Site icon Ente Koratty

നാലാം ടി20യില്‍ ഇംഗ്ലണ്ടിനെ തറ പറ്റിച്ച് ഇന്ത്യ

ആവേശകരമായ നാലാം ടി20യില്‍ ഇംഗ്ലണ്ടിനെ തറപറ്റിച്ച് ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 8 വിക്കറ്റിന് 177 റണ്‍സേ എടുക്കാനായുള്ളു. ജേസണ്‍ റോയ്(40), ബെന്‍ സ്റ്റോക്സ്(46), ബെയര്‍സ്റ്റോ(25) എന്നിവരുടെ മികച്ച ബാറ്റിങ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയെങ്കിലും ഇന്ത്യന്‍ ബൌളര്‍മാര്‍ അത് യാഥാര്‍ത്ഥ്യമാക്കിയില്ല.

ഇന്ത്യക്കായി ശാര്‍ദുല്‍ ഠാക്കൂര്‍ മൂന്ന് വിക്കറ്റും, ഹാര്‍ദ്ദിക് പാണ്ഡ്യ, രാഹുല്‍ ചഹര്‍ എന്നിവര്‍ രണ്ടും ബുവനേശ്വര്‍ കുമാര് ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ, നിശ്ചിത 20 ഓവറില്‍ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തു. ആദില്‍ റഷീദിന്‍റെ ആദ്യ പന്ത് തന്നെ സിക്സര്‍ പറത്തിയാണ് രോഹിത്തും ഇന്ത്യയും ഇന്നിങ്സ് ആരംഭിച്ചത്. നാലാം ഓവറില്‍ ജോഫ്രാ ആര്‍ച്ചറുടെ കൈകളിലേക്ക് വന്ന ഒരു റിഫ്ലക്ഷന്‍ ക്യാച്ചിലൂടെ ഹിറ്റ്മാന്‍ പവലിയണിലേക്ക് മടങ്ങി. ശേഷം വന്നത് സൂര്യകുമാര്‍ യാദവായിരുന്നു. താന്‍ ഇന്‍റര്‍ണാഷണല്‍ കരിയറില്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്സര്‍ പറത്തി സൂര്യ ഏവരെയും അമ്പരപ്പിച്ചു. സ്വപ്ന തുല്യമായ തുടക്കം.

കഴിഞ്ഞ കളികളിലൊന്നും ഫോം കണ്ടെത്താതെ പുറത്തായ കെ.എല്‍ രാഹുലിന് 14 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. പിന്നീട് വന്ന നായകന്‍ വിരാട് കോഹ്‍ലി ഒരു റണ്‍സ് മാത്രമെടുത്ത് ആദില്‍ റഷീദിന് മുന്നില്‍ മുട്ടുമടക്കി. 57 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിനെ സാം കറണ്‍ പുറത്താക്കി. 30 റണ്ണെടുത്ത റിഷഭ് പന്തിനെ ആര്‍ച്ചര്‍ ക്ലീന്‍ ബൌള്‍ഡാക്കി. ശ്രേയസ് അയ്യര്‍ 18 പന്തില്‍ നിന്നും 37 റണ്‍സെടുത്തു.

ഇംഗ്ലണ്ടിനായി ജോഫ്രാ ആര്‍ച്ചര്‍ നാല് വിക്കറ്റ് വീഴ്ത്തി. ബെന്‍ സ്റ്റോക്സ്, സാം കറണ്‍, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര 2-2 എന്ന നിലയിലാണ്. അവസാന മത്സരം വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

Exit mobile version