വിജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കാതെ ഒഡീഷക്കെതിരെ കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ആദ്യ പകുതിയിൽ ലഭിച്ച മികച്ച അവസരങ്ങൾ മുതലാക്കാത്തതാണ് ബ്ലാസ്റ്റേഴ്സിന് വിനയായത്. രണ്ട് ഗോള്‍ വീതമടിച്ചാണ് ടീമുകള്‍ സമനില പാലിച്ചത്. ഒഡീഷക്കായി സൂപ്പർ താരം ഡീഗോ മൗറീഷ്യോ ഇരട്ട ഗോള്‍ നേടി. കേരളത്തിനായി മുറേയും ഹൂപ്പറും സ്കോര്‍ ചെയ്തു.
ആദ്യ പകുതിയുടെ അവസാന നിമിഷമാണ് ഒഡീഷയുടെ ആദ്യ ഗോള്‍ പിറന്നത്. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ ജെറി നൽകിയ പാസ്സിൽ നിന്ന് ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയെ മറികടന്ന് മൗറീഷ്യോ ഗോള്‍ നേടുകയായിരുന്നു. ഈ സീസണിലെ മുറേയുടെ എട്ടാം ഗോളായിരുന്നു അത്.
കളിയുടെ 52ാം മിനുട്ടില്‍ മുറെയിലൂടെ ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോള്‍ വന്നു. സമനില നേടിയ ശേഷം ഉണര്‍ന്നു കളിച്ച ബ്ലാസ്റ്റേഴ്സ് 68ാം മിനുട്ടില്‍ വീണ്ടും ലക്ഷ്യം കണ്ടു. ഗാരി ഹൂപ്പറാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിനായി വല കുലുക്കിയത്. സഹലിന്റെ മനോഹര അസിസ്റ്റ് അനായാസമായി ഹൂപ്പർ വലയിൽ എത്തിക്കുകയായിരുന്നു. പക്ഷെ നേടിയ ലീഡ് മുതലെടുക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. മുന്‍ മല്‍സരങ്ങളിലേത് പോലെ ലീഡ് നേടിയ ശേഷവും ബ്ലാസ്റ്റേഴ്സ് ഗോള്‍ വഴങ്ങുകയായിരുന്നു.
മൗറീഷ്യോ തന്നെയാണ് രണ്ടാം ഗോളും നേടിയത്. സീസണിലെ ഒന്‍പതാം ഗോളാണ് മൗറീഷ്യോ സ്കോര്‍ ചെയ്തത്. ഒഡീഷ നേടിയ രണ്ടു ഗോളുകളിലും കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻഡിംഗിലെ ദയനീയത വ്യക്തമായിരുന്നു. രണ്ടാം ഗോൾ വഴങ്ങിയതോടെ ആത്മവിശ്വാസം തകർന്ന കേരള ബ്ലാസ്റ്റേഴ്സിന് പിന്നെ കളിയില്‍ തിരിച്ചുവരാന്‍ സാധിച്ചില്ല. സമനിലയോടെ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു. 16 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ ഇപ്പോള്‍ ഒമ്പതാം സ്ഥാനത്താണ്.