Site icon Ente Koratty

അക്‌സറിന് പുറമെ സിഎസ്‌കെ ക്യാമ്പിലും കോവിഡ്

ഡല്‍ഹി കാപിറ്റല്‍സ് താരം അക്‌സര്‍ പട്ടേലിന് കോവിഡ് ബാധിച്ചതിന് പിന്നാലെ ചെന്നൈ സൂപ്പര്‍കിങ്‌സ് ക്യാമ്പിലും കൊറോണ വൈറസ് ബാധ. സിഎസ്‌കെ സ്റ്റാഫ് അംഗത്തിനാണ് കോവിഡ് ബാധിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. കളിക്കാരുമായി ഇദ്ദേഹത്തിന് ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സിഎസ്‌കെ അവരുടെ പതിവ് പരിശീലനം ഇന്നും നടത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിലും ചെന്നൈ ക്യാമ്പില്‍ കോവിഡ് പടര്‍ന്നിരുന്നു. കളിക്കാരുള്‍പ്പെടെ 13 പേര്‍ക്കാണ് അന്ന് കോവിഡ് ബാധിച്ചിരുന്നത്.

ഈ സീസണ്‍ ഐ.പി.എല്‍ ആരംഭിക്കാന്‍ ഏഴ് ദിവസം മാത്രം ബാക്കിയിരിക്കെ കൊറോണ വൈറസ് ബാധിക്കുന്ന ആദ്യ കളിക്കാരനാണ് അക്‌സര്‍ പട്ടേല്‍. നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം നിതീഷ് റാണക്ക് കോവിഡ് ബാധിച്ചിരുന്നെങ്കിലും ഒരാഴ്ചക്ക് ശേഷം നെഗറ്റീവായി.ഐപിഎല്ലുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ക്ക് മുമ്പായിരുന്നു റാണക്ക് വൈറസ് ബാധയേറ്റത്. ഈ മാസം 9നാണ് 2021 ഐപിഎല്‍ ആരംഭിക്കുന്നത്. ഏപ്രില്‍ 10ന് റിഷബ് പന്ത് നയിക്കുന്ന ഡല്‍ഹി കാപിറ്റല്‍സിനെതിരെയാണ് ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ആദ്യ മത്സരം.

അതേസമയം ഐ.പി.എൽ വേദികളിലൊന്നായ മുബൈ വാങ്കഡെ സ്റ്റേഡിയത്തിലെ എട്ട് ഗ്രൗണ്ട് സ്റ്റാഫുകൾക്ക് കോവിഡ് സ്ഥിരീകരിച്ചതും ആശങ്കയായി. ഒമ്പത് ജീവനക്കാരെ ടെസ്റ്റ് ചെയ്തപ്പോഴാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഐ.പി.എല്ലിന്‍റെ ഭാഗമായി എല്ലാ ജീവനക്കാർക്കും കോവിഡ് ആർടി-പിസിആർ പരിശോധന നിർബന്ധമാക്കിയിരുന്നു. ഏപ്രിൽ 10 മുതൽ 25 വരെയാണ് മുബൈയിൽ ഐപിഎൽ മത്സരങ്ങൾ നടക്കുക. കാണികളില്ലാതെ വാങ്കഡെയിൽ തന്നെ മത്സര നടത്തുമെന്നാണ് ബിസിസിഐ നിലപാട്.

Exit mobile version