Site icon Ente Koratty

ഐപിഎൽ ലേലം; ഷോർട്ട് ലിസ്റ്റ് ചെയ്ത താരങ്ങളിൽ ശ്രീശാന്ത് ഇല്ല

ഫെബ്രുവരി 18നു നടക്കുന്ന ഐപിഎൽ ലേലത്തിൽ ആകെ ഉണ്ടാവുക 292 താരങ്ങൾ. ബിസിസിഐ ആണ് പട്ടിക പുറത്തുവിട്ടത്. 7 വർഷം നീണ്ട വിലക്കിനു ശേഷം പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തിരികെ എത്തിയ മലയാളി താരം ശ്രീശാന്ത് ഷോർട്ട്ലിസ്റ്റ് ചെയ്ത പട്ടികയിൽ ഇല്ല. ഒരു ഫ്രാഞ്ചൈസിയും താരത്തിൽ താത്പര്യം കാണിച്ചില്ലെന്നാണ് വിവരം.

1114 താരങ്ങൾ ആണ് ലേലത്തിൽ പങ്കെടുക്കാൻ താത്പര്യം അറിയിച്ച് പേര് രജിസ്റ്റർ ചെയ്തത്. ഈ പട്ടികയിലുള്ള 292 താരങ്ങളിൽ വിവിധ ഫ്രാഞ്ചൈസികൾ താത്പര്യം അറിയിക്കുകയായിരുന്നു. ഇതിൽ 164 ഇന്ത്യൻ താരങ്ങളും 125 വിദേശ താരങ്ങളും അസോസിയേറ്റ് രാജ്യങ്ങളിലെ മൂന്ന് താരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.

സച്ചിൻ ബേബി, മുഹമ്മദ് അസ്‌ഹറുദ്ദീൻ, വിഷ്ണു വിനോദ്, എസ് മിഥുൻ, നിഥീഷ് എംഡി, ഗണേഷ് റോജിത് എന്നീ താരങ്ങളാണ് കേരളത്തിൽ നിന്ന് ഐപിഎൽ ലേലത്തിൽ പങ്കെടുക്കുക. എല്ലാവരുടെയും അടിസ്ഥാന വില 20 ലക്ഷം രൂപയാണ്. ഓൾറൗണ്ടർ ജലജ് സക്സേനയ്ക്ക് ഇടം ലഭിച്ചില്ല.

രണ്ട് ഇന്ത്യൻ താരങ്ങളാണ് 2 കോടി രൂപ അടിസ്ഥാന വില ഇട്ടിരിക്കുന്നത്. ഹർഭജൻ സിംഗ്, കേദാർ ജാദവ് എന്നിവരെ കൂടാതെ ഓസീസ് താരങ്ങളായ ഗ്ലെൻ മാക്സ്‌വൽ, സ്റ്റീവ് സ്മിത്ത് എന്നിവരും ഇംഗ്ലണ്ട് താരങ്ങളായ മൊയീൻ അലി, സാം ബില്ലിംഗ്സ്, ലിയാം പ്ലങ്കറ്റ്, ജേസൻ റോയ്, മാർക്ക് വുഡ് എന്നിവരും ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനും ഏറ്റവും ഉയർന്ന അടിസ്ഥാന വില നിശ്ചയിച്ചിട്ടുണ്ട്.

ഒരു കോടി രൂപ അടിസ്ഥാന വിലയിൽ ഹനുമ വിഹാരി, ഉമേഷ് യാദവ് എന്നീ ഇന്ത്യൻ താരങ്ങൾ ഉണ്ട്.

Exit mobile version