പൂർ എഫ് സിയുമായും, വിക്കൂനയുടെ പേര് പറഞ്ഞ് കേട്ടിരുന്നെങ്കിലും, സ്കിൻകിസിന്റെ നീക്കങ്ങൾ വിക്കൂനയെ കേരളാ ബ്ലാസ്റ്റേഴ്സിലെത്തിക്കുകയായിരുന്നു.
48 കാരനായ വിക്കൂനയ്ക്ക് കീഴിൽ ഇത്തവണത്തെ ഐലീഗിൽ മോഹൻ ബഗാൻ തകർപ്പൻ പ്രകടനമാണ് കാഴ്ച വെച്ചത്. 4 മത്സരങ്ങൾ ബാക്കി നിൽക്കേ ബഗാനെ ഐലീഗ് ചാമ്പ്യന്മാരാക്കിയ ഈ സ്പാനിഷ് പരിശീലകന് കീഴിൽ മോഹൻ ബഗാനിലെ ഇന്ത്യൻ താരങ്ങളുടെ പ്രകടനവും ഏറെ മെച്ചപ്പെട്ടിരുന്നു. സി. എ ഒസാസൂനയെ കളി പഠിപ്പിച്ച് പരിശീലക ജോലി തുടങ്ങിയ വിക്കൂന, വിവിധ പോളിഷ് ക്ലബ്ബുകളുടേയും പരിശീലകനായിരുന്നു. തന്റെ സ്വന്തം പരിശീലക സംഘത്തേയും വിക്കൂന ബ്ലാസ്റ്റേഴ്സിൽ ഒപ്പം കൂട്ടുമെന്നാണ് റിപ്പോർട്ടുകൾ. പോളിഷ് സഹ പരിശീലകൻ ടൊമാസ് കോർസ്, ലിത്വാനിയൻ ഫിസിക്കൽ ട്രെയിനർ എന്നിവർ ഉൾപ്പെടെയാകും ഇത് എന്നാണ് സൂചന.